കോൺഗ്രസിന്റെ ബാഹുബലി

രാഹുല്‍ കാലത്തിലേക്ക് അങ്ങനെ കോണ്‍ഗ്രസ് പാര്‍ട്ടി ചേക്കേറി കഴിഞ്ഞു. നാല്‍പ്പത്തിയേഴു വയസുള്ള രാഹുല്‍ ഗാന്ധിയുടെ പിഞ്ചുചുമലുകളിലാണ് 132 വര്‍ഷം പഴക്കമുള്ള കോണ്‍ഗ്രസിന്‍റെ ഭാരമത്രയും. ഒരു വ്യാഴവട്ടം നീണ്ട വ്യാജ സസ്പെന്‍സിനാണ് ഇതോടെ തീരുമാനമായത്. 2004ല്‍ അമേഠിയില്‍ മനസില്ലാ മനസ്സോടെ മല്‍സരിക്കാന്‍ വന്നപ്പോഴേ നാട്ടിലെ കൊച്ചുകുഞ്ഞുങ്ങളൊക്കെ വിചാരിച്ചതാണ് രാഹുല്‍ നാളെ പാര്‍ട്ടി പ്രസിഡന്‍റാവുമെന്ന്. എന്നിട്ടും ഇല്ലാത്ത സസ്പെന്‍സ് ഇത്രയും കാലം ഓടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പുകള്‍ പലകുറി തോറ്റെങ്കിലും ഇക്കാര്യത്തില്‍ പാര്‍ട്ടി ഒരു ഗംഭീര വിജയമാണ്. 

ഹസനൊക്കെ പറയുന്നത് കേട്ടാല്‍ തോന്നും നമ്മളാരൊക്കെയോ ചേര്‍ന്ന് ഈ കോണ്‍ഗ്രസ് പാര്‍ട്ടിയെ തകര്‍ത്തതാണെന്ന്. ഇതൊക്കെ ആ പാര്‍ട്ടിയിലെ അഴമതിക്കാരോട് പറഞ്ഞാല്‍ തീരുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളു. ആ നേരത്ത് ടുജിയും കല്‍ക്കരിയും ഒക്കെ കൈയ്യിട്ടുവാരാന്‍ പോയിട്ടല്ലേ. ഇനി കിടന്ന് കരയ്യാ എന്നല്ലാതെ വേറെ വഴിയൊന്നും ഇല്ല. അതെന്തോ ആവട്ടെ ഇയിടയായി രാഹുലിനെ കാണുമ്പോള്‍ മനസിനൊരു സുഖമൊക്കെയുണ്ട്. തൊട്ടതിനും പിടിച്ചതിനും ആ പാവത്തെ ട്രോളിയവരൊക്കെ ഇപ്പോള്‍ വലിയ പശ്ചാതാപത്തിലാണ്. അവരാണോ അതോ രാഹുലാണ് മാറിയതെന്ന് വല്യ നിശ്ചയം പോര. സാഹചര്യങ്ങളുടെ സമ്മര്‍ദം കൊണ്ട് ഇരുകൂട്ടരും ഒരുമിച്ച് മാറിയതാവാനാണ് സാധ്യത.