ചിറ്റപ്പൻ ഇനി ഇല്ല

വീട്ടില്‍ മൂന്ന് ആനയുണ്ടെന്നൊക്കെ ചിലര്‍ വീമ്പുപറയുന്നതുപോലെയാണ് സിപിഎമ്മിലെയും കാര്യം. അവിടെ പക്ഷേ ആന എന്നല്ല  വീട്ടില്‍ മൂന്ന് ജയരാജന്മാരുണ്ടെന്നാണ് പറച്ചില്‍. അതില്‍  തലയെടുപ്പിന്‍റെ കാര്യത്തില്‍ മുമ്പന്‍ ഇപി എന്ന കൊമ്പനാണ്. കായുക രംഗത്ത് മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയാതിരുന്നതാണ് മന്ത്രിയായപ്പോള്‍ ഇപി ജയരാജന് ആദ്യം തിരിച്ചടിയായത്. അപ്പോ നിങ്ങളോര്‍ക്കും മന്ത്രിപ്പണി എന്നുപറഞ്ഞാല്‍ ഭയങ്കര കായികാധ്വാനമുള്ള പണിയാണെന്ന്. സത്യംപറഞ്ഞാല്‍ ചില കാഴ്ചകള്‍ കാണുമ്പോള്‍ അങ്ങനെ തോന്നുന്നതില്‍ തെറ്റില്ല. സിപിഎമ്മിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. അവര്‍ ആദ്യം പലതിനെയും എതിര്‍ക്കും. അത് കമ്പ്യൂട്ടറാണെങ്കിലും ഇരുപതോ ഇരുപത്തിയൊന്നോ മന്ത്രയാണെങ്കിലും ചീഫ് വിപ്പ് പദവിയാണെങ്കിലും അങ്ങനെയാണ്. അങ്ങനെയാണ് ശീലം. യുഡിഎഫ് കാലത്ത് പല വാര്‍ത്താ സമ്മേളനങ്ങളും വിളിച്ചത് ഇത്തരത്തില്‍ ചില പദവികള്‍ക്കെതിരെ പറയാനായിരുന്നെങ്കില്‍ ഇപ്പോള്‍ എകെജി സെന്‍ററില്‍ നിന്ന് കുറിമാനമയച്ച് മാധ്യമങ്ങളെ വിളിക്കുന്നത് ആ പദവിയിലേക്ക് തീരുമാനിച്ചിരിക്കുന്ന ആളുകളുടെ പേര് പ്രഖ്യാപിക്കുന്നതിന്‍റെ ചടങ്ങിനായാണ്

ഈ സിപിഎം എന്ന പാര്‍ട്ടി എത്ര നിഷ്കളങ്കമായാണ് കാര്യങ്ങള്‍ ചെയ്യുന്നത്. ആദ്യം അവര്‍ യോഗം ചേര്‍ന്നു. മന്തിസഭ വിപുലപ്പെടുത്തണ്ടേ എന്ന് ആരോ അപ്പോള്‍ നിഷ്കളങ്കമായി ചോദിച്ചത്രേ. ഓ അത് ശരിയാണല്ലോ എന്നായി അപ്പോള്‍ മറ്റംഗങ്ങള്‍. പിന്നെ കടുത്ത ചര്‍ച്ച. ആരാകണം പുതിയ മന്ത്രി. കിടന്നും ഇരുന്നും കട്ടന്‍ചായ മുതല്‍ ദിനേശുവരെ കുടിക്കുകയും തിന്നുകയും ചെയ്തിട്ടും പുതിയ മന്ത്രി ആരാകണം എന്ന് ഒരു ഐഡിയയും കിട്ടിയില്ല. ഒടുവില്‍ കൂട്ടത്തില്‍ ഏറ്റവും സൈസുള്ളവനെ ക്യാബിനറ്റിലേക്ക് അയക്കാന്‍ തീരുമാനിച്ചു. പിന്നീട് ഇക്കാര്യം എടതുമുന്നണി യോഗത്തിലേക്ക് ശുപാര്‍ശയായി അയച്ചു. ഈ തീരുമാനം എല്‍ഡിഎഫ് അംഗീകരിക്കുമോ എന്നതായിരുന്നു പിന്നെയുള്ള ടെന്‍ഷന്‍. ഒടുക്കം എല്ലാം ശുഭപര്യവസായിയായി.  അങ്ങനെയാണ് ഇപി വീണ്ടും മന്ത്രിയാകുന്നത്. അതി സങ്കീര്‍ണ്ണവും പല കടമ്പകള്‍ കടക്കേണ്ടതുണ്ടായിരുന്നതുമായ ഒരു പ്രകൃയ കഴിഞ്ഞതില്‍ ആശ്വസിക്കാം.  വിപ്ലവം ജയിക്കട്ടെ

കര്‍ക്കിടകത്തില്‍ രാമായണത്തിനൊപ്പം ആല്‍പ്പം ശുദ്ധികലശവുമാകാമെന്ന് പാര്‍ട്ടിക്ക് അടുത്തിടക്ക് ഉപദേശം കിട്ടിയിരുന്നു. അപ്പോളാണ് കവടിക്കളത്തില്‍ ചില കരുക്കള്‍ അങ്ങോട്ടുമിങ്ങോട്ടും നീക്കാന്‍ തീരുമാനിച്ചത്. ചില കരുക്കള്‍ക്ക് ചെറിയ ഇളക്കമുണ്ടെന്നും ഇതിനിടെ സംശയമുയര്‍ന്നു. പച്ചപ്പ് മാറി ചുവന്നുതുടങ്ങിയ ചിലവ വീണ്ടും നിറം മാറാന്‍ ശ്രമിക്കുന്നുണ്ടോ എന്നൊരു വൈക്ലബ്യം. മുളയിലേ നുള്ളലാണ് കേഡര്‍ രീതി. മടിച്ചില്ല, കോടിയേരിയാശാന്‍ കളം ശരിക്കൊന്ന് അവലോകിച്ചു. പിന്നെ ചില കരുനീക്കങ്ങള്‍ നടത്തി