ജനതയുടെ ആത്മാവിഷ്കാരമാക്കാൻ

ഇങ്ങനെ പോയാല്‍ പിണറായി വിജയന്‍ നയിക്കുന്ന ഇടതുമുന്നണി സര്‍ക്കാര്‍ വളരെ പെട്ടന്നുതന്നെ കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പുതിയൊരു തിരിച്ചറിയില്‍ കാര്‍ഡ് ഇറക്കാന്‍ വഴിയുണ്ട്. അതിന് ആദ്യം സര്‍ക്കാരിന്‍റെ വക അഭിമുഖമൊക്കെ ഉണ്ടാവും. ആദ്യത്തെ യോഗ്യത നാട്ടില്‍ എന്തു നടന്നാലും അതിന്‍റെ പേരില്‍ സര്‍ക്കാരിനെ കുറ്റംപറയാന്‍ പാടില്ല എന്നതാണ്. സംഗതി അതുതന്നെ, ചൈനയിലും ഉത്തരകൊറിയയിലുമൊക്കെ കേട്ടിട്ടില്ലേ മീഡിയ സെന്‍സര്‍ഷിപ്പ് എന്നൊക്കെ. പണ്ട് ഇന്ദിരാഗാന്ധിയും നമ്മുടെ രാജ്യത്തൊന്ന് പരീക്ഷിച്ച് പരാജയപ്പെട്ടിരുന്നു. പിന്നെ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് പറയുകയും അതിനുവേണ്ടി അക്ഷീണം പണിയെടുക്കുകയും ചെയ്യുന്നവര്‍ക്ക് തന്നെയാണല്ലോ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള അവകാശവും എന്ന് അവര്‍ക്ക് സ്വയം അങ്ങ് തോന്നിക്കാണണം. തെറ്റ്പറയാനൊക്കില്ല. 

അല്ലെങ്കിലും ഈ സിപിഎമ്മുകാര്‍ക്ക് പണ്ടേ മാധ്യമങ്ങളോട് വല്യ താല്‍പര്യമൊന്നും ഉള്ളവരല്ല. ഒന്നാമത് പാര്‍ട്ടിക്ക് ഒരു പത്രമുണ്ട്. ചാനലുമുണ്ട്. പിന്നെ എന്തിനാണീ കണ്ണില്‍കണ്ട ചാനലുകളും പത്രങ്ങളുമെന്നാണ് ചിന്ത. ഈ ജനാധിപത്യം എന്നതുതന്നെ കമ്മ്യൂണിസ്റ്റുകാരെ സംബന്ധിച്ച് ഒരടവുനയമാണ്. അല്ലാതെ അതിനോടൊന്നും ഉള്ളിന്‍റെയുള്ളില്‍ വല്യതാല്‍പര്യമൊന്നും ഉണ്ടായിട്ടല്ല. ഏകാധിപത്യമനോഭാവത്തിലൂടെ മാത്രമേ സോഷ്യലിസം കൊണ്ടുവരാന്‍ കഴിയൂ എന്നാണ് വയ്പ്. ആ നിലയ്ക്കൊക്കെ ചിന്തിച്ചാല്‍ എന്തിനാണ് നാട്ടിലിങ്ങനെ മാധ്യമങ്ങള്‍. അപ്പോ തൊട്ടപ്പുറത്ത് കിടക്കുന്ന തമിഴ്നാട്ടിലെ വാര്‍ത്താമാധ്യമങ്ങളോട് തനിയെ ബഹുമാനവും തോന്നും. കാരണം അവിടെയൊക്കെ കയറുകെട്ടി തിരിച്ചാണല്ലോ മാധ്യമപ്രവര്‍ത്തരെ നിര്‍ത്തുന്നത്. ഇനി അഥവാ സര്‍ക്കാരിനെതിരെ എഴുതിയാല്‍ ഇടിമുറികളില്‍ കൊണ്ടുപോയി സല്‍ക്കരിക്കും എന്നും കേട്ടിട്ടുണ്ട്.