എയിഡ്സിനേക്കാൾ മാരകം

ജിമിക്കി കമ്മല്‍ പാട്ടിന് എന്തോ പ്രശ്നമുണ്ട്. ആ പാട്ട് ഗംഭീര ഹിറ്റായപ്പോള്‍ പടം എട്ടുനിലയില്‍ പൊട്ടിപ്പോയി. പിന്നെ സാംസ്കാരിക കേരളത്തിന് ചിന്തിക്കാന്‍ പറ്റാത്ത തത്വചിന്തയാണ് പാട്ടിലുള്ളതെന്ന് ഇടതുപക്ഷ ബുദ്ധിജീവികളുടെ ചിന്തയില്‍ വരെ കയറിപ്പോയതാണ്. ഇതിപ്പോ മലപ്പുറത്ത് എയ്ഡ്സ് ബോധവല്‍ക്കരണത്തിന് ഫ്ളാഷ് മോബുമായി തട്ടമിട്ട പെണ്‍കുട്ടികള്‍ ചുവടുവച്ചു. എന്തായാലും കേരളത്തിലെ തട്ടമിട്ട കുട്ടികള്‍ക്ക് ആങ്ങളമാരുടെ കാര്യത്തില്‍ ഒരു കാലത്തും ഒരു കുറവും ഉണ്ടാവാനിടയില്ല. ഉപദേശങ്ങള്‍കൊണ്ട് വീര്‍പ്പുമുട്ടിക്കുന്ന ആങ്ങള സ്നേഹത്തിനു മുന്നില്‍ നല്ല നമസ്കാരം. 

അല്ലെങ്കിലും വ്യക്തിസ്വാതന്ത്ര്യം എന്നതൊക്കെ ചില കാര്യത്തിലേ പാടുള്ളു എന്നാണ് മനസിലാക്കേണ്ടത്. ചിലരുടെ മോചനത്തിന് ഇന്ത്യന്‍ ഭരണഘടന വേണം. ഇതേ ഭരണഘടന വച്ച് പക്ഷേ ഡാന്‍സ് ചെയ്യാന്‍ പാടില്ല. അവിടെ വ്യക്തിയും ഭരണഘടനയും ഒന്നും ആര്‍ക്കും വേണ്ട. 

ഇതൊക്കെ കാണുമ്പോഴാണ് ഈ ജിമിക്കി കമ്മല്‍ എന്ന തട്ടുപൊളിപ്പന്‍ പാട്ട് സംസ്കാരത്തിന് ചേര്‍ന്നതല്ലെന്ന് നേരത്തെ കണ്ടെത്തിയ സുപ്രസിദ്ധ ഇടതുപക്ഷ ചിന്തകയുടെ പ്രവാചക വചനം ഓര്‍മവരുന്നത്. അന്ന് ഇത് കേട്ടപ്പോ എല്ലാവരും പുച്ഛിച്ചു. ഇപ്പോ എന്തായി? മൂല്യബോധമായി, വഴിതെറ്റലായി, മതനിഷേധം വരെയായി.