സമ്മേളനത്തിലെ മേളപ്പെരുക്കം

ഇന്നത്തെ വള്ളിക്കെട്ടുകളല്ല. ഇന്നലെ തൃശൂരില്‍ നടന്ന വള്ളിക്കെട്ടുകളാണ്. മൂന്നാണ്ടു കൂടുമ്പോള്‍ സിപിഎം ഭക്ത്യാദരപൂര്‍വം  കൊണ്ടാടുന്ന മഹോല്‍സവമാണ് സംസ്ഥാന സമ്മേളനം. ഇത്തവണയും പരമ്പരാഗതമായ ആചാരാനുഷ്ടാനങ്ങളോടെ സമ്മേളനം നടന്നു. ബ്രാഞ്ച് സമ്മേളനം തുടങ്ങുമ്പോള്‍ മുതല്‍ ചുവന്ന റിബണണിഞ്ഞ് വ്രതമനുഷ്ഠിക്കുന്ന സഖാക്കള്‍ പാര്‍ട്ടി കോണ്‍ഗ്രസ് കഴിയുമ്പോഴേ  സമ്മേളനനിഷ്ടകളില്‍ നിന്ന് മുക്തരാകുകയുള്ളു. അതിനിടക്ക് വരുന്ന വലിയ ഉല്‍സമവാണീ സംസ്ഥാന സമ്മേളനം. ദീപശിഖ, കൊടിമരം തുടങ്ങി ഒരുപാട് ചിട്ടകള്‍ ഈ ഏര്‍പ്പാടിനുണ്ട്. പഷേ, ജി എസ് ടി വന്ന ശേഷമുള്ള ബജറ്റ് പോലെയായിരുന്നു വിഭാഗീയത പോയ ശേഷമുള്ള സമ്മേളനം. പഴയ ഒരു ഗുമ്മൊന്നുമുണ്ടായിരുന്നില്ല

.............................

അത് ശരിയാണ്. കേരളം വ്യത്യസ്തമാണ്. മറ്റു സംസ്ഥാനങ്ങളില്‍ ഇഷ്ടമുള്ള ആഹാരം കഴിക്കുന്നവരെ കൊല്ലുമ്പോള്‍ കേരളത്തില്‍ വിശക്കുമ്പോള്‍ തന്നെ ആളെക്കൊല്ലും. ആ ഒരു വ്യത്യാസമുണ്ട്. ഈ വ്യത്യസ്തമായ സംസ്ഥാനത്തില്‍ സിപിഎമ്മിനെ നയിക്കാന്‍ കോടിയേരിയെ വീണ്ടും തിരഞ്ഞെടുത്ത പാര്‍ട്ടിയെ ആദ്യമേ അഭിനന്ദിക്കട്ടേ. ആ പാര്‍ട്ടിയില്‍ തന്നെ വ്യത്യസ്തനാണ് അദ്ദേഹം. ചിരിക്കുന്ന മുഖമുള്ള സഖാവ് എന്നതാണ് കോടിയേരിയുടെ പ്രധാന യോഗ്യത. ബാക്കി നേതാക്കളൊന്നും ചിരിക്കാത്തവരായത് കൊണ്ട് കോടിയേരിക്ക് അങ്ങനെ പറയാന്‍ ഒരു യോഗ്യത കിട്ടി. മറ്റു നേതാക്കളൊക്കെ ആഗോള തലത്തില്‍ വിപ്ളവം എപ്പോള്‍ നടത്താം , എങ്ങനെ നടത്താം എന്ന് ഗൗരവമായി എപ്പോഴും ആലോചിക്കുന്നതു കൊണ്ടാണ് ചിരിക്കാന്‍ മറന്നു പോകുന്നത്. കോടിയേരിക്ക് പിന്നെ അത്തരം വലിയ ആലോചനകളൊന്നുമില്ല. മക്കളൊക്കെ നല്ല നിലയില്‍ എത്തണമെന്നും കേസും വഴക്കുമൊക്കെ ഒതുക്കി പോകണമെന്നുമൊക്കെയുള്ള മിനിമം ചിന്തകളേ ഉള്ളു. ഏതായാലും കോടിയേരി കാലത്തെ സമ്മേളനം കലക്കി.