സ്റ്റൈലില്‍ ഫ്രാങ്കോ ബിഷപ്പെത്തി; പൊലീസിന്റെ മുന്നിൽ കുമ്പസാരിക്കാൻ

ബാര്‍ കോഴക്കേസില്‍ കുപ്പി കാലിയാക്കുവാന്‍ വിജിലന്‍സ് കാട്ടിയ തിടുക്കം ഹൈക്കോടതിക്ക് മനസിലായിട്ടുണ്ട്. മാണിക്ക് ഉടന്‍ വിശുദ്ധ പദവി കൊടുക്കേണ്ടതില്ലെന്ന വിജിലന്‍സ് കോടതി തീരുമാനത്തെ ഹൈക്കോടതി ശരിവച്ചു. അഗ്നിശുദ്ധി വരുത്താന്‍ ശ്രമിച്ചപ്പോള്‍ കെഎം മാണിയുടെ കൈക്ക് പൊള്ളലേറ്റു.

പഞ്ചാബിലെ ജലന്തറിനെക്കുറിച്ചൊക്കെ പഴയ പട്ടാളക്കാര്‍ പറഞ്ഞ അറിവേ മലയാളിക്കുണ്ടായിരുന്നുള്ളൂ. ഇപ്പോള്‍ പക്ഷേ അത് അങ്ങനല്ല. ജലന്തര്‍ എന്ന് മിണ്ടിപ്പോയാല്‍ കേരളത്തിലെ ഓരോ ആള്‍ക്കും പറയാന്‍ കുറെ കഥകളുണ്ട്. അഭിപ്രായങ്ങളുണ്ട്. കേട്ടു കേള്‍വി മാത്രമുള്ള ആ നാട്ടില്‍ നേരില്‍ കണ്ടിട്ടില്ലാത്ത ഒരു നായകനുണ്ട്. ഫ്രാങ്കോ ബിഷപ്പ്. മ്മടെ തൃശൂരുകാരന്‍.

കണ്ണിലെണ്ണയൊഴിച്ച് കുറചു ദിവസമായി മലയാളികള്‍ ബിഷപ്പിനെ കാത്തിരിക്കുകയാണ്. കുമ്പസാരിക്കാനല്ല. ബിഷപ്പിനെ പൊലീസ് കുമ്പസാരിപ്പിക്കുന്നത് കാണാന്‍. എന്തായാലും വടക്കേ ഇന്ത്യയിലെ സൂപ്പര്‍ താരങ്ങള്‍ എത്തുന്ന അതേ സ്റ്റൈലില്‍ ഫ്രാങ്കോ ബിഷപ്പെത്തി. തൃപ്പൂണിത്തറയില്‍ ഇരുന്ന് പൊലീസിനോട് ഏഴ് മണിക്കൂര്‍  കഥ പറഞ്ഞു. കുമ്പസാരം തുടരും