ningal-parayu

അച്ഛന്‍റെ ചിത കത്തിതീരും മുന്‍പ് നീതി ചോദിച്ച് നിയമത്തിന്‍റെ മുന്നില്‍ എത്തേണ്ടി വന്ന മക്കളുടെ വേദനയും രോഷവും നിസഹായാവസ്ഥയുമാണ് നമ്മള്‍ കേട്ടത്. ചങ്കുപൊട്ടുന്ന വേദയ്ക്കിടയിലും ഒഴുകി ഇറങ്ങിയ കണ്ണീര് അമര്‍ത്തി തുടച്ച്, സമൂഹത്തിനോട് ആ മക്കള്‍ക്ക് ചോദ്യം ചോദിക്കേണ്ടി വന്നപ്പോള്‍...സത്യത്തില്‍ നമ്മളാണ് തോറ്റത്... നമ്മുടെ നിയമസംവിധാനമാണ് തോറ്റത്... നമ്മുടെ നീതിബോധമാണ് തോറ്റത്.... 

നീതി ദേവതയുടെ കൈയിലെ ത്രാസ് ചിലപ്പോഴെങ്കിലും ഒരുവശത്തേക്ക് താഴുന്നത് എന്തുകൊണ്ടാണ്? ജീവിതത്തിന്‍റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനായി ഉറക്കം കളഞ്ഞ് പണിയെടുക്കുന്ന ജയബാലകൃഷ്‌ണന്‍ എന്ന മനുഷ്യനെയാണ്, ഒരു കുടുംബത്തിന്‍റെ അത്താണിയെയാണ് 17കാരന്‍റെ വണ്ടിയോടിക്കാനുള്ള കൊതി, കൊന്നുകളഞ്ഞത്. നിയമം പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കേണ്ട, നീതി നിഷേധിക്കപ്പെടാതിരിക്കാന്‍ നിയമം കാക്കേണ്ട ഒരു ജഡ്ജിയുടെ മകനാണ് കൊലയാളി. ചോദ്യമുന്നയിച്ച ജയബാലകൃഷ്‌ണന്‍റെ ബന്ധുവിനോട് അദ്ദേഹം പറഞ്ഞൂവത്രേ, തന്നെ നിയമം പഠിപ്പിക്കാന്‍ വരേണ്ടെന്ന്.... ശരിയാണ് അദ്ദേഹത്തിന്‍റെ നിയമം പഠിപ്പിക്കണ്ട. നിയമവും അതിന്‍റെ പഴുതുകളും അവര്‍ക്കാണല്ലോ നന്നായി അറിയുക. അങ്ങനെയാണല്ലോ റെനൊ ഫ്രാൻസിസ് സേവ്യര്‍ തന്‍റെ മകനെ നിമിഷങ്ങള്‍ക്കുള്ളില്‍ പുല്ലുപോലെ സ്റ്റേഷന്‍ ജാമ്യം വാങ്ങി വീട്ടില്‍ കൊണ്ടുപോയത്. 

പക്ഷേ പണിപാളി, ജനം ഇറങ്ങിപ്പുറപ്പെട്ടാല്‍ സാറുമാരുടെ കളികള്‍ നടക്കില്ല. നിമിഷങ്ങള്‍ക്കുള്ളില്‍ തിരികെ പിടിച്ചുകൊണ്ടുവന്ന് ആ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്‍റെ മുന്നില്‍ ഹാജരാക്കി. ജാമ്യം കിട്ടിയെന്നുള്ളത് വേറെ കാര്യം. ആ ജഡ്ജിക്കെതിരെ ഒടുവില്‍ കേസെടുക്കുകയും ചെയ്തു. മകന്‍ രാത്രി വണ്ടി എടുത്തുകൊണ്ടു പോകുന്നത് തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ പിതാവ് ഒരു ചോദ്യചിഹ്നമാണ്. പിന്നെ ആര്‍ക്കാണ് ഹേ... പ്രായപൂര്‍ത്തിയാകാത്ത, സ്കൂളില്‍ പഠിക്കുന്ന താങ്കളുടെ മകന്‍റെ കാര്യം അറിയുക. ഈ കുട്ടികള്‍ എന്തുകൊണ്ട് ഇങ്ങനെയാകുന്നു? ശരിക്കും കുട്ടികളാണോ കുറ്റക്കാര്‍? അത് നെടുമ്പാശേരി അപകടത്തിലെ സുഹൈലാകട്ടെ, ചേരാനെല്ലൂര്‍ അപകടം ഉണ്ടാക്കിയ 17 കാരനാകട്ടെ, എവിടെ നിന്നാണ് ഇവര്‍ക്ക് ഈ ധൈര്യം വരുന്നത്? മാതാപിതാക്കളുടെ സ്വാധീനത്തില്‍ നിന്നു തന്നെയല്ലേ? അവരല്ലേ യഥാര്‍ഥ കുറ്റക്കാര്‍? നിങ്ങള്‍ പറയൂ

ENGLISH SUMMARY:

Nedumbassery accident news highlights the tragic reality of minor driving and the legal loopholes exploited by influential families in Kerala. This heart-wrenching incident exposes the failure of the justice system when children of high-ranking officials bypass the law after fatal road accidents.