ഓട്ടോ ടാക്സി നിരക്ക് ജനുവരി ഒന്ന് മുതല്‍ കൂടുകയാണ്.  യൂണിയനുകള്‍ക്ക് ഗതാഗത മന്ത്രി ഇക്കാര്യം ഉറപ്പും നല്‍കി. പുതുക്കിയ നിരക്ക് എത്രയെന്ന് നിശ്ചയിക്കാന്‍ കമ്മിഷനെ നിയോഗിക്കും. ഇതോടെ നിരക്ക് കൂട്ടണമെന്ന് ആവശ്യപ്പെട്ട് ഓട്ടോ ടാക്സി തൊഴിലാളി യൂണിയനുകള്‍ നാളെ പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂര്‍ പണിമുടക്ക് സര്‍ക്കാരിന്റെ ഉറപ്പ് പരിഗണിച്ച് പിന്‍‌വലിച്ചു. ഓട്ടോ ചാര്‍ജ് മിനിമം അന്‍പത് രൂപയെങ്കിലും ആക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. നിലവിലെ മിനിമം ചാര്‍ജ് 30 രൂപയാണ്. അതാവട്ടെ നാല് വര്‍ഷം മുമ്പ് നിശ്ചയിച്ചതും . ഈ കാലയളവില്‍  ഇന്ധനത്തിനും സ്പെയര്‍പാര്‍ട്സിനുമെല്ലാം കുത്തനെ വിലകൂടിയത് തൊഴിലാളികള്‍ ഉന്നയിക്കുന്നു. അതുകൊണ്ടുതന്നെ  നിരക്ക് വര്ധനയെന്ന ആവശ്യം കണ്ണുമടച്ച് തള്ളാനാകില്ല.  പക്ഷെ ഒരു മറുവശം കാണാതെ പോവരുത്.  അത്യാവശ്യത്തിന്  ഓട്ടോയെയും ടാക്സിയെയുമെല്ലാം ആശ്രയിക്കുന്ന പൊതുജനത്തിന്റെ  കാര്യം.  അരിവില പിടിവിട്ട് കുതിക്കുകയാണ്. കേട്ടുകേള്‍വിയില്ലാത്തവിധം മുട്ടയുടെയും പൊതുവിപണിയിലെ അവശ്യവസ്തുക്കളുടെയും വിലവര്‍ധനയില്‍ നട്ടംതിരിയുന്ന ജനത്തിന് ഒരു യാത്രാച്ചെലവ് വര്‍ധനകൂടിയാവുമ്പോള്‍ എന്താവും സ്ഥിതി?

ENGLISH SUMMARY:

Auto and taxi fares in Kerala are set to increase starting January 1, with the Transport Minister assuring trade unions that a formal commission will be appointed to determine the revised rates. Following this assurance, unions called off the 24-hour strike that was scheduled for tomorrow to press for a minimum charge hike to 50 rupees. While unions argue that skyrocketing fuel and spare part costs over the last four years make the revision necessary, commuters facing severe inflation and soaring essential commodity prices express deep concern. Manorama News has opened its interactive platform for viewers to share their perspectives on whether this fare hike is justified.