എന്‍ഡിഎയിൽ നല്ലകാര്യം നടക്കുമ്പോൾ കുരുത്തക്കേട് കാട്ടി വെള്ളാപ്പള്ളി ആന്‍ഡ് സണ്‍

ജ്യോതീം വന്നു പുകയും വന്നു. ഇനി മതില് ഉയര്‍ന്നാ മാത്രം മതി. ദീപം കൊളുത്തുന്നത് ഭാരതീയ സംസ്കാരപ്രകാരം അ‍ജ്ഞതയില്‍ നിന്ന് ജ്ഞാനത്തിലേക്ക് മനുഷ്യനെയും ലോകത്തേയും കൈപിടിച്ചുയര്‍ത്താനാണ്. അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്കുള്ള ഒരു പരിവര്‍ത്തനം. സാധാരണ ഹിന്ദുകുടുംബങ്ങളില്‍ സൂര്യാസ്തമയനേരത്ത് ദീപം തെളിയിക്കും. അതൊരു ആചാരമാണ്. 

വൈദ്യുതി ഒക്കെ വന്ന് എല്ലായിടത്തും ബള്‍ബും വെളിച്ചവും ഉണ്ടെങ്കിലും അതൊക്കെ ഓഫ് ചെയ്ത് ഇരുട്ടാക്കി ദീപം തിരിതെളിയിക്കുന്ന രീതിവരെയുണ്ട്. കാലം മാറുമ്പോള്‍ ആചാരങ്ങളെ നിലനിര്‍ത്താന്‍ അങ്ങനെയൊക്കെ ചെയ്യാം. നാട്ടിലെ ഉദ്ഘാടനച്ചടങ്ങുകളൊക്കെ ഇത്തരത്തില്‍ നിലവിളക്കൊക്കെ കൊളുത്തി തുടങ്ങുന്നതും വെളിച്ചമേ നയിച്ചാലും എന്നും പറഞ്ഞാണ്. വെളിച്ചത്തിനാണെങ്കില്‍ ലോകത്തെ ഒട്ടുമിക്ക മതവിശ്വാസങ്ങളിലും സ്ഥാനമുണ്ട് താനും.

ഈ ജ്യോതിയുടെ പ്രത്യേകത എന്താണെന്ന് വച്ചാല്‍ നേരത്തെ പറഞ്ഞപോലെ വെളിച്ചത്തിലേക്ക് നയിക്കാനാണ്. കത്തിച്ചവര്‍ ഉദ്ദേശിക്കുന്നത് സ്ത്രീപ്രവേശത്തെ അനുകൂലിക്കുന്ന സര്‍ക്കാരിനും പിണറായിക്കും കമ്മ്യൂണിസ്റ്റുകള്‍ക്കും പുരോഗമനവാദികള്‍ക്കും  തലയില്‍ വെളിച്ചം വയ്ക്കട്ടേ എന്നാണ്. 

എന്നാല്‍ ദീപം തെളിയിക്കാത്തവര്‍ കരുതുന്നത് ഈ ദീപം കണ്ടിട്ടെങ്കിലും ആ തെളിയിച്ചവരുടെ തലയില്‍ നവോത്ഥാനത്തിന്‍റെ വെളിച്ചം വീശട്ടെ എന്നുമാണ്. പരിപാടി സംഘടിപ്പിക്കാന്‍ മുന്നില്‍ നിന്ന സംഘപരിവാരും ബിജെപിയും ആഗ്രഹിക്കുന്നത് വെളിച്ചം കണ്ടിട്ട് നാലുവോട്ടെങ്കിലും വീഴണേ എന്നാണ്.

സംഗതി വെളിച്ചം കൊളുത്തി അന്ധകാരം അകറ്റുക എന്നാണ് ഉദ്ദേശിച്ചതെങ്കിലും സുരേഷ് ഗോപിയുടെ വിചാരം ഏതോ സിനിമയ്ക്ക് ടേക്ക് എടുക്കുന്നുവെന്നാണ്. അദ്ദേഹം എന്തു സംസാരിച്ചാലും അതില്‍ മുന്‍പ് അഭിനയിച്ചു കൈയ്യടി നേടിയ സീനിനെവാവും ഓര്‍മിപ്പിക്കുക. 

ഷൂട്ടിങ് നേരത്ത് അത് തിരുത്താനും തെറ്റായ വാക്യഘടന മാറ്റി എഴുതാനും ഒക്കെ തിരക്കഥാകാരന്‍മാരും സഹായികളും ഒക്കെ കാണും. അതുപോലെയാണോ ലൈവായിട്ട് ഇങ്ങനെ പ്രസംഗിക്കുമ്പോ. അതുകൊണ്ടാണ് കൊല്ലുക, നശിപ്പിക്കുക എന്നൊക്കെ അര്‍ഥമുള്ള ധ്വംസനം എന്നവാക്കൊക്കെ കേറിവരുന്നത്. എല്ലാം ഒരു ഗുമ്മിനുവേണ്ടി എടുത്ത് വീശുന്നതാണ്. പക്ഷേ ധര്‍മജ്യോതി എന്നു പറഞ്ഞ നാവുകൊണ്ട് ധ്വംസനം എന്നും പിന്നെ പ്രാര്‍ഥന എന്നും ഭക്തി എന്നും തരാതരം പറയുമ്പോള്‍ അതില്‍ കണ്‍ഫ്യൂഷനുണ്ട്.

കേരളത്തിലെ ബിജെപി നേതാക്കളായ അല്‍ഫോന്‍സ് കണ്ണന്താനത്തിനും ശോഭാ സുരേന്ദ്രനും ഗോപാലകൃഷ്ണനുമൊക്കെ വമ്പന്‍ ഭീഷണിയായി പുതിയൊരാള്‍ വന്നിട്ടുണ്ട്. നമ്മുടെ പഴയ ഡിജിപി ടി.പി.സെന്‍കുമാര്‍. റിട്ടയര്‍മെന്‍റിന് ശേഷം വിവരം വയ്ച്ചുവെന്നും തുടര്‍ന്ന് ബിജെപിക്കാരനാവുകയും ചെയ്തെന്ന് സ്വയം വെളിപ്പെടുത്തിയ ആളാണ്. വിവരമില്ലാത്ത കാലത്ത് ഡിജിപിയായിപ്പോയതിന്‍റെ ജാള്യത പക്ഷേ അദ്ദേഹത്തിന് ഒട്ടും ഇല്ലതാനും. അത് പ്രജകളായ നമുക്ക് മാത്രം ഉണ്ടായാ മതിയല്ലോ.

പറഞ്ഞുവന്നത് തന്‍റെ പൂര്‍വാശ്രമകാലത്തെ ബുദ്ധിയില്ലായ്മയില്‍ അതായത് അന്ന് ബിജെപി സംഘപരിവാരത്തില്‍ ഉള്‍പ്പെടാന്‍ സാധിക്കാത്തതില്‍ സെന്‍കുമാറിന് വല്ലാത്ത പശ്ചാതാപം ഉപ്പോഴുണ്ട്. ഒരുകണക്കിന് ആലോചിച്ചാല്‍ സങ്കടകരമാണ്. ഇനിയിപ്പോ ബിജെപിയില്‍ എത്തിയ സ്ഥിതിക്ക് പുതുതായി ബുദ്ധിയും വിവരവും കൂടാന്‍ ഒട്ടും സാധ്യതയുമില്ല.

ജ്യോതിയൊക്കെ കത്തിച്ച് വലിയ ശക്തിപ്രകടനം നടത്തി എന്നൊക്കെ പറയുമ്പോഴാണ് ചിലയിടത്തെ വിള്ളലുകള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. നോക്കുമ്പോ അതാ കേരളത്തില്‍ ബിജെപിയുടെ വലംകൈയ്യായ ബിഡിജെഎസിനെ കാണാനില്ല. ഒരു ജ്യോതിക്കും അവര്‍ വന്നില്ല. അല്ലെങ്കിലും എന്‍ഡിഎ തറവാട്ടില്‍ ഒരു നല്ലകാര്യം നടക്കുമ്പോ അപ്പോ ഈ വെള്ളാപ്പള്ളി ആന്‍ഡ് സണ്‍ കുരുത്തക്കേട് ഒപ്പിച്ചിരിക്കും.

കാലം കുറെയായി കൃത്യമായി പറഞ്ഞാല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ അച്ഛന്‍ വെള്ളാപ്പള്ളിക്കാര്‍ ഒരു അടവ് നയത്തിലാണ്. അച്ഛന്‍ വെള്ളാപ്പള്ളി പിണറായിക്കൊപ്പം നില്‍ക്കും. മകന്‍ മോദിക്കുമൊപ്പവും. അങ്ങനെ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ ഒരേപോലെ ഇഷ്ടപ്പെട്ട് ജീവിക്കുന്ന ഒരു കുടുംബം കേരളത്തില്‍ വെള്ളാപ്പള്ളിക്കാരാണ്. സത്യം പറ​ഞ്ഞാല്‍ നാട്ടുകാര്‍ക്കിത് കാണുന്നതും കേള്‍ക്കുന്നതും വല്യപാടാണ്.

ശബരിമലയില്‍ സ്ത്രീപ്രവേശവിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം. എന്നുവച്ചാല്‍ സ്ത്രീകളെ കയറ്റേണ്ടതില്ല എന്ന്. എന്നാല്‍ നവോത്ഥാനം വരുമ്പോള്‍ മതിലിനൊപ്പം. പക്ഷേ അയ്യപ്പ ജ്യോതി വരുമ്പോ ബഹിഷ്കരണം. അങ്ങനെ ശരിക്കുമുള്ള വൈരുദ്ധ്യാത്മക ഭൗതിക വാദം നടപ്പാകുന്ന ഒരു സ്ഥലംകൂടിയാണ് വെള്ളാപ്പള്ളി നടേശന്‍ ചേട്ടന്‍റെ വീട്.

തുഷാര്‍ വെള്ളാപ്പള്ളിക്ക് നവോത്ഥാനത്തിന് എസ്എന്‍ഡിപിയെ ക്ഷണിച്ചതൊക്കെ അംഗീകാരമാണ് ഇന്ന്. എന്നാല്‍ കുറച്ചുകൊല്ലം മുന്പ് പറഞ്ഞത് തുഷാര്‍ മറന്നാലും നടേശന്‍ ചേട്ടന്‍ മറക്കരുത് ട്ടോ