'വത്തക്ക' മാഷിന്റെ കവല പ്രസംഗം

വത്തക്ക, നല്ല പച്ചക്കളറില്‍ മുഴുത്തു നില്‍ക്കുന്ന എന്നാല്‍ അകത്ത് നല്ല ചുവപ്പന്‍ വിപ്ലവം അടക്കം ചെയ്ത ഒന്നാണ്. രാഷ്ട്രീയമായി പറഞ്ഞാല്‍ ഒരു കമ്മ്യൂണിസ്റ്റ് ലീഗ് ലയനസമ്മേളനത്തിന്‍റെ ബൈപ്രോഡക്ടാണ് ഈ പഴം. മലബാറിന് പുറത്തുള്ള മലയാളികള്‍ക്കായി തണ്ണിമത്തന്‍ എന്നു തിരുത്തി പറയുന്നു. എന്നിട്ടും മനസിലാകാത്ത സാധാരണക്കാര്‍ക്കുവേണ്ടി വാട്ടര്‍ മെലണ്‍ എന്നും പറയാം. സംഗതി നല്ല ചൂടാണ്. എവിടെ തിരഞ്ഞു നോക്കിയാലും നല്ല വത്തക്ക കാണാം. ചൂടത്ത് കടകളിലും റോ‍‍ഡരികിലും കാണുന്ന വത്തക്കയല്ല ചിലര്‍ ചിലയിടത്ത് കണ്ടത്. പ്രത്യേകിച്ചും ഒരധ്യാപകന്‍.   പഠിപ്പിക്കുന്ന കോളജിലെ കുട്ടികളെ ഓര്‍ത്താണ് മാഷിന്റെ ദണ്ണം മുഴുവന്‍. അത് നല്ലൊരു അധ്യാപകന്‍റെ ലക്ഷണമാണ്. പക്ഷേ മാഷിന്റെ സങ്കടം കട്ടിട്ട് നാട്ടുകാര്‍ക്ക് മുഴുവന്‍ ആ കുട്ടികളെ ഓര്‍ത്തും സങ്കടം തോന്നിപ്പോവും. അതാണവസ്ഥ.

**************************

ഈ ഉദാഹരണങ്ങള്‍ ചമക്കുന്നത് ആളുകള്‍ക്ക് സംഗതി പെട്ടന്ന് പിടികിട്ടാനാണ്. ഇതെന്തായാലും ഒന്നൊന്നര വിശദീകരിക്കലായിപ്പോയി. വത്തക്കയുടെ സോറി തണ്ണിമത്തന്‍റെ മാര്‍ക്കറ്റ് തന്നെ കുത്തനെകൂടിയെന്നാണ് കരക്കമ്പി. ചിലര്‍ക്ക് ഇപ്പോള്‍ കടയില്‍ പോയി വത്തക്കവെള്ളം എന്നു പറയാനാണത്രെ ബുദ്ധിമുട്ട്. ആളുകളൊക്കെ എന്തൊക്കെ വിചാരിച്ചുപോവുമെന്ന് പറയാന്‍ പറ്റില്ലല്ലോ. ഉന്നത വിദ്യാഭ്യാസരംഗം അറിവിന്‍റെ പുതിയ ആകാശങ്ങള്‍ തുറക്കണമെന്ന് പറഞ്ഞ് വിദ്യാഭ്യാസമന്ത്രി നാക്കെടുത്ത് തിരിച്ച് വായിലിട്ടതേയുള്ളു. നോക്കണേ സമൂഹത്തിന്റെ പുരോഗതി വരുന്ന ഓരോരോ വഴികള്‍.

****************************

ജനിക്കാണെങ്കില്‍ സല്‍മാന്‍ ഖാനെങ്കിലും ആയി ജനിക്കണം. പരലോകജീവിതത്തെക്കുറിച്ച് പണമുണ്ടെങ്കില്‍ ചിന്തിക്കേണ്ട കാര്യമേയില്ല. ഇഹലോകം സ്വര്‍ഗമാക്കുന്നവരാണല്ലോ അവര്‍. പക്ഷേ സല്‍മാനെകണ്ട് കണ്ട്രികളായ സാധാരണ ദരിദ്രവാസികള്‍ ചിന്തിച്ചാല്‍ അത് പൊറുക്കാനാവാത്ത തെറ്റാണ്. അവരിങ്ങനെത്തന്നെ ജീവിച്ചോണം. ഇഹലോകജീവിതമല്ലല്ലോ ജീവിതം.  പിന്നെ നാടുനന്നാവാത്തതില്‍ പഴി മുഴുവന്‍ പെണ്ണുങ്ങള്‍ക്കാണ്. ഈ പെണ്ണുങ്ങളെ നന്നാക്കി നന്നാക്കി ഈ ആണുങ്ങളുടെ ജീവിതം ഒരു കരയ്ക്കടുത്താ മതിയായിരുന്നു. ഇത്രയൊക്കെ പെണ്‍ നന്‍മ ആഗ്രഹിക്കുന്ന പുരുഷപ്രജകളുടെ പൂന്തോട്ടമായിട്ടും പിന്നെന്തിനാണ് ഈ ലോകത്തെ നിലവിലെ ആണ്‍കോയ്മയെ എതിര്‍ക്കുന്നതാവോ?

*********************************