സർവ്വം ഗ്യാസ്

പാചകവാതകത്തെ കുറിച്ചാണ് വാചകം മുഴുവന്‍. ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി നാട്ടുകാരും സര്‍ക്കാരും തമ്മിലുള്ള ഏറ്റുമുട്ടലായതോടെ സംഗതി ഒന്നുകൂടി മൂത്തിട്ടുണ്ട്. മൂപ്പിക്കാന്‍ പ്രതിപക്ഷമാണ് രംഗത്ത്. മുക്കത്തെ സംഭവങ്ങള്‍ കണ്ട് മൂക്കത്ത് വിരല്‍വച്ചിരിക്കാന്‍ പ്രതിപക്ഷത്തിന് കഴിയില്ല. അവിടെ നടക്കുന്ന മനുഷ്യാവകാശ ധ്വംസനം സുധീരനെ ഭയചകിതനാക്കി. പിന്നെ ആരോഗ്യപ്രശ്നമൊന്നും നോക്കിയില്ല. കുഞ്ഞാലിക്കുട്ടിയേയും കൂട്ടി നേരെ വച്ചുപിടിച്ചു സമരഭൂമിയിലേക്ക്. ചെന്നിത്തലയുടെ പടയൊരുക്കത്തിന്റെ വേദി പങ്കിടുന്നതിലും നല്ലത് അതുതന്നെയാണെന്ന് ഇരുവരും വിചാരിച്ചുംകാണും. 

നാട്ടുകാരുടെ പ്രശ്നം. അത് മദ്യമായാലും വാതകമായാലും സുധീരന്റെ പ്രശ്നംകൂടിയാണ്. അവിടെ സ്വന്തം പാര്‍ട്ടി ഭരണപക്ഷത്തോ പ്രതിപക്ഷത്തോ എന്നുപോലും നോക്കാതെ സുധീരന്‍ വടിയെടുത്തിറങ്ങും. പൊലീസ് രാജ് സുധീരന്റെ ഹൃദയം തകര്‍ത്തുകളഞ്ഞു. കമ്മ്യൂണിസ്റ്റുകാര്‍ ഭരിക്കുമ്പോള്‍ ഇങ്ങനെ സംഭവിക്കാന്‍ പാടില്ല. യു‍ഡിഎഫ് അധികാരത്തിലിരിക്കുമ്പോഴാണെങ്കില്‍ പോട്ടേന്ന് വയ്ക്കാം. ഏത്.