കുമ്പസാരക്കൂട്ടിലെ ഹസ്സൻ

ചാരത്തില്‍നിന്ന് പൊങ്ങിവരാന്‍ വെമ്പിനില്‍ക്കുകയാണ് ഐഎസ്ആര്‍ഒ ചാരക്കേസ്. ആ ചാരത്തില്‍ അല്‍പ്പം വിറകും ചെറിയൊരു തീപ്പൊരിയും, അത്രയേ ഹസന്‍ ചെയ്തൊള്ളൂ. ദേശാടനപക്ഷി എന്നൊരു ഓമനപ്പേര് ഹസനുണ്ട്. കെപിസിസി പ്രസിഡന്‍റ് പദവിയൊക്കെ കിട്ടിയ സ്ഥിതിക്ക് ഇനി ദേശാടനം വേണ്ട എന്നാണ് തീരുമാനം. അപ്പോള്‍ പിന്നെ സുഖിപ്പക്കേണ്ടവരെ സുഖിപ്പിക്കണം. റക്കമന്‍ഡ് പിന്നെ ഹൈക്കമാന്‍ഡ്, അതാണ് കോണ്‍ഗ്രസിന്‍റെ അധികാര ശ്രേണി. അതില്‍ റെക്കമന്‍ഡ് പദവിയില്‍ എകെ ആന്‍റണിയാണുള്ളതെന്ന് ഹസന് അറിയാത്തതല്ലല്ലോ 

ക്രിസ്മസ് നാളില്‍ ഇങ്ങനൊരു പണി കിട്ടുമെന്ന് ഉമ്മന്‍ ചാണ്ടി സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല. ഇത്രയും ബുദ്ധി ഹസന് എവിടെനിന്നുകിട്ടി എന്നതാണ് ഉമ്മന്‍ചാണ്ടിയെ അല്‍ഭുതപ്പെടുത്തുന്നത്. 1993 മുതല്‍ 95 വരെയുള്ള കാലഘട്ടങ്ങളിലെ രഹസ്യങ്ങള്‍ ചാരമാക്കി മൂടിയതായിരുന്നു. കൂടെക്കിടന്നവന്‍ അത് കുത്തിപ്പൊക്കുന്നത് വലിയ ചതിയാണ്. ചതിക്കുത്തരം മുറിപ്പത്തല്‍ എന്ന് കോട്ടയത്തും പ്രത്യേകിച്ച് പുതുപ്പള്ളിഭാഗത്തും ചൊല്ലുണ്ട്. കിങ് മേക്കര്‍ കരുണാകരനെ സൈഡാക്കിയ കുശാഗ്രക്കാരന്‍ ആന്‍റണിയെ ഡല്‍ഹിക്ക് പറപ്പിച്ചവന്‍ എന്നൊരു ചീത്തപ്പേര് അല്ലെങ്കില്‍ത്തന്നെയുണ്ട്.