കൂടോത്രക്കാരൻ അറസ്റ്റിൽ

ആക്ഷേപഹാസ്യപരിപാടികളൊക്കെ ശ്രദ്ധിച്ചുവേണം ഇനി ചുട്ടെടുക്കാന്‍. ബിജെപിയെയും പ്രധാനമന്ത്രിേയയും ട്രോളുന്നവരും ശ്രദ്ധിക്കണം. ഏതുനിമിഷവും അടിവീഴാം. തമിഴ്നാട് മുഖ്യമന്ത്രിയെ കഥാപാത്രമാക്കി കാര്‍ട്ടൂണ്‍ വരച്ച ഒരു മുപ്പത്താറുകാരന്‍ ബാലനെ പോലീസ് പിടിച്ച് അകത്തിട്ടു. തൊട്ടുപിന്നാലെ പ്രധാനമന്ത്രിയുടെ മുന്നറിയിപ്പെത്തി. മാധ്യമങ്ങള്‍ അധികാരം ദുരുപയോഗിക്കുന്നത് കുറ്റകരമാണെന്ന്. അറസ്റ്റും ഈ അഭിപ്രായവും തീര്‍ച്ചയായും കൂട്ടിവായിക്കണം. 

പക്ഷെ, ഈ പേടിപ്പിക്കലൊന്നും നമ്മുടെ ധനമന്ത്രിയുടെ അടുത്ത് ചെലവാകില്ല. തോമസ് ഐസക് പഠിച്ചത് വേറം സ്കൂളിലാണ്. അതിന്റെ ഗുണവും കാണിക്കുന്നുണ്ട്. നോട്ട് നിരോധിച്ചതുകൊണ്ട് അഞ്ചുപൈസയുടെ ഗുണം രാജ്യത്തിനില്ലെന്ന് ഐസക് തുറന്നടിച്ചുകളഞ്ഞു. നോട്ട് അസാധുവാക്കല്‍ സാമ്പത്തികശാസ്ത്രമറിയാത്ത ഏതോ മണകുണാഞ്ചന്‍മാരുടെ ഐഡിയ മാത്രമാണെന്നും ഐസക് കണ്ടെത്തിക്കളഞ്ഞു. 

പോയതുപോട്ടെ. പക്ഷെ, ഐസക് പറയുന്നത് കേള്‍ക്കുമ്പോള്‍ വീണ്ടും സങ്കടം തോന്നും. പണം ഉണ്ടായിട്ടും ഗുണമില്ലാതെ വെയിലത്തുനിന്നത് അത്രപെട്ടെന്ന് ആര്‍ക്കും മറക്കാനാകില്ല. ഇന്ത്യയെ മൊത്തത്തില്‍ നശിപ്പിക്കാനുള്ള പദ്ധതിയായിരുന്നു. സാമ്പത്തികശാസ്ത്രം അരച്ചുകുടിച്ച ഒരു ധനമന്ത്രി ഉണ്ടായിരുന്നതുകൊണ്ട് കേരളം നശിച്ചില്ല. മുജ്ജന്‍മസുകൃതം. 

ഐസക് പ്രയോഗിച്ച വാക്ക് സാമ്പത്തിക കൂടോത്രം എന്നാണ്. നല്ല കമ്യൂണിസ്റ്റുകള്‍ ഈ കൂടോത്രം എന്ന വാക്കില്‍പ്പോലും വിശ്വസിക്കാത്തവരാണ്. ഉദ്ദേശശുദ്ധി കണക്കിലെടുത്ത് അത് പോട്ടേന്ന് വയ്ക്കാം. എങ്കിലും യഥാര്‍ഥത്തില്‍ മോദിയല്ല ഈ കൂടോത്രക്കാരന്‍. അത് ചില ഉപദേശികളാണ്. നാഗ്പൂരിലാണത്രെ താമസം. അരുണ്‍ ജയ്റ്റിലി പോലും അറിയാതെ മോദി ഈ ഉപദേശം നടപ്പിലാക്കാന്‍ എന്തായിരിക്കും കാരണം. 

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പോലെയല്ല മലയാള സിനിമ. നന്നാകുന്ന ചില ലക്ഷണം കാണിച്ചുതുടങ്ങിയിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ട കാര്യം വിലക്കുകളുടെ കാലം കഴിഞ്ഞുതുടങ്ങി എന്നുള്ളതാണ്. വിനയന്റെ മടങ്ങിവരവ് രാജകീയമായിരുന്നു. സിനിമാസംഘടകളെല്ലാംകൂടി തടവിനിട്ട വിനയന്‍ പഴയ ആര്‍ജ്ജവം വീണ്ടെടുത്ത് സിനിമ ചെയ്യാനെത്തുകയാണ്. ചിത്രീകരണം തടസ്സപ്പെടുത്തി ആരും ക്യാമറയെടുത്ത് കൊണ്ടുപോകില്ലെന്ന് വിശ്വസിക്കാം. തന്റെ നട്ടെല്ലിനെ കുറിച്ച് നല്ല ബോധ്യമുണ്ട് വിനയന്. ചടങ്ങിനെത്തിയ മേജര്‍ രവിയാകട്ടെ സ്വന്തം നട്ടെല്ലില്‍ സംശയപ്രകടിച്ചാണ് തുടങ്ങിയത്. എന്തായാലും എല്ലാവരും കൂടി കട്ടക്ക് നിന്നാല്‍ സിനിമയൊന്ന് പച്ചപിടിക്കും. സംശയം വേണ്ട.