പതിവ് റേഡിയോ പരിപാടിയായിരുന്നില്ല; പകരം സംവാദവും കോമഡി ഷോയും

ഒടുവില്‍ അത് സംഭവിച്ചു. കേരളത്തില്‍ മന്ത്രിസഭാ യോഗം ചേര്‍ന്നു. ഈ സര്‍ക്കാര്‍ വന്നതിനുശേഷം പിണറായി വിജയനില്ലാത്ത ആദ്യ സഭ. സഭാകമ്പമായതിനാല്‍ കേരളത്തില്‍ മന്ത്രിസഭാ യോഗം നടക്കുന്നില്ലെന്ന പരാതിക്ക് ഇതോടെ പരിസമാപ്തിയായി. ഇപി ജയരാജന്‍ എന്ന ചെങ്കോലും കിരീടവുമില്ലാത്ത അധികാരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.  മന്ത്രിമാരെല്ലാം പൊതുവെ ശാന്തരായും സന്തോഷ ചിത്തരായും കാണപ്പെട്ടു എന്നാണ് അറിയാന്‍ കഴിഞ്ഞത്. മുഖ്യമന്ത്രിയുടെ പതിവ് റേഡിയോ പരിപാടിയായിരുന്നില്ല ഇന്ന്. പകരം സംവാദം പരിപാടിയും കോമഡി ഷോകളും ഉണ്ടായിരുന്നു. അമേരിക്കയിലേക്ക് ഒരു ഫോണിന്‍ പ്രോഗ്രാം നടന്നോ എന്ന കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ വ്യക്തതയില്ല. രാജ്യാന്തര കേബിള്‍ ശ്രൃംഘല തകര്‍ന്നത് മന്ത്രിസഭാ യോഗത്തെ ബാധിക്കുമോ എന്നൊരു ആശങ്കയുണ്ടായിരുന്നെങ്കിലും എല്ലാത്തിനെയും അസ്ഥാനത്താക്കി ആ ചടങ്ങ് ബംഗിയായി നടന്നു

ഇത് എത്ര കേട്ടാലും മനസിലാകുമെന്ന് തോന്നണില്ല. പാവം ഇപി ജയരാജന്‍. പണറായി അമേരിക്കക്ക് പോകുന്നതിന് തൊട്ടുമുമ്പാണ് നഷ്ടമായ മന്ത്രിപദം തിരിച്ചു കിട്ടിയത്. മുഖ്യന്‍ ചികില്‍സ കഴിഞ്ഞഅ വന്നിട്ട് വീണ്ടും മന്ത്രിയാക്കിയാല്‍ മതിയാരുന്നു എന്ന് ഇപി മനസില്‍ പറയുന്നുണ്ടെങ്കില്‍ അതില്‍ തെല്ലും കുറ്റം പറയാന്‍ പറ്റില്ല. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടയവനിട്ട് തട്ട് എന്ന ലൈനാണ് കാര്യങ്ങള്‍. വരുന്നവരും പോന്നവരുമെല്ലാം  ഇപിയെ ചീത്ത വിളിക്കുന്നു. എന്നാല്‍ ഇപി മുഖ്യമന്ത്രിക്ക് പകരമുള്ളവനാണോ. അതുമല്ല. തല്ലുകൊള്ളാന്‍ ഇപി. പണം വാങ്ങാന്‍ സര്‍ക്കാര്

അമേരിക്കയിലിരുന്ന് മുഖ്യന്‍ ഫയല്‍ നോക്കുന്നു, പണിയോടുക്കുന്നു എന്നതൊന്നും രമേശ് ചെന്നിത്തല വിശ്വസിച്ചിട്ടില്ല. പഴയ ആഭ്യന്തരനാണ്. തെളിവ് കണ്ടെങ്കിലേ കക്ഷി എല്ലാം വിശ്വസിക്കൂ. പ്രളയ ദുരന്തമായിരുന്നു മന്ത്രിസഭാ യോഗത്തിലെ പ്രധാന അ‍ജണ്ട. നിര്‍ബന്ധിത പിരിവെന്ന ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞുവന്ന ഇപി ചെറുതായൊന്നു പെട്ടു.

പുഷ്പന്‍ എന്നു പറയുമ്പോള്‍ ഒരു കമ്യൂണിസ്റ്റുകാരനും ഇങ്ങനെ തപ്പാനോ തടയാനോ പാടില്ല. നാവുപിഴ ഉണ്ടാകാത്തത് മഹാഭാഗ്യം. നാക്കുപിഴയുടെ കാര്യം പറഞ്ഞപ്പോളാണ് രമേശ് ചെന്നിത്തലയെ ഓര്‍ത്തത്. കക്ഷിയുടെ നാക്കിന് ശനിദശയാണ്. എപ്പോ എടുത്തു വളച്ചാലും സംഗതി അതിനു തോന്നുന്ന വഴിയാണ് സഞ്ചാരം. മനസും ആശയവും പറയുന്നിടത്ത് നാക്ക് നില്‍ക്കുന്നില്ലെന്ന പരാതി എഐസിസിയെ രമേശ് അറിയിച്ചുകഴിഞ്ഞു.