പറന്നാണ് വിജയൻ

നാട്ടില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലാത്തതിന്‍റെ പരുങ്ങലിലായിരുന്നു. അപ്പോഴാണ് കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി പിണറായി വിജയന്‍ സഖാവിന് ഹെലികോടപ്ടറില്‍ യാത്രചെയ്യാന്‍ പൂതിയുദിച്ചത്. ഏതായാലും പാര്‍ട്ടി സമ്മേളനങ്ങള്‍ ഒക്കെ തുടങ്ങിയ സമയമാണ്. മുഖ്യമന്ത്രിയുടെ വേഷത്തിലും ഭാവത്തിലും പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നത് പിണറായി സഖാവിനെ സംബന്ധിച്ച് പുതിയൊരു അനുഭവമാണല്ലോ. കുറെ കാലം സെക്രട്ടറിയുടെ റോളില്‍ നടത്തിപ്പുകാരനായിരുന്നു. അങ്ങനെ പുതിയ വേഷത്തിലും ഭാവത്തിലും തൃശൂരില്‍ വന്നിറങ്ങിയപ്പോഴാണ് തലസ്ഥാനത്തേക്ക് ഹെലികോപ്ടര്‍ പിടിച്ചു പോയാലോ എന്നൊരു തോന്നലുണ്ടായത്. അവിടെ പോയി മന്ത്രിസഭായോഗമൊക്കെ കഴിഞ്ഞ് തിരിച്ചിങ്ങോട്ടും പറക്കാം. സമയവും ലാഭം. 

സമ്മേളനത്തിന്‍റെ ഉദ്ഘാടനപ്രസംഗം പതിവുരീതികളിലായിരുന്നു. എന്നുവച്ചാല്‍ റഷ്യ, ഫ്രാന്‍സ്, ലാറ്റിനമേരിക്ക, ചൈന അതൊക്കെ പിന്നിട്ട് ഇന്ത്യയിലെത്തി. പിന്നെ കേരളത്തിലും.സ്വന്തം നാട്ടിലെത്തിയപ്പോഴാണ് താനാണല്ലോ ഇവിടെ ഭരിക്കുന്നതെന്ന് ഓര്‍ത്തത്. അതുകൊണ്ട് ചൈനയേയും ഫ്രാന്‍സിനേയും പറഞ്ഞതുപോലെ കേരളത്തെ പറയാന്‍ പറ്റില്ല.അതുകൊണ്ട് ഉള്ള കാര്യം പറ‍ഞ്ഞു.ഭരണം ഇങ്ങനെയൊക്കെ അങ്ങ് പോകും. വലിയ പ്രതീക്ഷയൊന്നും വേണ്ട. കാരണം പൈസയില്ല. ഇതൊക്കെ പറഞ്ഞാണ് മുഖ്യന്‍ പറന്നുപോയത്. പറക്കാനുള്ള മനുഷ്യന്‍റെ ആശയ്ക്ക് സാമ്പത്തികമാന്ദ്യം ഒരുവിലങ്ങുതടിയേ അല്ലല്ലോ. 

മോഹങ്ങള്‍ കാണും. അതൊരു കമ്മ്യൂണിസ്റ്റിന് പ്രത്യേകിച്ചും. സോഷ്യലിസം തന്നെ ഉട്ടോപ്യന്‍ ആശയമാണെന്നാണ് വയ്പ്. എന്നിട്ടും അതിനുവേണ്ടി പോരാടുന്നവരാണല്ലോ അവര്‍. കൊടിനാട്ടിക്കഴിഞ്ഞാല്‍ അത് പാറിപ്പറക്കുന്നതാണ് മറ്റൊരു സ്വപ്നം. അതുകൊണ്ട് സ്വപ്നങ്ങളെക്കുറിച്ച് സഖാക്കളെ പഠിപ്പിക്കേണ്ട കാര്യമേയില്ല. തൃശൂരിലൊക്കെ ആവുമ്പോള്‍ പിണറായി സഖാവ് മരത്തില്‍ കാണുമ്പോള്‍ അത് മാനത്ത് കാണാന്‍ പലരും ഉണ്ടാവും. അതുകൊണ്ടെന്താ പറക്കാനായില്ലേ. പിന്നെ ഈ പറന്നത് തന്നെ പറക്കുന്ന വാഹനങ്ങളിലെ ഏറ്റവും ലോക്കല്‍ സെറ്റപ്പിലാണുതാനും. അതിനു തന്നെ ഒരു ഇടതുചായ്്വിലല്ലേ. പിന്നെന്താണ് പ്രശ്നം. 

പറന്നത് പറന്നു. മുമ്പ് വെള്ളാപ്പള്ളി നടേശനൊക്കെ പറന്നപ്പോഴാണ് അതൊരു കുറ്റമായി സഖാക്കള്‍ക്ക് തോന്നിയത്.പിണറായി പറക്കുമ്പോള്‍ അതൊരു കുറ്റമല്ല. അതിന്‍റെ ചെലവ് സര്‍ക്കാര്‍ കണക്കില്‍ എഴുതാതിരുന്നാമാത്രം മതി.പിന്നെ വേറെയാര് കൊടുക്കുമോ ആവോ. ഇനി ഫ്രീ സര്‍വീസാണോന്നും അറിയില്ല.തൃശൂരീന്ന് കയറി തൃശൂരില്‍ തന്നെ തിരിച്ചിറങ്ങുമ്പോള്‍ അങ്ങനേയും പ്രതീക്ഷിക്കാം. പക്ഷേ തോമസ് ഐസക്കിന് ഒരു വിശദീകരണം ആവശ്യമാണ്. പാവം , വരവ് ചെലവ് കണക്കൊപ്പിക്കാന്‍ അങ്ങേര് പെടുന്ന പാട് അങ്ങേര്‍ക്ക് മാത്രമേ അറിയൂ. 

ഇനിയിപ്പോ പാര്‍ട്ടി സമ്മേളനത്തിനായി ധൂര്‍ത്തടിച്ച് സര്‍ക്കാര്‍ ഖജനാവ് കാലിയാക്കി എന്നൊക്കെ പറയാന്‍ വരുന്നവരോട് ദാ ഇങ്ങനെയങ്ങ് പറഞ്ഞേക്കണം സഖാവേ. അല്ല പിന്നെ