അച്ചേ ദിന്‍ ഇപ്പോഴാണ് വന്നതെന്ന് ചിലർ; കയ്യില്‍ നുള്ളിനോക്കി രാഹുൽ

അങ്ങോട്ടും ഇങ്ങോട്ടും വലിയായിരുന്നു. ഇഞ്ചോടിഞ്ച്. ഒടുവില്‍ നഷ്ടം സംഭവിച്ചത് ബിജെപിക്കാണ്. നേട്ടം രാഹുല്‍ ഗാന്ധിക്കും. തെരഞ്ഞെടുപ്പ് ഫലം ചിലരെ ചിരിപ്പിക്കുമ്പോള്‍ മറ്റുചിലരെ കരയിപ്പിക്കുകയാണ്. ഈ സാഹചര്യത്തില്‍ എല്ലാവരെയും ചിരിപ്പിക്കാനാണ് തിരുവാ എതിര്‍വായുടെ ശ്രമം.

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം, തെലുങ്കാന. അഞ്ചുസംസ്ഥാനങ്ങളിലായിരുന്നു നാട്ടുകാരുടെ മൊത്തം കണ്ണുകളും. ഹിന്ദിഹൃദയ ഭൂമി എന്നും വടക്കുകിഴക്കന്‍ ഭൂമി എന്നുമൊക്കെ കാവ്യാത്മകമായി തള്ളാവുന്ന നാടുകളാണ്. എല്ലാ തിരഞ്ഞെടുപ്പിലും നമ്മള് ജയിക്കും എന്ന് മല്‍സരിച്ച സ്വതന്ത്രന്‍ പോലും അവകാശപ്പെടും. ആ നിലയില്‍ ബിജെപിയും കോണ്‍ഗ്രസും നല്ല ഫോമിലുമായിരുന്നു. ഫലം വന്നപ്പോള്‍ ബിജെപിക്ക് കൈപൊള്ളി. ആദ്യമായി രാഹുല്‍ഗാന്ധി കോണ്‍ഗ്രസിന്റെ ഡവലപ്മെന്റ് ഓഫീസറുമായി. ശരിക്കും അച്ചേ ദിന്‍ ഇപ്പോഴാണ് വന്നതെന്നാണ് കാറുള്ളവരും ഗ്യാസുള്ളവരുമൊക്കെ പറയുന്നത്. രാഹുലാകട്ടെ സത്യം തന്നെയാണോ എന്നറിയാന്‍ സ്വന്തം കയ്യില്‍ നുള്ളിനോക്കുകയാണ്.

പണ്ട് പ്രീഡിഗ്രി പൊട്ടിയാല്‍ ചിലര് പറയുന്ന തമാശയുണ്ട്. ഇംഗ്ലീഷ് കിട്ടിയില്ല. എക്കണോമിക്സ് മാര്‍ക്ക് കുറവാണ്. മലയാളം എഴുതിയില്ല എന്നൊക്കെ. പരാജയപ്പെട്ടു എന്നു പറയാന്‍ ചെറിയൊരു മടി. അതുപൊലെയാണ് തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ചില നേതാക്കളുടെ പ്രതികരണം.   പക്ഷെ, അങ്ങനെപോലും പിടിച്ചുനില്‍ക്കാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. ആസ്ഥാനം ശോകമൂകമാണ്. കോണ്‍ഗ്രസുകാരുടെ പടക്കത്തിന്റെ വൃത്തികെട്ട ശബ്ദം കേള്‍ക്കാതിരിക്കാന്‍ അമിത്ഷാജിയൊക്കെ ചെവി പൊത്തിനില്‍പാണ്. മോദിയാവട്ടെ കൊളംബസിനെപ്പോലെ ഏതെങ്കിലും അമേരിക്കയോ മറ്റോ കണ്ടെത്തി അവിടേക്കുതിരിച്ചാലോ എന്ന ആലോചനയിലും.

അതെ, ആവശ്യമില്ലാത്ത കാര്യങ്ങളൊക്കെ ഇപ്പോഴെന്തിനാ വലിച്ചിടുന്നത്. നിങ്ങള്‍ ഹിന്ദിഹൃദയഭൂമിയെകുറിച്ച് പറയെന്ന്.

മനസമാധാനം ഇല്ലെന്നത് മഹാസത്യമാണ്. കോണ്‍ഗ്രസിനാവട്ടെ പുതുജീവന്‍കിട്ടി എന്നൊക്കെയാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. മോദി വേറേ ജോലി നോക്കിക്കോ എന്നൊക്കെയാണ് ചെന്നിത്തലയും കാനവുമൊക്കെ പറയുന്നതും. അടുത്ത ലോക്സഭാതിരഞ്ഞെടുപ്പിനുള്ള മുദ്രവാക്യംവരെ തയ്യാറായിക്കഴിഞ്ഞു. പ്രതിപക്ഷം ഐക്യപ്പെട്ടുവരികയാണ്. പഴയപോലെ തിരിഞ്ഞുകളിച്ചാ ഭരണംമാത്രമല്ല, കയ്യിലുള്ള സകലതും പോകുമെന്ന് ബിജെപിക്കും തോന്നിത്തുടങ്ങിയിട്ടുണ്ട്. ഭരണമില്ലെങ്കില്‍പിന്നെ നിരാഹാരം കിടന്നാല്‍ പോലും ഒരു മനുഷ്യനും തിരിഞ്ഞുനോക്കില്ല. പറഞ്ഞേക്കാം.

പ്രതിപക്ഷനേതാവിന്റെ തൊപ്പിയിലെ പൊന്‍തൂവലായിരുന്നു ബ്രൂവറി ഇടപാടിലെ കണ്ടെത്തല്‍. ആ തൂവലിനെകുറിച്ച് ചെന്നിത്തല തന്നെ പലപ്പോഴും എഴുന്നേറ്റുനിന്ന് സ്വയം സല്യൂട്ടടിച്ചതാണ്. ഇപ്പോഴിതാ തിരുവഞ്ചൂരും ഒപ്പംകൂടി പുതിയ കണ്ടെത്തല്‍ നടത്തിയിട്ടുണ്ട്. പ്രളയത്തിനിടെ വിദേശമദ്യംകൊണ്ട് പ്രളയം സംഘടിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചുവത്രെ. വിദേശനിര്‍മിത വിദേശമദ്യം കൊണ്ടാണ് സര്‍ക്കാര്‍ തല ചൊറിഞ്ഞത്. വിദേശമദ്യക്കമ്പനികള്‍ക്ക് കേരളത്തില്‍ നേരിട്ട് മദ്യം വില്‍ക്കാന്‍ അനുമതി. പ്രതിപക്ഷം യൂറേക്ക എന്നും പറഞ്ഞ് ചാടിയിറങ്ങി. പക്ഷെ എക്സൈസ് മന്ത്രിക്കൊന്നും ഒരു കൂസലുമില്ല. അതാണ് അത്ഭുതം.

അടുത്തിടെ സര്‍ക്കാരിനെതിരെ എന്ത് ആരോപണം വന്നാലും ഉടന്‍ വരുന്ന പ്രതികരണം അത് യുഡിഎഫിന്റെ കാലത്താണ് തുടങ്ങിയത് എന്നായിരിക്കും. അതോടെ പ്രതിപക്ഷം അടുത്ത രേഖകള്‍ തപ്പിയെടുക്കാന്‍ ഓടും. അതെടുത്തുവരുമ്പോഴേക്കും മറുപടി സര്‍ക്കാര്‍ പഠിച്ചുവയ്ക്കുകയാണ് പതിവ്. ഇക്കുറിയും അങ്ങനെതന്നെ. വിദേശികളെ ഓടിച്ച പാരമ്പര്യം പേറുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. അതുകൊണ്ടുതന്നെ വിദേശമദ്യത്തെയും ഓടിക്കും. തീര്‍ച്ച.

എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ സ്വയം പറയുന്നത് താനൊരു തുറന്ന പുസ്തകമാണ് എന്നാണ്. സത്യമാണ്. പ്രതിപക്ഷം പേജുകളോരാന്നായി കീറിയെടുത്തതുകാരണം പുസ്തകത്തിന്റെ ചട്ടമാത്രമേയുള്ളൂ ഇപ്പോള്‍. അത് കീറാന്‍ ബുദ്ധിമുട്ടാണ്. പ്രതിപക്ഷം വിയര്‍ക്കും.

സര്‍ക്കാരിന്റെ അഴിമതിക്കെതിരെ കടുത്ത പോരാട്ടത്തിലാണ് രമേശ് െചന്നിത്തല. കേരളത്തെ ഡാന്‍സ് ബാറാക്കി മാറ്റാനുള്ള സകല ശ്രമങ്ങളും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ക്കും. നേരത്തെ തന്നെ ഇതില്‍ വിജയിക്കേണ്ടതായിരുന്നു. അപ്പോഴാണ് ആ നരേന്ദ്രമോദി വന്ന് അഴിമതിനിരോധന നിയമത്തില്‍ ചെറിയ തരികിട കാട്ടിയത്. അതോടെ ചെന്നിത്തല നേടിയ പോയിന്റുകളെല്ലാം നഷ്ടപ്പെട്ടു. വീണ്ടും കളിക്കാനിറങ്ങുമ്പോള്‍ ഉത്തരേന്ത്യയിലൊക്കെ കോണ്‍ഗ്രസ് നേടിയ വിജയവും ഊര്‍ജം നല്‍കുമായിരിക്കും. ചെന്നിത്തല പോയവഴിയെ നമ്മളും പോവുകയാണ്.