യെച്ചൂരിയുടെ എല്ലൂരുമോ

കോണ്‍ഗ്രസ് പാര്‍ട്ടിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന പാര്‍ട്ടി കോണ്‍ഗ്രസ് ഹൈദരാബാദില്‍ തുടങ്ങിയിയ സ്ഥിതിക്ക് നമുക്ക് നമുക്കും തുടങ്ങാം. .രാജ്യത്ത് പല പ്രശ്നങ്ങളുമുണ്ട്. ഇതിനുള്ള പ്രതിവിധി ഇടതുപക്ഷമാണെന്ന് സകല കമ്യൂണിസ്റ്റുകളും ഇടതടവില്ലാതെ പറയുന്നുമുണ്ട്. പക്ഷേ അതേ ഇടതുപക്ഷത്തെ പ്രശ്നങ്ങള്‍ എന്നുകഴിയും എന്നു ചോദിച്ചാല്‍ ആ പറഞ്ഞവര്‍ക്കാര്‍ക്കും മറുപടിയില്ല.  സിപിഎം വിഭാഗീയത കണ്ടു മടുത്തവരാണ് കേരള ജനത. പാര്‍ട്ടിയുടെ നിര്‍ദേശപ്രകാരമല്ലെങ്കിലും പ്രായാധിക്യത്തെത്തുടര്‍ന്ന് നേതൃത്വവുമായി സമരസപ്പെടാന്‍ വിഎസ് തയ്യാറായതോടെ മലയാളികള്‍ വിഭാഗീയത എന്ന വാക്ക് പതിയെ മറന്നു തുടങ്ങി. അപ്പോളാണ് അങ്ങ് ദില്ലിയില്‍ നിന്ന് ഹിന്ദിയില്‍ വിഭാഗീയത  എന്ന് കേട്ടുതുടങ്ങിയത്. യച്ചൂരിയാണ് പാര്‍ട്ടി സെക്രട്ടറിയെന്ന വസ്തുത അംഗീകരിക്കാത്ത ഒരേ ഒരാളേ രാജ്യത്തുള്ളൂ. അത് പ്രകാശ് കാരാട്ടാണ്. താന്‍ പറയുന്നതുപോലെയാണ് കാര്യങ്ങള്‍ നടക്കേണ്ടതെന്ന് കാരാട്ട് ശഠിക്കുന്നു. വെറുതെ ശഠിക്കുകയല്ല. ഏറെക്കുറെ പുള്ളി ആ വണ്ടിയുടെ സ്റ്റിയറിങ് തിരിക്കുന്നുമുണ്ട്. അങ്ങനിരിക്കെയാണ് ശത്രുക്കളെ നിശ്ചയിക്കാനുള്ള സമയം എത്തിയത്. ബിജെപിയും കോണ്‍ഗ്രസും ശത്രുക്കളാണെന്ന് കാരാട്ട്. കാവിക്കാണ് മണികെട്ടണ്ടതെന്നും അതിനുള്ള ചരട് കോണ്‍ഗ്രസും മണി സിപിഎമ്മും വാങ്ങണമെന്ന് യച്ചൂരിയും നിലപാടെടുത്തു. കൊല്‍ക്കത്തയില്‍ പ്ലീനം കഴിഞ്ഞപ്പോള്‍ യച്ചൂരി പ്ലിങ് ആയി. അതിനുശേഷം വേദി മാറുകയാണ്. വണ്ടി നേരെ ഹൈദരാബാദിന്. ഇരുപത്തി രണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ തകൃതിയാണ് കാര്യങ്ങള്‍.

പാവം വിഎസ്. യച്ചൂരിയും വിഎസും ചക്കരയും അടയും പോലെയാണ്.  ആ ചക്കരക്ക് തന്‍റെ ഗതിവരുമോ എന്നതാണ് ഇപ്പോള്‍ വിഎസിന്‍റെ ആശങ്ക. പ്ലീനത്തില്‍ തോറ്റ യച്ചൂരി തന്‍റെ ബദല്‍ രേഖ ഉപേക്ഷിക്കാന്‍ തയ്യാറല്ല. സമാന്തര രേഖ എന്ന് പേര് മാറ്റി പഴയ അതേ കുത്തിക്കുറുപ്പുകളുമായാണ് ഹൈദരാബാദിന് വിമാനം കയറിയത്. അടവുനയം എന്ന അടവ് തന്‍റഎ അടുത്തു വേണ്ട എന്ന് യച്ചൂരിയോട് കാരാട്ട് എകെജി ഭവനില്‍നിന്നിറങ്ങിയപ്പോളേ പറഞ്ഞിരുന്നു. പക്ഷേ വിടില്ല ഞാന്‍ എന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസിന് ലിഫ്റ്റ് കൊടുക്കാന്‍ ആവര്‍ത്തിച്ച് ശ്രമിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി. തമ്മില്‍ മിണ്ടാല്‍ ഭാഷ ഒരു പ്രശ്നമാണെങ്കിലും കോണ്‍ഗ്രസ് എന്നു കേട്ടാലുടന്‍ ഒരുവിഭാഗം അനുകൂലിക്കും. ബാക്കിയുള്ളവര്‍ എതിര്‍പ്പുയര്‍ത്തും. പാര്‍ട്ടി കോണ്‍ഗ്രസ് എന്ന് അനൗണ്‍സ് ചെയ്തപ്പോള്‍  പാതിയുറക്കത്തിലായിരുന്ന ഒരു കാരാട്ട് പക്ഷക്കാരന്‍ ചാടി എണ്ണീറ്റ് കോണ്‍ഗ്രസ് ബന്ധം പാടില്ല എന്ന് പറഞ്ഞത്രേ. അത്രക്കാണ് വിരോധം. ഈ പ്രശ്നം ഒഴിവാക്കാന്‍ അടുത്ത തവണ പാര്‍ട്ടി കോണ്‍ഗ്രസ് എന്ന പേര് പാര്‍ട്ടി കമ്യൂണിസ്റ്റ് എന്നാക്കാനും ആലോചനയുണ്ട്.

രാജ്യത്തെ ഏക ഇടത് മുഖ്യമന്ത്രിയായ പിണറായിക്കും പാര്‍ട്ടിയുടെ രക്ഷകര്‍ത്താക്കളില്‍ ഒരാളായ വിഎസ് അച്യുതാനന്ദനും ഹൈദരാബാദില്‍ വീരപരിവേഷമാണ്.  കോണ്‍ഗ്രസുമായി സഹകരണം വേണ്ട തുടങ്ങിയ വിഷയങ്ങളില്‍ തന്‍റെ നിലപാട് നേതൃത്വത്തെ അറിയിക്കാന്‍ പിണറായി കോടിയേരി ബാലകൃഷ്ണനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അല്ലെങ്കിലും അവര്‍ ഉടല്‍ രണ്ടാണെങ്കിലും നാവ് ഒന്നാണല്ലോ. 

അടുത്തിടെ ഒരു പാര്‍ട്ടി വേദിയിലും വിഎസിന് ഇങ്ങനെ ഒരു സ്വീകരണം കിട്ടിയിട്ടുണ്ടാവില്ല. മനസിലെ സകല വേദനയും കടിച്ചമര്‍ത്തി യച്ചൂരി എന്ന സംഘാടകന്‍ ഓടിനടപ്പുണ്ട്. തനിക്കെതിരെ പറയാന്‍ വന്നവന്മാരാണെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ഓരോ സഖാക്കളുടെയും കാര്യങ്ങള്‍ കൃത്യമായി നോക്കുന്നുണ്ട് ജനറല്‍ സെക്രട്ടറി. തൃപുരയിലെയും ബംഗാളിലെയും സഖാക്കളുടെ മുഖത്ത് തെളിച്ചം അത്രക്കങ്ങില്ല.  എങ്ങനെ ഉണ്ടാകാനാ. എല്ലാം പോയില്ലേ. എന്നാലും വീര്യത്തിന് തെല്ലും കുറവില്ല. കോണ്‍ഗ്രസ് ബൂര്‍ഷ്വ ഭൂപ്രഭു പാ‍ര്‍ട്ടിയാണെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ കാരാട്ട് പറഞ്ഞത്. ഉദ്ഘാടനപ്രസംഗത്തില്‍ യച്ചൂരി പറഞ്ഞ കോണ്‍ഗ്രസ് മൃദു പ്രസംഗം ഏവരും മനസില്‍നിന്ന് ഡിലീറ്റ് ചെയ്യാനും കാരാട്ട് ആവശ്യപ്പ്ട്ടത്രേ