ചുവപ്പുകോട്ടയിലെ ജനകീയ സമരം; നിതാന്ത ജാഗ്രതയിൽ ഇപി; തിരുവാ എതിർവാ

മുഖ്യമന്ത്രി പിണറായി വിജയന് ചെറിയൊരു ബൈപ്പാസ് സര്‍ജറി നല്‍കാന്‍ പ്രധാനമന്ത്രി നാളെയെത്തും. മോദി കാണാനാണോ എന്നറിയില്ല പിണറായി ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിട്ടുണ്ട്. പ്രധാനമന്ത്രി കാണാനായിരുന്നെങ്കില്‍ ട്വിറ്ററില്‍ ഇട്ടുകൂടാരുന്നോ എന്ന സംശയമൊക്കെ ഉയരുന്ന പശ്ചാത്തലത്തില്‍ സംശയങ്ങളൊന്നുമില്ലാതെ തുടങ്ങുകയാണ് ഇന്നത്തെ തിരുവാ എതിര്‍വാ

കൊല്ലം ജില്ലയിലെ ആലപ്പാട്ട് ഒരു ജനകീയ സമരം നടക്കുകയാണ്. കരിമണല്‍ ഖനനത്തിനെതിരായാണ് പട.  ചുവപ്പുകോട്ട എന്നു വിളിക്കാവുന്ന ബോള്‍ഷെവിക്കുകള്‍ ഉള്‍പ്പെടെ വിപ്ലവ സിംഹങ്ങള്‍ തലങ്ങും വിലങ്ങും പാറുന്ന കൊല്ലം ജില്ലയില്‍ ഇടതുസര്‍ക്കാര്‍ ഭരിക്കുമ്പോളാണ് ഭൂ ഖനനത്തിനെതിരെ ഒരു സമരം. സമരമുഖം എന്നാല്‍ സ്വോഭാവികമായും അത്യന്തം ടെന്‍ഷനും വിഷമവുമൊക്കെയുള്ള അന്തരീക്ഷമാണ്. 

അത് തിരിച്ചറിയുന്ന ജനകീയ സര്‍ക്കാരാണ് ഇവിടം ഭരിക്കുന്നത് എന്നു മറക്കരുത്. വിഷയം പഠിച്ച മുഖ്യമന്ത്രി അന്വേഷിച്ചു. സംഗതി വ്യവസായ വകുപ്പിനു കീഴില്‍ വരുന്ന വിഷയമാണ്. ഉടന്‍തന്നെ സഖാവ് ഇപി ജയരാജന് സമരക്കാരുടെ ടെന്‍ഷന്‍ കുറക്കാന്‍ നിര്‍ദേശം നല്‍കി. അതുവരെ മസിലുപിടിച്ചുനിന്നിരുന്ന ആലപ്പാട് സമരത്തെക്കുറിച്ചുള്ള ട്രോളുകള്‍ക്ക് പിന്നെ  പൊട്ടിച്ചിരിയുടെ സ്വഭാവമായി. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് വിശ്രമിക്കാന്‍ സമയമില്ല. പണ്ടൊക്കെ പ്രതിപക്ഷത്തിന് ഭരണപകഷത്തെ മാത്രം പ്രതിരോധിച്ചാല്‍ മതിയായിരുന്നു. ചെന്നിത്തലയുടെ തലമുറ വന്നപ്പോള്‍ അത്ര ഈസിയല്ല കാര്യങ്ങള്‍. സര്‍ക്കാരിന്‍റെ വീഴ്ച നോക്കണം. ബിജെപിയുടെ അടിതടകള്‍ പ്രതിരോധിക്കണം. എല്ലാത്തിനുമുപരിയായി താന്‍ സംഘപരിവാറിനു കുട പിടിക്കുന്നവനാണെന്ന ആരോപണങ്ങള്‍ ഖണ്ഡിക്കണം. 

വല്ലവിധേനെയും ഈ പ്രശ്നങ്ങള്‍ എല്ലാം ഒന്നൊതുക്കി വിശ്രമിക്കാനിരിക്കുമ്പോള്‍ അടുത്ത പണി വരും. ആലപ്പാട് വിഷയം വന്നപ്പോള്‍ കടുത്ത വെയിലിനെ നേരിട്ട് തീരത്തു പോകേണ്ടിവന്നു രമേശിന്. എന്തുചെയ്യാം പണി ഇതായിപ്പോയില്ലേ

ഇനിയാണ് ശരിക്കും ഇപി ഫോമിലേക്കുയരാന്‍ പോകുന്നത്. കൊല്ലത്തെ സമരത്തില്‍ തിരച്ചില്‍ നടത്തിയ ഇപിക്ക് അവിടെ ആലപ്പാടുകാരെ കണികാണാന്‍ കിട്ടിയില്ല. 

കരിമണലലിന്‍റെ പേരില്‍ കൈയ്യിട്ടുവാരാന്‍ വന്നവര്‍ മലപ്പുറത്തുകാരാണ് എന്നായിരുന്നു ഇപിയുടെ റഡാറില്‍ തെളിഞ്ഞത്. പറയാനുള്ളത് വടക്ക് തെക്കു നോക്കാതെ പറയുന്നതിന് ഇപിയോഫോബിയ എന്നൊരു പ്രയോഗംത്തന്നെ ആരോഗ്യവകുപ്പ് ആലോചിച്ചുവരുന്നുണ്ട്. മലപ്പുറത്തുകാര്‍ക്കുള്ള വ്യവസായ വകുപ്പിന്‍റെ സമ്മാനം.

കടലില്ലാത്ത നാട്ടുകാര്‍ കടലിനെക്കുറിച്ച് പറയരുതത്രേ. ഇത് അംഗീകരിക്കാം. പക്ഷേ ചില ചോദ്യങ്ങള്‍ക്ക് മറുപടി ഇടതുപക്ഷം നല്‍കണം എന്നുമാത്രം. ഈ പോളിസിയനുസരിച്ചാണ് കാര്യങ്ങളെങ്കില്‍ എന്തിനാണ് കണ്ണൂരുകാരനായ ആയില്യത്ത് കുറ്റിയാരി ഗോപാലന്‍ എന്ന എകെജി ഇടുക്കിയിലെ അമരാവതിയില്‍ സമരം നയിച്ചത്. 

ഒരു മലപോലുമില്ലാത്ത ആലപ്പുഴയില്‍നിന്നുള്ള  വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്തിനാണ് മതികെട്ടാനിനെപ്പറ്റി സംസാരിച്ചത്. കാടും മലയും കയറിയത്. അപ്പോ പിന്നെ മലപ്പുറത്തുകാര്‍ക്ക് ആലപ്പാട് എന്നല്ല എവിടെയും വരാം സംസാരിക്കാം. 

അതെ അവസാനത്തെ വേണ്ടിയിരുന്നില്ല. എങ്കിലും മോശം പറയുന്നില്ല ഗംഭീരമായിരുന്നു ആ മലപ്പുറം കഥയും കടല്‍ കവിതയും. താനും തന്‍റെ വകുപ്പും നിതാന്ത ജാഗ്രതയിലാണെന്നാണ് ഇപി പറയുന്നത്. അത് ശരിയാണെന്ന് എല്ലാവര്‍ക്കും അറിവുള്ളതുമാണ്. 

പാര്‍ട്ടിക്കു പോലും. പണ്ട് പാര്‍ട്ടി പ്ലീനം ചേര്‍ന്നപ്പോള്‍ ദേശാഭിമാനിയുടെ ഒന്നാം പോജില്‍ ചാക്ക് രാധാകൃഷ്ണന്‍റെ ആശംസ അച്ചടിച്ച് വിറ്റ ജാഗ്രതയക്ക നമ്മള്‍ എങ്ങനെ മറക്കാന്‍. വകുപ്പിനു കീഴിലുള്ള നിയമന സമയത്താണ് അവസാനമായി ആ ജാഗ്രത കാണാന്‍ കഴിഞ്ഞത്

കെ മുരളീധരന്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായിരുന്നു.  ഒരു പാര്‍ട്ടി അധ്യക്ഷന്‍റെ മനസ് പാര്‍ട്ടി അധ്യക്ഷനായിരുന്ന മറ്റൊരാള്‍ക്കല്ലാതെ ആര്‍ക്കാണ് തിരിച്ചറിയാനാവുക. അതുകൊണ്ടാണ് കോടിയേരി പാര്‍ട്ടിയില്‍ ഒന്നാമനല്ലാത്തത് മുരളിയെ വേദനിപ്പിക്കുന്നത്. 

കോടിയേരിക്കുവേണ്ടി പിണറായിയെ രണ്ടു പറയാനും മുരളി മനസ് കാണിച്ചു. കാര്‍ഡിയോ തെറാപ്പിയില്‍ ഡോക്ടറേറ്റുള്ള മുരളിയുടെ ഈ വര്‍ഷത്തെ കണ്ടുപിടുത്തമാണ് ഓട്ടചങ്ക്. ഇരട്ട ചങ്കിനെക്കുറിച്ചുള്ള റസര്‍ച്ചാണ്് ഒടുവില്‍ ഓട്ടച്ചങ്കിന്‍റെ കണ്ടെത്തലിന് മുരളിയെ സഹായിച്ചത്.

പെന്‍ഷനാകുന്ന പൊലീസുകാര്‍ പ്രാണ രക്ഷാര്‍ത്ഥം ശിഷ്ട ജീവിതം ബിജെപ്പിക്കായി ഉഴിഞ്ഞു വയ്ക്കുമെന്ന്  ബിജെപി നേതാവ് എംടി രമേശ് വെളിപ്പെടുത്തിയിരുന്നു.  കാക്കി ഊരിവയ്ക്കാനുള്ള ബുദ്ധിമുട്ട് ഇവര്‍ക്ക് കശലായുള്ളതിനാല്‍ അഥിനുള്ള പ്രശ്നപരിഹാരമായി ഡോക്ടര്‍മാര്‍ സംഘപരിവാരും നിര്‍ദേശിക്കുന്നതാണെന്നും ചില ശാസ്ത്രീയ റിപ്പോര്‍ട്ടുകളുണ്ട്. 

സംഗതി എന്തുതന്നെയാണെങ്കിലും മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍ പെന്‍ഷനായ ശേഷവും കാക്കിയിട്ടു. പണ്ട് സംസ്ഥാനത്തിന്‍റഎ രഹസ്യാന്വേഷണ മേധാവിയായിരുന്നതിനാലാവണം രഹസ്യങ്ങളിലാണ് ഇപ്പോളും താല്‍പ്പര്യം. ആരും പറയാത്ത ചില പറച്ചിലുകള്‍ പുളളി പറഞ്ഞുതരും.

ഇതിനപ്പുറത്ത് ഇന്നിനി എന്തു പറയാന്‍ . അപ്പോ ശിവലിങ്കം സംബന്ധിച്ച സംശയങ്ങള്‍ക്കുള്ള മറുപടി സെന്‍കുമാര്‍ തുടര്‍ന്നും പ്രക്ഷേപണം ചെയ്യും എന്നു വിശ്വസിച്ചുകൊണ്ട് നിര്‍ത്തുന്നു.