ലാലേട്ടൻ വരുമോ... ഇല്ലയോ...

തിരുവാ എതിര്‍വാ ചെറിയൊരു ഇടവേള എടുത്ത് ഒന്ന് മാറിനിന്നപ്പോള്‍ നാട്ടില്‍ പലതും സംഭവിച്ചു. വെറുതെ നടന്ന രാഹുല്‍ ഗാന്ധിവരെ  താ‍ന്‍ പ്രധാനമന്ത്രിയാകാന്‍ കെല്‍പ്പുള്ളവനാണെന്ന് നാട്ടുകാരെക്കൊണ്ടു പറയിച്ചു. പലരെയും പല നാട്ടിലും ചെന്ന് കെട്ടിപ്പിടിച്ചിട്ടുള്ള മോദിക്ക് ഇങ്ങനെയൊരു പണി പത്തിരുപത് വര്‍ഷത്തിനിടക്ക് കിട്ടിയിട്ടില്ലെന്നാണ് അറിവ്. ഏക ആശ്വാസം ബിജെപി സംസ്ഥാന ഘടകത്തിന് ഇപ്പോളും അധ്യക്ഷനായില്ല എന്നതാണ്. അല്ലെങ്കില്‍ ആ ഇവന്‍റ് നമുക്ക് നഷ്ടമായേനേ. അപ്പോ എല്ലാ കേടുംതീര്‍ത്ത് തുടങ്ങുകയാണ് തിരുവാ എതിര്‍വാ

കേരളത്തില്‍ വര്‍ഷാവര്‍ഷം മുടങ്ങാതെ നടക്കുന്ന ഒരു ചടങ്ങാണ് ചലച്ചിത്ര പുരസ്കാര വിവാദം. സാധാരണ പുരസ്കാരം പ്രഖ്യാപിക്കുമ്പോളാണ് പുകിലുണ്ടാകുന്നത്. പതിവ് ശല്യക്കാരെ ഉള്‍പ്പെടെ ജൂറിയിലെടുത്ത് ആ നൂലാമാല ഇടത് സര്‍ക്കാര്‍ അങ്ങ് പരിഹരിച്ചതാണ്. എന്നാല്‍ വകുപ്പുമന്ത്രി ബാലന്‍റെ ആ മുതിര്‍ന്ന നീക്കം പുരസ്കാരം വിതരണ സമയമായപ്പോള്‍ വെറും ബാലാരിഷ്ടതയായി മാറി. കഴിഞ്ഞ തവണത്തെ പുരസ്കാര ചടങ്ങിലെ വിവാദം അന്ന് സിനിമാ താരങ്ങള്‍ ഈ അവാര്‍ഡ് വിതരണ നിശയില്‍ പങ്കെടുത്തില്ല എന്നതായിരുന്നു. നേട്ടം കൊയ്തവര്‍ക്ക് ഗ്ലാമര്‍ അല്‍പ്പം കുറവായതിനാലാണ് ഗ്ലാമറുണ്ട് എന്ന് സ്വയം അവകാശപ്പെടുന്ന താരങ്ങള്‍ എത്താതിരുന്നതെന്ന് പാണന്മാര്‍ പാടി. ആ പരാതി പരിഹരിക്കാനാണ് നാട്ടിലെ കിട്ടാവുന്നതില്‍ വച്ച് മുറ്റിയ ഒടിയനെ തന്നെ ഇക്കുറി എകെ ബാലന്‍ ബുക്ക് ചെയ്തത്. അപ്പോള്‍ അതാ വീട്ടിലേക്കുള്ള വഴിയേ വരുന്നു സിനിമക്കാര്‍ക്കിടയിലെ ഡോക്ടറും ഡോക്ടര്‍മാര്‍ക്കിടയിലെ സിനിമാക്കാരനുമായ ബിജു. പിന്നെ എല്ലാം ജഹപൊക. ഒപ്പായി കള്ളയൊപ്പായി, ആകെപ്പാടെ ഒരു അവിയല്‍ സിനിമ. ഒടുവില്‍ മോഹന്‍ലാലിനെ ക്ഷണിക്കാന്‍ ബാലനും ചടങ്ങിനെത്താന്‍ സൂപ്പര്‍ സ്റ്റാറും തീരുമാനിച്ചു. ആരും അറിയാതിരുന്ന ചടങ്ങിനെപ്പറ്റി നാട്ടിലെ കാക്കക്കും പൂച്ചക്കുംവരെ ഇപ്പോ നല്ലോണം അറിയാം. 

മലയാളത്തിലെ ആദ്യ ശബ്ദ ചിത്രമാണ് ബാലന്‍. അത് തിരിച്ചറിഞ്ഞുതന്നെയാണ് പിണറായി വിജയന്‍ സിനിമാ ഭരണം അദ്ദേഹത്തിന് നല്‍കിയത്. പ്രൊഫസറെ പിടിച്ച് വിദ്യാഭ്യാസമന്ത്രിയാക്കിയ അതേ ടെക്നിക്. വിവാദം വന്നപ്പോള്‍ ആ കസേരയില്‍ ഇന്നോളമിരുന്ന മുഴുവന്‍ മന്ത്രിമാരെയും ഇതിലേക്ക് വലിച്ചിഴക്കുന്നതില്‍ ഈ മുതിര്‍ന്ന ബാലന്‍ നല്ല പാടവം കാണിച്ചു

വിഎസ് സര്‍ക്കാരില്‍ വൈദ്യുതി മനത്രിയായിരുന്ന ബാലന് വലിയ ദീര്‍ഘ ദര്‍ശനമാണ്. കറണ്ട് പോകുന്നതൊക്കെ മൂന്‍കൂട്ടി മനസിലാക്കിയ ആ കാലഘട്ടത്തില്‍ വന്നു ചേര്‍ന്ന കഴിവാണത്. 2017 ല്‍ മോഹന്‍ലാലിന് മികച്ച നടനുള്ള പുരസ്കാരം കിട്ടില്ലെന്ന് അന്നേ ബാലന് അറിയാം. അതുകൊണ്ട് അന്നുതന്നെ ഇത്തവണത്തെ പുരസ്കാര വിതരണ ചടങ്ങിന് ലാലിനെ മുഖ്യതിഥിയായി ബുക്ക് ചെയ്തിരുന്നു. 

പറഞ്ഞുവന്നപ്പോ ആകെ കണ്‍ഫ്യൂഷന്‍. അപ്പോ മോഹന‍്‍ലാല്‍ മുഖ്യതിഥി ആണോ അല്ലയോ. അല്ല അതിലൊരു ക്ലാരിറ്റി വന്നാല്‍ വേദിയിലെ കസേരയില്‍ ചീഫ് ഗസ്റ്റ് എന്ന പേപ്പറെഴുത്ത് തല്ലാതെ ലാലിന് കിട്ടുന്ന കസേരേല്‍ ഇരിക്കാവാരുന്നു.  

എന്നാപിന്നെ കമലിന് പറയാനുള്ളതൂടെ കേള്‍ക്കാം. ചലച്ചിത്ര അക്കാദമിയില്‍ താമസമായതില്‍ പിന്നെ പുള്ളിക്ക് വലിയ പരാതികളൊന്നുമില്ല. സര്‍ക്കാരിനോട് വശംവദനായി ഇങ്ങനെ ജീവിക്കുകയാണ്. ചോദിച്ചുനോക്കാം. ഇനി വല്ലോം പറഞ്ഞാലോ. അല്ല പറഞ്ഞാലോ