‘നീരാ’ഹാര സമരം

ഇന്ത്യാ മഹാരാജ്യത്ത് ഇന്നൊരു സമരം നടന്നു. പല സമരങ്ങളും പ്രത്യേകിച്ചും ദളിത് പ്രക്ഷോഭങ്ങള്‍, കാവേരി പ്രശ്നം, കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇതൊക്കെ കൊടുമ്പിരി കൊണ്ട് നടക്കുമ്പോഴാണ് രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്കും ഒരു പൂതി തോന്നിയത്. എന്നാ പിന്നെ എന്തുകൊണ്ട് സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിക്ക് ഒരു സമരമായിക്കൂടാ. പക്ഷേ ഒരു കാരണം വേണ്ടേ. അങ്ങനെ ആലോചിച്ചപ്പോഴാണ് പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചതിനെതിരെ പട്ടിണി കിടന്നൊരു സമരം തലയില്‍ ഉദിച്ചത്. രാജ്യത്ത് ബിജെപി സമരം ചെയ്യുന്ന ഏക സ്ഥലം കേരളമായതുകൊണ്ട് സംഘാടനത്തിലും നടത്തിപ്പിലും കേരളത്തിലെ സമരം മികച്ചു നിന്നു.

വി.മുരളീധരന്‍ പിന്നെ കൊല്ലം കുറെയായി സമരമൊക്കെ ചെയ്യുന്നു. സുരേഷ് ഗോപിച്ചേട്ടനാണെങ്കില്‍ ഇതൊക്കെ പുതുക്കത്തിന്‍റേതാണ്. പിന്നെ കൊണ്ടുപോയി എംപിയൊക്കെ ആക്കിയതല്ലേ. സമരമൊക്കെ ഇനിയെങ്കിലും ആവാം. ഇനി കാരണം വിശദീകരിക്കണമല്ലോ. പാര്‍ലമെന്‍റ് എന്ന് കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ അത് എന്താണെന്നും എങ്ങനെയുള്ളതാണെന്നും കുമ്മനേട്ടന്‍ നല്ല ഭാഷയില്‍ വിശദീകരിക്കും. അങ്ങനെ പാര്‍ലമെന്‍റിനെ ഒരു നിലയില്‍ എത്തിച്ച ശേഷം മനസിലാവും സമരത്തിന്റെ പ്രസക്തി എന്താണെന്ന്. അത്തരത്തിലാണ് തിരക്കഥ ഒരുക്കിയിട്ടുള്ളത്.

കണ്ടോ കണ്ടോ ഇതുപോലെയുള്ള ഒരു പുണ്യസ്ഥലത്തേക്കാണ് മോദിജി പോലും സമ്മേളനകാലത്ത് അകത്ത് കയറാന്‍ കൂട്ടാക്കാതിരുന്നത്. പാര്‍ലമെന്റിലെ ഹാജര്‍ പട്ടിക എടുത്താല്‍‌ മനസിലാകും അത്. ഈ കോടിക്കണക്കിന് ആളുകളുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും ചിന്തകളും ഒക്കെ കൈകാര്യം ചെയ്യുമ്പോള്‍ പ്രധാനമന്ത്രി എവിടെപ്പോയതാണെന്ന്. ശരി കുമ്മനംജി അങ്ങ് തുടരൂ...കേള്‍ക്കാന്‍ നല്ല രസമുണ്ട്.

കുമ്മനം രാജശേഖരന് ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ എല്ലാവിധ അവകാശങ്ങളുമുണ്ട്. അത് മറ്റുള്ളവര്‍ക്കും ഉണ്ടെന്ന് കുമ്മനംജി പറയുന്നതാണ് ശരി. അത് പ്രതിപക്ഷവും അങ്ങ് ഉപയോഗപ്പെടുത്തി എന്നുമാത്രം. എന്നാലും സഭ മുടക്കിയതല്ല, പ്രധാനമന്ത്രി മോദിയെ ഒരു ദിവസം പട്ടണിയിലേക്ക് നയിച്ചതിന്റെ ദേഷ്യവും സങ്കടവുമാണ് ബിജെപിക്കാര്‍ക്ക് സഹിക്കാന്‍ പറ്റാത്തത്. കുമ്മനേട്ടന്‍ പറയുന്നത് കേട്ടാല്‍ അത് മനസിലാവും. ആ ഉള്ള് പിടക്കുന്നത്. ആ ഉള്ള് തേങ്ങുന്നത്. സലകലമാന പ്രതിപക്ഷകക്ഷികളും സൂക്ഷിച്ചോളനം, കുമ്മനംശാപം ഉഗ്രശാപമാണ്.

പതിവ് ബിജെപി സമരം പോലെ അമിത് ഷാ പകുതിക്ക് വച്ച് നിര്‍ത്തി. സമരമായാലും കാല്‍നടയാത്ര ആയാലും പുള്ളിക്കാരന് ഒന്നും അങ്ങട് മുഴുമിപ്പിക്കാന്‍ സാധിക്കാറില്ല. നടക്കുമ്പോള്‍ കാലുകള്‍ തമ്മിലുരസും. പട്ടിണി കിടക്കാമെന്ന് കരുതിയാല്‍ വേറേയും പ്രശ്നങ്ങള്‍. അങ്ങനെ ഷാജിയുടെ സമരം ധര്‍ണയാക്കി ഇളവ് നല്‍കികൊണ്ട് നടപ്പാക്കി. പക്ഷേ ജോലി ചെയ്ത് പട്ടിണിസമരം നടത്താന്‍ മോദി കണ്ടെത്തിയ സ്ഥലം കൊള്ളാം. അങ്ങ് തമിഴ്നാട്ടില്‍. അവിടെ കാവേരി നദിയിലെ വെള്ളം ആര്‍ക്ക് എന്നകാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അപ്പോഴാണ് മോദി ആ വഴി പോയതും ഉപവസിച്ചതും. പക്ഷേ ഉള്ളത് പറയാലോ, അതിലും വലിയ സമരം മോദിക്കെതിരെ നടന്നതുകൊണ്ടും അത് കണ്ടും കേട്ടും വയറു നിറഞ്ഞതുകൊണ്ടും ഈ ഉപവാസസമരത്തില്‍ മോദിജിക്ക് വല്യ വിശപ്പ് അനുഭവപ്പെടാനേ സാധ്യതയില്ല.

കുമ്മനംജിയൊക്കെ പറഞ്ഞത് കേട്ടില്ലേ മോദിയുടെ വിശിഷ്ട വ്യക്തിത്വത്തെപ്പറ്റിയൊക്കെ. സത്യത്തില്‍ ഈ മോദി ഒരു സംഭവമാണ്. സംഭവമെന്ന് വച്ചാല്‍ ഒന്നൊന്നര സംഭവം. ചായക്കടക്കാരനില്‍ നിന്ന് പ്രധാനമന്ത്രിവരെ ആയ ആളാണ്. സര്‍ട്ടിഫിക്കറ്റ് കൈയ്യിലില്ലെങ്കിലും ബിരുദാനന്തര ബിരുദം കൈയ്യിലുണ്ടെന്ന് ഏവരും സമ്മതിക്കും. അപ്പോ പിന്നെ രാഷ്ട്രപിതാവിനെ വരെ സ്വന്തം നിലയ്ക്ക് ഇഷ്ടമുള്ള പേരിട്ടും വിളിക്കും.