ഹിന്ദി തമാശകൾ

ഹിന്ദി പരിഭാഷ എന്നും എന്തെങ്കിലും ഏടാകൂടം ഉണ്ടാക്കുന്ന ഒരേര്‍പ്പാടാണെന്ന് ബി.ജെപിയുടെ സുരേട്ടന്‍ എപ്പോഴും പറയും. അതൊക്കെ ഉത്തരേന്ത്യക്കാരുടെ ഹിന്ദി മലയാളീകരിക്കലായിരുന്നു എങ്കില്‍ ഇതിപ്പോ അതിലും കഷ്ടമാണ്. മലയാളം ഹിന്ദിയാക്കുന്ന കഷ്ടപ്പാട്. സംഗതി ഇതരസംസ്ഥാനക്കാരുടെ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കുന്ന സര്‍ക്കാര്‍ പരിപാടിയാണ്. എം.പിയായ സമ്പത്ത് വന്ന് ഹിന്ദിയില്‍ രണ്ടുകാച്ചുകാച്ചി. ആളിപ്പോ ഡല്‍ഹിയിലാണല്ലോ. പറ്റും. 

പദ്ധതികള്‍ വിശദമാക്കി ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടില്‍ പിടിച്ചിരുത്താനുള്ള ഉത്തരവാദിത്തം ചെന്ന് പെട്ടത് മന്ത്രി ടി.പി.രാമകൃഷ്ണന്‍റെ തലയിലാണ്. അദ്ദേഹം ഡല്‍ഹിയിലൊന്നും പാര്‍ട്ടി പ്രവര്‍ത്തനം നടത്താന്‍ പോകാത്ത സ്ഥിതിക്ക് പറ്റിയ ഒരാളെ ഹിന്ദി തര്‍ജമക്കായി നിയോഗിച്ചു. ഇങ്ങനെ നിയോഗിക്കുമ്പോള്‍ ഒരു കാര്യം ശ്രദ്ധിക്കണം, സാമാന്യ മലയാളം അറിയുന്നവരെയേ മലയാളത്തെ ഹിന്ദിയിലേക്ക് മാറ്റിപ്പറയാന്‍ നിയോഗിക്കാവൂ. ഇല്ലെങ്കില്‍ പിന്നെ പതിനയ്യായിരം രൂപയുടെ സഹായം മന്ത്രി പ്രഖ്യാപിക്കും. വിവര്‍ത്തനക്കാരി അതിനെ ഇരുപത്തയ്യായിരവുമാക്കും 

ഇതൊക്കെ കേട്ട് ഇതരസംസ്ഥാനക്കാര്‍ കൈയ്യടിക്കുന്നുണ്ട്. അവസാനം കാര്യത്തോടടുക്കുമ്പോള്‍ ഇവരെല്ലാം ചേര്‍ന്ന് സര്‍ക്കാരിനെതിരെ തിരിയും. വാഗ്ധാന ലംഘനമാണ് കേസ്. തീര്‍ന്നില്ല, 15,000 രൂപ അമ്പതിനായിരം വരെ എത്തിയതും മന്ത്രിക്ക് പോലും പിടികിട്ടിയിട്ടില്ല. ഈ പച്ഛാസ് എന്നുപറഞ്ഞാല്‍ അമ്പതല്ലേ, പന്ത്ര്ഹ് എന്നുവച്ചാല്‍ 15ഉം. അങ്ങനെയൊക്കെയാണ് നമ്മളൊക്കെ സ്കൂളില്‍ പഠിച്ചത്. 

 അപ്പോ മുഖ്യമന്ത്രി തിരക്കുമൂലമൊന്നും ആയിരിക്കില്ല വരാതിരുന്നത്. ഇതൊക്കെ പ്രതീക്ഷിച്ചുതന്നെയാവും തിരക്ക് അഭിനയിച്ചത്. അതിനൊക്കെ വെല്ലുവിളി സ്വീകരിച്ച് ഉദ്ഘാടനത്തിനെത്തിയ ശൈലജ ടീച്ചറായിരുന്നു. വിവര്‍ത്തനം ഇല്ലേയില്ല. പച്ചമലയാളം മാത്രം. അല്ലെങ്കിലും ബീഹാറിലൊക്കെ മലയാളികളെ പങ്കെടുപ്പിച്ച് പരിപാടി നടത്തുമ്പോള്‍ മലയാളത്തില്‍ തര്‍ജമ ചെയ്യാനൊന്നും ആരും വരാറില്ലല്ലോ. അല്ല പിന്നെ.