ബാര്‍ ലൈസന്‍സ് വിവാദത്തില്‍ എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവുവിനെ മാറ്റി. സര്‍ക്കാരും മന്ത്രിയും അറിയാതെ ബാര്‍ ലൈസന്‍സ് നല്‍കിയെന്ന വിവാദം കത്തുന്നതിനിടെയാണ് മാറ്റം. ഈ വിഷയത്തില്‍ രണ്ടുദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. അവര്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് സാംബശിവറാവു നല്കിയ റിപ്പോര്‍ട്ട് മന്ത്രി തളളി. പിന്നാലെയാണ് സ്ഥാന ചലനം. മദ്യനയം വരുന്നത് വരെ ഒരു ബാര്‍ ലൈസന്‍സും അനുവദിക്കേണ്ടെന്ന് ഓഗസ്റ്റില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. നിയമസഭാ ചോദ്യത്തിന് മറുപടി പറയാന്‍ ബാറുകളുടെ എണ്ണം നോക്കിയപ്പോഴാണ് സ്വന്തം വകുപ്പ് മൂന്ന് ബാറുകള്‍ക്ക് ലൈസന്‍സ് കൊടുത്തത് മന്ത്രി അറിഞ്ഞത്. എന്തായാലും പുതിയ മന്ത്രിമാരൊക്കെ ഓഫിസ് ഏറ്റെടുത്തിട്ട് മാസങ്ങളാകുന്നേയുള്ളൂ. ദീര്‍ഘകാലമായ പ്രവര്‍ത്തനപരിചയമുള്ള ഉദ്യോഗസ്ഥരെയൊക്കെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാതെ അടിയുറച്ചു വകുപ്പുകള്‍ കൊണ്ടുപോകാനും കാര്യങ്ങള്‍ നടപ്പാക്കാനുമുള്ള ഉത്തരവാദിത്തം യഥാര്‍ഥത്തില്‍ ആര്‍ക്കാണ്. ഉദ്യോഗസ്ഥര്‍ക്കാണോ?