'ക്യൂനി'ലെ 'ധ്രുവ'നക്ഷത്രം

മാസശമ്പളമുള്ള ജോലി ഉപേക്ഷിച്ച് സിനിമ എന്ന സ്വപ്നത്തിനായി ഇറങ്ങിത്തിരിച്ച ഒരു യുവനടന്‍.പുതുമുഖങ്ങളുടെ കൂട്ടായ്മയെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ട ക്വീന്‍ എന്ന ചിത്രം റിലീസിങ് സെന്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറുമ്പോള്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്ന് അവതരിപ്പിച്ച ഒറ്റപ്പാലം സ്വദേശി ധ്രുവൻ പ്രതീക്ഷയിലാണ്. ഏറെ പ്രശംസകൾക്കിടയില്‍ സിനിമ എന്ന തന്റെ സ്വപ്നലോകത്തെക്കുറിച്ച് ധ്രുവൻ മനോരമ ന്യൂസുമായി സംസാരിച്ചു. 

വെറുമൊരു ക്യാമ്പസ് ചിത്രം എന്നതിനപ്പുറത്താണ് ക്വീന്‍ എന്ന ചിത്രമെന്ന് ആദ്യം പറഞ്ഞത് നവമാധ്യമങ്ങളിലെ ചെറുപ്പക്കാരാണ്. എഴുത്തിലൂടെയും ഫെയ്സ്ബുക് ഇമോജികളിലൂടെയും ചിത്രത്തെക്കുറിച്ച് കൂടുതലറിഞ്ഞ് തിയറ്ററുകള്‍ നിറഞ്ഞു. അങ്ങനെ ധ്രുവനെപ്പോലെയുള്ള ചെറുപ്പക്കാരും പതിയെ പ്രേക്ഷകരുടെ കയ്യടിനേടി. പുതിയതലമുറയിൽപ്പെട്ടയാളാണ്. പഴയകാല നടന്മാരെപോലെ കോടമ്പാക്കം കഥകളൊന്നും പറയാനി‌ല്ല. സിനിമയിലേക്കുള്ള ജീവിതവഴിക്ക് ഒരു ന്യൂജനറേഷന്‍ പശ്ചാത്തലമാണ്. സിനിമവിട്ടൊരു ലോകത്തെക്കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല. ആ വലിയ സ്വപ്നത്തിലെ വലിയ റോളുകളിലേക്ക് ഇനിയും ഒരുപാട്് ദൂരമുണ്ട്.