പുകയുന്ന അമ്മവീട്, എരിയുന്ന പ്രതിഷേധം

ഗംഭീര അഭിനേതാക്കളാണ് നമ്മുടെ പ്രിയതാരങ്ങളെന്ന് ഇപ്പോഴല്ലേ മനസിലായത്. ഒന്നുകില്‍ ഇവരൊന്നും അഭിനയിക്കുകയല്ലായിരുന്നു. ജീവിക്കുകയായിരുന്നു. ചിലപ്പോള്‍ കുറെ പടങ്ങളില്‍ വേഷം കെട്ടലും കുതന്ത്രങ്ങളും ഒക്കെ മെനഞ്ഞതുകൊണ്ടാവണം സ്ക്രീനിനുപുറത്തൊരു ഒത്തൊരുമ സംഘടിപ്പിച്ചപ്പോഴും എല്ലാം സിനിമാറ്റിക്കായത്. കഥയില്‍ ചോദ്യമില്ലെന്നാണല്ലോ. അതനുസരിച്ച് കഥ അറിഞ്ഞ് ആടുകയും പാടുകയും ചെയ്യുന്ന സിനിമാ താരങ്ങളുടെ സംഘടനയുടെ കാര്യത്തിലും വല്യ ചോദ്യങ്ങളൊന്നും വേണ്ടെന്ന് അവരങ്ങ് തീരുമാനിച്ചു. അതുകൊണ്ടാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ പുറത്താക്കാനും പിന്നെ അതേ ദിലീപിനെ ന്യായങ്ങളൊന്നും കൂടാതെ തിരിച്ചെടുക്കാനും പറ്റിയത്. സംഗതി സിനിമ സ്റ്റൈലുതന്നെ. ഒരു തിരക്കഥ അനുസരിച്ച് കാര്യങ്ങള്‍ നടപ്പാക്കുന്നു എന്നുമാത്രം. എന്നിട്ട് ഇപ്പോ എന്തായി, ചെയ്ത കാര്യം ഓര്‍ത്ത് അമ്മഭാരവാഹികള്‍ കാലും കൈയ്യിട്ടുമിട്ട് അടിക്കയാണ്. അപ്പോഴതാ വരുന്നു ദിലീപേട്ടന്‍റെ കത്ത്. അങ്ങേര് അമ്മയിലേക്കൊന്നും സജീവമാകാന്‍ ഇപ്പോ വരുന്നില്ലത്രെ. പാവം. നാട്ടിലെ മൊത്തത്തിലുള്ള കാലാവസ്ഥ തന്‍റെ കം ബാക്കിന് അത്ര പോരെന്ന് തോന്നിക്കാണണം.

അമ്മ എന്ന് പേരിട്ട് നാലുപാടുനിന്നും തെറികളും വിമര്‍ശനങ്ങളും വാങ്ങിയതിന്‍റെ പേരിലെങ്കിലും താരസംഘടനാഭാരവാഹികള്‍ ലോകത്തെ സകല അമ്മമാരോടും ക്ഷമ പറയാണ് വേണ്ടത്. വല്യ സ്റ്റാര്‍ ഹോട്ടലില്‍ വച്ച് യോഗം ചേര്‍ന്നാലോ മുന്തിയ ലക്ഷ്വറി കാറില്‍ വന്ന് യോഗത്തില്‍ പങ്കെടുത്തതുകൊണ്ടോ യോഗത്തിലെ തീരുമാനങ്ങള്‍ സൂപ്പര്‍ ഹിറ്റ് ആകണമെന്നില്ലല്ലോ. അതിന് കുറച്ച് വിവേകവും വകതിരിവും ജനാധിപത്യബോധവും ആണ് വേണ്ടത്. അതില്ലെങ്കില്‍ പിന്നെ ഇങ്ങനൊക്കെ കേള്‍പ്പിക്കും. താരങ്ങള്‍ എന്നൊക്കെ മാധ്യമങ്ങള്‍ എഴുതി എന്നു കരുതി ഇവരാരും ഭൂമിയില്‍ ചവിട്ടാതെയല്ലല്ലോ ജീവിക്കുന്നത്. അതോര്‍ത്താ മാത്രം മതി.

നായകന് പ്രേമിക്കാനും  രണ്ടെണ്ണം പൊട്ടിക്കാനുമൊക്കെ കാരണമാകേണ്ട നായികമാരാണ് അമ്മ സിനിമയിലെ ശരിക്കും ഹീറോസ്. അവരല്ലേ സംഘടന പ്രായപൂര്‍ത്തിയാവുമ്പോഴേക്കും പക്വത കൈവരിച്ചത്. അവിടെ മാത്രം തിരക്കഥ പക്ഷേ പാളി. സത്യത്തില്‍ പാളിയതല്ല. അഭിനയിച്ചു കൂട്ടിയ സിനിമകളിലൊക്കെ എഴുതി ഫലിപ്പിച്ച പെണ്ണുങ്ങളെപ്പോലെ തന്നെ എല്ലാ പെണ്ണുങ്ങളേയും അങ്ങ് കണ്ടു. അങ്ങനെയാണ് പാളിയത്. പക്ഷേ സ്ത്രീകൂട്ടായ്മയുടെ സിനിമ അത് ബംബര്‍ ഹിറ്റായി ഓടുകയല്ലേ. നാലുേപര്‍ രാജിവച്ചതിനു പിന്നാലെ ദാ രേവതിയും പാര്‍വതിയുമൊക്കെ പത്മപ്രിയയുമൊക്കെ കത്തുനല്‍കിയിട്ടുണ്ട്.

സംഭവം ഇങ്ങനെ നാലുപാടും ചര്‍ച്ചയൊക്കെ ആവുമ്പോഴും അമ്മയുടെ തലപ്പത്തുള്ളവര്‍ക്കൊക്കെ ഒരേ ഭാഷയാണ്. എന്നുവച്ചാല്‍ നിശബ്ദതയുടെ ഭാഷ. ആരും ഒന്നും മിണ്ടുന്നില്ല. പത്തുപതിനെട്ടു കൊല്ലം അമ്മയെ പോറ്റിയ ഇന്നസെന്‍റൊക്കെ പുതിയ പ്രസിഡന്റ് മോഹന്‍ലാലിനെ തേടി നടക്കുകയാണ്. കാരണം ദിലീപിനെ പുറത്താക്കുമ്പോള്‍ ഇന്നസെന്‍റും തിരിച്ചെടുക്കുമ്പോള്‍ മോഹന്‍ലാലുമായിരുന്നല്ലോ പ്രസിഡന്റുമാര്‍. പക്ഷേ മോഹന്‍ലാലിന്‍റെ അതേ തീരുമാനം തന്നെയാണ് ഇന്നസെന്‍റിനും എന്നതാണ് ഈ സംഘടനയുടെ പ്രത്യേകത. എന്തൊരച്ചടക്കമാണിവര്‍ക്ക്. ആക്ഷന്‍ പറയാതെ ആരും ഒരു ഡയലോഗും അടിക്കില്ല പോലും.

ഇന്നസെന്‍റ് മാത്രമല്ലല്ലോ. ദാ ആ മുകേഷും ഗണേഷുമൊക്കെ ജനപ്രതിനിധികളുമാണ് അമ്മയുടെ ഭരണക്കാരും ആണ്. ഇവരാരും പക്ഷേ അമ്മയുടെ പേരിലല്ലോ തിര​ഞ്ഞെടുപ്പിന് നിന്നത്. ആ നിലയ്ക്ക് അവര്‍ ഉത്തരവാദികളായ വിഷയത്തില്‍ നാട്ടുകാരോട് സംസാരിക്കേണ്ടതുതന്നെയാണ്. അല്ലാതെ മണ്ഡലകാര്യം മാത്രമേ പറയൂ എന്നു പറഞ്ഞാല്‍ മണ്ഡലകാര്യം മാത്രം നോക്കി നടന്നോണം. അല്ലാതെ വേറെ പണിഒപ്പിക്കുമ്പോള്‍ സ്വാഭാവികമായി ചോദ്യം വരും. അപ്പോ ഞഞ്ഞാപ്പിഞ്ഞാ പറഞ്ഞിട്ടെന്താ. ഒരു കാര്യോം ഇല്ല.

മുകേഷൊക്കെ ഇങ്ങനെ മിണ്ടാതെ നടക്കുന്ന സ്ഥിതിക്ക് ഇനി ലാലേട്ടന്‍ വരേണ്ടിവരും. ഇനി അങ്ങേര് വല്ല ബ്ലോഗും എഴുതുകയാണോന്നറിയില്ലല്ലോ. ഏതായാലും ഈ വിഷയം എഴുതാന്‍ വഴിയില്ല. തനിക്ക് നേരിട്ട് അനുഭവിക്കേണ്ടതില്ലാത്ത വിഷയങ്ങളിലേ പ്രതികരിക്കാറുള്ളു. ഇവിടെ കാര്യങ്ങള്‍ അങ്ങനെയല്ലല്ലോ. എന്തായാലും നല്ല രാശിയാണ്. സ്ഥാനമേറ്റതേയുള്ളു. സംഗതി മെഗാഹിറ്റിലേക്കല്ലേ പോകുന്നത്.

ഈ സിനിമയുടെ കാര്യം പറയുമ്പോള്‍ അത് മോഹന്‍ലാലിന്‍റെ പടം മമ്മൂട്ടിയുടെ പടം ദിലീപ് ചിത്രം എന്നൊക്കെയാണല്ലോ പറയാറ്. എന്നുവച്ച് അവര്‍ ഒറ്റയ്ക്ക് അഭിനയിക്കുന്ന പടമൊന്നും അല്ലല്ലോ ഇവയൊന്നും. പിന്നേയും കുറെ നടീനടന്‍മാര്‍ പിന്നിലുണ്ടാവും. പക്ഷേ ആരും പറയില്ല. അതുപോലെയൊക്കെയാണ് അമ്മയിലെ കാര്യങ്ങളും. ഇവരൊക്കെ അങ്ങ് തീരുമാനിച്ചാല്‍ അതാണ് തീരുമാനം എന്നങ്ങ് വിചാരിച്ചു. ആന്‍റിക്ലൈമാക്സുകള്‍ക്ക് മാര്‍ക്കറ്റുള്ള കാലമാണിതെന്ന് പാവങ്ങള്‍ അറിയാതെ പോയി. അത്രേ ഉള്ളു.