പ്രതികരിച്ചാല്‍ പ്രതികാര നടപടിയോ?.. അങ്ങനെ കരുതേണ്ടി വരും ഡല്‍ഹിയിലെ വിദ്യാര്‍ഥി പ്രതിഷേധത്തില്‍ തുടരുന്ന പൊലീസ് നടപടി കണ്ടാല്‍. ഇതുവരെ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അന്വേഷണം തുടരാമെന്ന സുപ്രീംകോടതി അനുമതിയുടെ ബലത്തിലാണ് നടപടി. സമരത്തില്‍ പങ്കെടുത്ത എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ ഇന്നലെ പൊലീസ് എകെജി ഭവനില്‍ കയറി. പറഞ്ഞത് 2021ലെ കേസിന്റെ പേരിലെന്ന്. നാല് വര്‍ഷം മുന്നേയുള്ള കേസ് കുത്തിപ്പൊക്കി അറസ്റ്റിനുള്ള ശ്രമം പ്രതികാര നടപടിയല്ലാതെ മറ്റെന്താണ്. സമരവേദിയില്‍ 2,873  ക്രിമിനലുകള്‍ എത്തിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്ന ഉറപ്പു നല്‍കിയിരുന്നു കേന്ദ്രസര്‍ക്കാര്‍ സമരം അവസാനിപ്പിക്കാന്‍. ഉറപ്പ് വാക്കാല്‍ മാത്രമായിരുന്നു. ഇന്ന് രേഖാമൂലം നല്‍കുമെന്ന് സിജെപി നേതാക്കളെ അറിയിച്ചെങ്കിലും ഇതുവരെ ഉണ്ടായില്ല. കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പുനല്‍കിയ കാര്യം സുപ്രീംകോടതിയില്‍ ഇന്നലെ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചുമില്ല. വിദ്യാര്‍ഥി സമരത്തിന് മുന്നില്‍ മുട്ടുമടക്കേണ്ടി വന്നതിന്റെ ക്ഷീണം, സമരം ചെയ്തവരെ വേട്ടയാടി തീര്‍ക്കാമെന്നാണോ കേന്ദ്രസര്‍ക്കാര്‍ നിലപാട്.  പ്രതികരിച്ചാല്‍ പ്രതികാരമോ?