ഇപ്പോ സ്ത്രീ സുരക്ഷയുമില്ല, നിയമവ്യവസ്ഥയുമില്ല, പറയുന്നതിന് ഒട്ടും വ്യവസ്ഥയുമില്ല

 വലിയ നിലപാടുകള്‍ക്കും ആദര്‍ശങ്ങള്‍ക്കും അധികം ആയുസ്സ് തരാത്ത കാലമാണ്. ‌ മുമ്പൊക്കെ ഭരണം മാറുമ്പോഴാണ് ഓരോ പാര്‍ട്ടിക്കാരുടെ ഉടായിപ്പ് പരിപാടികള്‍ നമ്മള്‍ കണ്ടിരുന്നത്. പ്രതിപക്ഷത്തിരിക്കുമ്പോഴുള്ള സിപിഎമ്മേ ആയിരിക്കില്ല ഭരണത്തിലേറി കഴിഞ്ഞാല്‍. വലിയ വലിയ ചിന്താപരിപാടികളും പുരോഗമന ആശയങ്ങളും ഒക്കെ പറഞ്ഞു നടക്കുന്നവരായതുകൊണ്ടാണ് സിപിഎമ്മിന്‍റെ നിലപാടുകളെ നാട്ടാരുമുഴുവന്‍ ഇങ്ങനെ ഓര്‍ത്തോര്‍ത്തിരിക്കുന്നത്. പിന്നെ മാറ്റങ്ങള്‍ എല്ലാത്തിനും സംഭവിക്കുന്നു എന്നൊക്കെ പറയുമ്പോലെ സിപിഎമ്മിന്‍റെ നിലപാടുകള്‍ക്കും മാറ്റംവരും. അതിപ്പോ സ്ത്രീസുരക്ഷയിലാണെങ്കില്‍ അങ്ങനെയൊക്കെ തന്നെയാണ്.

ശശി എംഎല്‍എക്കെതിരെ പീഡനപരാതി വന്നപ്പോള്‍ സ്വന്തം സംഘടനയായ ഡിവൈഎഫ്ഐയിലെ തീപ്പൊരി സഖാക്കളെപ്പോലും ഭൂതകണ്ണാടി വച്ച് നോക്കിയാല്‍ കാണാന്‍ കിട്ടില്ല. വലിയ വലിയ പ്രഭാഷണങ്ങള്‍ നടത്തുന്ന ഫെയ്സ് ബുക്കില്‍ പോലും ലെവന്‍മാര്‍ സൈന്‍ ഔട്ട് ആണ്. പിന്നെ കാനം രാജേന്ദ്രനെപോലുള്ള മുഖ്യപ്രതിപക്ഷ നേതാവിനും മറിച്ചൊരു അഭിപ്രായമില്ല. ഏത്, അതന്നെ, പാര്‍ട്ടി അന്വേഷിക്കും.

ഈ പാര്‍ട്ടി അന്വേഷണം പറയുമ്പോഴാണ് എ.വിന്‍സെന്‍റിന്‍റെ കാര്യം ഓര്‍ത്തത്. അങ്ങേരും ഒരു എംഎല്‍എയാണല്ലോ. പക്ഷേ അന്ന് സിപിഎമ്മിനും കോടിയേരി സഖാവിനും കൃത്യമായ നിലപാടുണ്ടായിരുന്നു. ഇതാണ് പറയുന്നത് നിലപാടിനൊന്നും ഒട്ടും ആയുസ്സ് തരാത്ത കാലത്താണ് കമ്മ്യൂണിസ്റ്റുകാര്‍വരെ ജീവിച്ചു പോരുന്നത്. സംഗതി ബുദ്ധിമുട്ടാവും. ഇതേ കോടിയേരി സഖാവിന് ഇപ്പോ സ്ത്രീ സുരക്ഷയുമില്ല, നിയമവ്യവസ്ഥയുമില്ല, പറയുന്നതിന് ഒട്ടും വ്യവസ്ഥയുമില്ല. 

അല്ലെങ്കിലും നാട്ടിലുള്ള സകല സംവിധാനങ്ങളോട് താല്‍പര്യമുണ്ടായിട്ടല്ല സഹകരിക്കുന്നത്. എല്ലാത്തിനും പാര്‍ട്ടി മാത്രം മതി. അതൊരു സ്വതന്ത്ര ഏകാധിപത്യ റിപ്പബ്ലിക്കാണ്. പിന്നെ മറുപക്ഷത്ത് എന്തെങ്കിലും സംഭവിക്കുമ്പോള്‍ മാത്രം ജനാധിപത്യ റിപ്പബ്ലിക്കായി രൂപം മാറും. ഇതിപ്പോ എല്ലാവരും മനുഷ്യരായതുകൊണ്ട് എവിടെയാ എപ്പോഴാ ഉരുള്‍പൊട്ടുന്നതെന്ന് പറയാനും പറ്റില്ല. എന്നുവച്ച് ഇങ്ങനെയൊക്കെ വാക്ക് മാറ്റാന്‍ പാടുണ്ടോ സഖാവേ.

ഒരു സന്തോഷത്തിന് സഖാവ് ശശിയുടെ നിയസഭാ പ്രസംഗം കൂടി കേള്‍ക്കാം. സംഗതി ഗംഭീര സ്ത്രീപക്ഷ രചനയാണ്. ശശി ആളൊരു സഖാവ് തന്നെയാണ്. പ്രസംഗത്തില്‍ മാത്രം. സഖാവ് ശശി ഇനിയും ഇത്തരം കാര്യങ്ങളില്‍ പ്രസംഗിക്കണം. താങ്കള്‍ക്കേ അതിനുള്ള അവകാശമുള്ളു.