ജ്യോതീം തീയും വന്നില്ല

സംഘികള്‍ എപ്പോഴും പറയുന്ന ഒരു കഥയുണ്ട്. ഭാരതപാരമ്പര്യം എന്നുവച്ചാല്‍ ത്യജിക്കുന്നവന്‍റേതാണെന്ന്. അതിന് ഉദാഹരണമായി പറയുന്നത് രാജ്യം ത്യജിച്ച് വനവാസത്തിന് പോയ രാമന്‍റെ കഥയുണ്ടാവും. ബുദ്ധനെ പറയും. വിവേകാനന്ദനെ പറയും. അങ്ങനെയുള്ള ആ കഥയിലേക്ക് പുതുതായി രണ്ടുപേരെ ചേര്‍ക്കാനിതാ സമയമായിരിക്കുന്നു. വെള്ളാപ്പള്ളി നടേശന്‍ ചേട്ടനേയും പുത്രന്‍ തുഷാര്‍ വെള്ളാപ്പള്ളിയേയും. രണ്ടുപേരുടേയും തലക്കകത്ത് നിന്ന് പുറത്ത് വന്ന ബിഡിജെഎസ് എന്ന പാര്‍ട്ടിക്ക് ഇനി ഒരു സ്ഥാനമാനവും വേണ്ടപോലും. ബിജെപി പറഞ്ഞു പറ്റിച്ചതാണെങ്കിലും ഇങ്ങനെയുള്ള കടുത്ത തീരുമാനമൊന്നും എടുക്കരുതായിരുന്നു. മുഖ്യമന്ത്രി സ്ഥാനം, കേന്ദ്രമന്ത്രി പദവി, ബോര്‍ഡ് കോര്‍പറേഷന്‍ സ്ഥാനങ്ങള്‍.ഹോ.എന്തൊക്കെയായിരുന്നു. 

നാട്ടിലെ ബിജെപിക്കാര്‍ കാലം കുറെയായി പണിയെടുത്തിട്ടും കേന്ദ്രം നഞ്ചിന്‍റെ പൈസ കൊടുത്തിട്ടില്ല. ദാ പോയി ദാ വന്നു എന്നൊക്കെ പറഞ്ഞു നടന്നയാള്‍ക്ക് എംപി സ്ഥാനം കിട്ടി. ന്യൂനപക്ഷ പ്രീണനം എന്നുപറഞ്ഞ് വോട്ടും വര്‍ഗീയ പ്രസംഗവും നടത്തിയിട്ടെന്തായി കേന്ദ്രമന്ത്രിപദവി കിട്ടിയതോ ഒരു ന്യൂനപക്ഷക്കാരന്. ആ നിലയ്ക്ക് വെള്ളാപ്പള്ളിക്കും കൂട്ടര്‍ക്കും വല്ലതും വാങ്ങിക്കൊടുക്കാന്‍ കുമ്മനവും കൂട്ടരും മെനക്കെടുമെന്ന് തലയില്‍ ആള്‍താമസമുള്ള ആര്‍ക്കും തോന്നില്ല.