ചോരയില്‍ നോക്കി ചിരിക്കാന്‍ അറിയാത്തതുകൊണ്ട് കണ്ണൂരിനെപ്പറ്റി പറയാതിരിക്കുകയായിരുന്നു. എന്നാല്‍ കെ സുധാകരന് സമ്മതിക്കില്ല എന്ന സ്ഥിതിവന്നാല്‍ എന്തുചെയ്യും. കുമ്പക്കുടി എന്നതിന്റെ ചുരുക്കെഴുത്താണ് കെ എന്ന് ഔദ്യോഗിക രേഖകള്‍ പറയുന്നുണ്ടെങ്കിലും കണ്ണൂര്‍ സുധാകരന് എന്നാണ് അതിന്റെ പൂര്ണ്ണരൂപമെന്ന് ഈ ലോകത്തെ കാക്കത്തൊള്ളായിരം പേരും വിശ്വസിക്കുന്നു. കോണ്‍ഗ്രസിലെ ഒറ്റയാന്. സ്വന്തമായി ഒരു ഗ്രൂപ്പ്. വിശാല മനസ്കനായതുകൊണ്ട് ഐ എന്ന അക്ഷരം മറ്റുപലര്ക്കായി വിട്ടുനല്‍കിക്കൊണ്ട് വിശാല ഐക്കാരനായി ജീവിക്കുന്നു. വെട്ടൊന്ന് മുറി രണ്ട്. ഒരു മുറിയില്‍ സുധാകരന് താമസിക്കും. അതാണ് ശൈലി. പുലിയിറങ്ങുന്ന നാട്ടില്‍ പിടിച്ചു നില്ക്കണമെങ്കില് മിനിമം ഒരു പുലിമുരുകനെങ്കിലുമാകണം. അതുതന്നെയാണ് സുധാകര ലൈനും. പാര്‍ട്ടിയുടെ ഗാന്ധിയന്‍ മാര്‍ഗത്തോട് പണ്ടേ കക്ഷിക്ക് അത്ര മതിപ്പുപോരാ. എന്നിട്ടും അദ്ദേഹം ഇക്കുറി ഒരു തീരുമാനമെടുത്തു. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ഒറ്റയാന് അനിശ്ചിതകാല നിരാഹാരം തുടങ്ങി. പാര്‍ട്ടിയോട് കാര്യങ്ങള്‍ ആലോചിക്കുന്ന പതിവ് പണ്ടേ ഇല്ലെങ്കിലും കെപിസിസിക്ക് ഇക്കുറി ഒരു കുറിമാനവും അയച്ചു. മറുപടി വരും മുന്നേ പുലി കൂളറിന്റെ മുന്നില്‍ കയറി നിവര്‍ന്നങ്ങ് കിടന്നു
കാര്യം നൈസ് പണിയായിരുന്നു. നാല്‍പ്പത്തിയെട്ടു മണിക്കൂറില്‍ നാരങ്ങാവെള്ളോ കുടിച്ച് പൊടീം തട്ടി പൊക്കോണമെന്ന് ചെന്നിത്തല പറഞ്ഞപ്പോ താന്‍ പോ ഊവാ എന്ന ലൈനാണ് സുധാകരന് സ്വീകരിച്ചത്. പണി പാലുംവെള്ളത്തില്‍ കിട്ടട്ടെ എന്നു കരുതി പണ്ടേ സുധാകര വിരുദ്ധനായ ഉമ്മന്‍ ചാണ്ടി വെറുതെ കൈയ്യടിച്ച് നിരാഹാരത്തെ പ്രോല്‍സാഹിപ്പിച്ചു. സിബിഐ വന്ന് കേസന്വേഷണം തുടങ്ങിക്കഴിഞ്ഞ് അവരുടെ വണ്ടിയിലേ വീട്ടിലേക്കു മടങ്ങൂ എന്ന് ഇരുന്ന് പ്രഖ്യാപിച്ച സുധാകരന് കിടന്നുതുടങ്ങിയതോടെ ശബ്ദം ഇടറിത്തുടങ്ങി. മറുതലക്കലും കണ്ണൂരുകാരുടെ സംസ്ഥാന സമ്മേളമാണെന്ന് ആവേശത്തിനിടെ സുധാകരന് മറന്നതാണ് പൊല്ലാപ്പായത്. സിബിഐ എന്നാല്‍ സെന്‍ട്രല്‍ ബോള്‍ട്ടിന് ഇടി എന്നാണെന്ന് പിണറായി കട്ടക്കങ്ങ് പറഞ്ഞു. അപ്പോ ഇനി എന്തുചെയ്യും