തെറ്റുതിരുത്താൻ ലെനിൻ പറഞ്ഞു; കോടിയേരി കേട്ടു

തെറ്റുചെയ്താല്‍ അത് തിരുത്തണം. സ്വാഭാവികമായ ഒരു കാര്യമാണ് അതെങ്കിലും സിപിഎമ്മിനെ സംബന്ധിച്ച് അത് ചെറിയ കാര്യമല്ല. നാട്ടുകാരോ വീട്ടുകാരോ പറഞ്ഞാല്‍ ഒന്നും തിരുത്തുന്നവരല്ല പാര്‍ട്ടി. അതുകൊണ്ടാണ് തെറ്റുതിരുത്തല്‍ എന്നത് അവര്‍ ലെനിന് തീറെഴുതുന്നത്. പാര്‍ട്ടി ആചാര്യന്മാര്‍ പറയുന്നതുപോലെ അച്ചട്ടായി പ്രവര്‍ത്തിക്കുന്ന കേഡര്‍ പാര്‍ട്ടി. ഇടതുമുന്നണിയിലുണ്ടായിരുന്ന ആര്‍എസ്പി എന്ന കൂട്ടര്‍ പണ്ട് കൊല്ലം ലോക്സഭാ സീറ്റ് ചോദിച്ചിരുന്നു. കൊടുക്കാമെന്ന് വാക്കാല്‍ അങ്ങ് പറഞ്ഞുവച്ച വല്യേട്ടന്‍ സമയമായപ്പോള്‍ കാലുമാറി. ഇക്കാണിച്ചത് തെറ്റാണെന്ന് ആര്‍എസ്പി അന്നുപറഞ്ഞപ്പോള്‍ എകെജി സെന്‍ററിലെ ചെവികള്‍ അത് കേട്ടില്ല. ഇപ്പോള്‍ കോടിയേരി സഖാവിന് കേള്‍വിശക്തി തിരിച്ചുകിട്ടി. അപ്പോള്‍ പുള്ളിയുടെ ആശീര്‍വാദത്തോടെ ദേശാഭിമാനിയില്‍ അച്ചുനിരത്തപ്പെട്ടു. അതെ ലെനിന്‍ പറഞ്ഞത്രേ തെറ്റ് തിരുത്താന്‍. കോടിയേരി നോക്കുമ്പോള്‍ യുഡിഎഫില്‍ ആര്‍എസ്പി വല്യ പ്രശ്നമൊന്നുമുണ്ടാക്കാതെ നില്‍ക്കുന്നു. പാര്‍ട്ടിക്കുള്ളിലും വലിയ തര്‍ക്കങ്ങളോ പൊട്ടിത്തെറികളോ ഇല്ല. അങ്ങനെ പാടില്ലല്ലോ.

നാലുകൊല്ലം മുമ്പ് വരെ എന്‍കെ പ്രേമചന്ദ്രനായിരുന്നു എല്‍ഡിഎഫിലെ ഒരു ബുദ്ധി കേന്ദ്രം. നിരവധി അനവധി വിഷയങ്ങളില്‍ മുന്നണിക്ക് ബുദ്ധി ഉപദേശിച്ചിട്ടുണ്ട് കക്ഷി. നദീകരാര്‍ വിഷയത്തിലൊക്കെ ആ തല നമ്മള്‍ കണ്ടതുമാണ്. അങ്ങനെയുള്ള പ്രേമചന്ദ്രന്‍ തലച്ചോറില്ലാതെയാണ് എകെജി സെന്‍ററിന്‍റെ പടികടന്നുപോയതെന്ന് കോടിയേരി വിചാരിക്കാന്‍ പാടില്ല. ഈ കുടുംബത്തിലെ എല്ലാ അടിതടകളും പുള്ളിക്ക് മനപ്പാഠമാണ്

ബോള്‍ഷെവിക്കുകളോടാണ് കളിക്കുന്നതെന്നെങ്കിലും മിനിമം കോടിയേരി ഓര്‍ക്കണമായിരുന്നു. അക്കാര്യം സിപിഎം സെക്രട്ടറിയെ ഓര്‍മ്മിപ്പിക്കുന്നതിന്‍റെ ഭാഗമായി ഷിബു ബേബി ജോണ്‍ ഇനി സ്റ്റഡിക്ലാസ് എടുക്കും. യുഡിഎഫിലായിട്ട് കാലങ്ങളായെങ്കിലും ഖദറിലേക്ക് പരിവര്‍ത്തനം ചെയ്യാത്ത ഷിബുവിന് ഇപ്പോളും ഇഷ്ടനിറം ചുമപ്പാണ്. അതൊകൊണ്ടുതന്നെ ആ പാളയത്തിലെ കളികള്‍ നന്നായി മനസിലാക്കാനുമാവും. പോരാത്തതിന് യുഡിഎഫിലെ താപ്പാനകള്‍ക്കൊപ്പമുള്ള സഹവാസം ഷിബുവിന്‍റെ ബുദ്ധി മണ്ഡലത്തെ മറ്റൊരു തലത്തിലെത്തിച്ചിട്ടുമുണ്ട്. അത് തിരുത്താന്‍ കാനത്തിന്‍റെ അരിവാളിനുപോലുമാകില്ല