ശ്രീരാമചരിതം ചൊല്ലാൻ സഖാക്കൾ

കര്‍ക്കിടകം കലിതുള്ളിയെത്തി എന്നൊക്കെയാണ് പഴമക്കാര്‍ പറയുന്നത്. കാലാവസ്ഥയില്‍ കഴിഞ്ഞ കുറെ കാലങ്ങളായി പലവിധ മാറ്റങ്ങള്‍ സംഭവിച്ചിരുന്നതിനാല്‍ ഈ പറച്ചില്‍ ഒന്ന് മാറ്റിവച്ചിരുന്നതാണ്. രാമായണത്താളുകള്‍ക്കിടയില്‍ അമര്‍ന്നിരുന്ന ആ പഴഞ്ചൊല്ല് വീണ്ടും പൊടിതട്ടിയെടുക്കാന്‍ മലയാളിക്ക് ഇക്കുറി അവസരം നല്‍കാനാണ് സിപിഎം പാര്‍ട്ടി സെക്രട്ടറിയേറ്റ് തീരുമാനം. മുമ്പ് പറഞ്ഞതുപോലെ ദേശാഭിമാനി കലണ്ടറിലും വരുന്ന പതിനേഴാം തീയതിയുടെ നേരെ രാമായണമാസാരംഭം എന്ന് എഴുതിയിട്ടുണ്ട്. കഴിഞ്ഞ ആറുമാസമായി ആ കലണ്ടര്‍ നോക്കുന്ന സഖാക്കള്‍ പരസ്പരം ചോദിച്ചിരുന്നു ആ കുറിപ്പ് എന്തിനാണെന്ന്. ആ വലിയ സംശയത്തിനാണ് പാര്‍ട്ടി സൊല്യൂഷന്‍ ഉണ്ടാക്കിയിരിക്കുന്നത്. അന്ന് പാര്‍ട്ടിക്കാര്‍ ശ്രീരാമ ചരിതം ചൊല്ലിടൂ മടിയാതെ എന്നാണ് എകെജി സെന്‍ററില്‍ നിന്നുള്ള അറിയിപ്പ്. 

സംസ്കൃത സംഘം എന്ന ചുവപ്പന്‍ പോഷക സംഘടനയാണ് പാര്‍ട്ടിക്കുവേണ്ടി ആ ദൗത്യം ഏറ്റെടുത്തിരിക്കുന്നത്. ബദല്‍ ശോഭായാത്രക്കുശേഷം സിപിഎം അഭിമാന പുരസരം അവതരിപ്പിക്കുന്ന മറ്റൊരു കലാപരിപാടിയാണ് ഈ രാമനാമജപം. ഗണപതിക്കുവച്ച അവലും മലരും പഴവും വായന കഴിയുമ്പോള്‍ അവിടെയുള്ളവര്‍ക്ക് വീതിച്ചുകൊടുക്കുന്നതാണ് പതിവ്. അത് മാറ്റി പരിപ്പുവടയും കട്ടന്‍ ചായയുമാക്കുമോ എന്ന് പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല. പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ആരാകും തയ്യാറാവുക എന്നതാണ് മറ്റൊരു കൗതുകം. പിണറായി സഖാവാണ് അതിനെത്തുന്നതെങ്കില്‍ രാവണന്‍റെ കാര്യത്തില്‍ അന്നുതന്നെ തീരുമാനമാകും.

ഇനി ബേബി സഖാവോ മറ്റോ ആണെങ്കില്‍ ഒന്നരക്കൊല്ലം കഴിഞ്ഞാലും പാരായണം പൂര്‍ത്തിയാവില്ല. കാരണം പുള്ളി അതിന് മറ്റ് അര്‍ത്ഥതലങ്ങളും വിവക്ഷണങ്ങളും കൊടുത്ത് സംസ്കൃതത്തിനേക്കാള്‍ കടുകട്ടിയായ വാക്കുകള്‍ കണ്ടുപിടിച്ചാകും പാരായണം നടത്തുക. അപ്പോള്‍ എന്തായാലും സമയം കൂടുതല്‍ വേണ്ടിവരും. 

രാമായണപാരായണത്തിനുപിന്നാലെ സിപിഎം നേതാക്കള്‍ത്തന്നെ അവതരിപ്പിക്കുന്ന ബാലെ ഉള്‍പ്പെടെ വേദിളിലെത്തിക്കാനും ഇനി സാധ്യതയുണ്ട്. നല്ല നടന്മാരെ ഉടന്‍ കണ്ടെത്താം. ഇത് മുന്നില്‍ കണ്ടാണ്  സഖ നടന്മാര്‍  എന്ന തസ്തിക ഉണ്ടാക്കിയതുതന്നെ

എന്തായാലും വെള്ളാപ്പള്ളി നടേശന്‍ ഹാപ്പിയാണ്. സിപിഎം ഭക്തിമാര്‍ഗത്തിലെത്തിയതിനുപിന്നില്‍ പുള്ളി കഴിച്ച വെടിവഴിപാടും ഉണ്ടെന്നാണ് കേള്‍വി.  ഈ രാമായണമാസത്തില്‍ പിണറായിയുടെ പടംവച്ച് പ്രാര്‍ഥിക്കാനാണ് വെള്ളാപ്പള്ളിയുടെ ആലോചന.