TOPICS COVERED

ഒരുമാസം മാത്രം പിന്നിട്ട യുഡിഎഫ് സര്‍ക്കാര്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ കൊണ്ട് മാത്രമല്ല ശ്രദ്ധേയമാകുന്നത് ഒന്നിന് പിറകെ ഒന്നായുള്ള വിവാദങ്ങള്‍ കൊണ്ടുമാണ്. അതില്‍ ഒടുവിലത്തേതാണ് വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഏര്‍പ്പെടുത്തിക്കൊണ്ടുള്ള ബജറ്റ് പ്രഖ്യാപനം. നിലവില്‍ മദ്യത്തിനുള്ള നികുതി 251 ശതമാനമായിരിക്കെ, വീര്യം കുറഞ്ഞ മദ്യത്തിന് ആല്‍ക്കഹോള്‍ കണ്ടെന്റ് അനുസരിച്ച് 120, 175 ശതമാനമാക്കിയാണ് നികുതി നിശ്ചയിച്ചത്. സ്വകാര്യമദ്യകമ്പനികളില്‍നിന്ന് കോഴ വാങ്ങിയാണ് മുഖ്യമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. മദ്യനയം പ്രഖ്യാപിക്കും മുന്‍പേ താനറിയാതെ ഇങ്ങനെയൊരു നികുതി നിര്‍ദേശം വച്ചതില്‍ എക്സൈസ് മന്ത്രിക്കും അതൃപ്തിയുണ്ട്. മുന്നണിക്കകത്തെ കക്ഷികളും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും നീരസം പരസ്യമാക്കി കഴിഞ്ഞു. 

എന്നാല്‍, സ്വകാര്യ മദ്യകമ്പനിയുമായി ചര്‍ച്ച നടത്തിയതും വീര്യം കുറഞ്ഞ മദ്യം അവതരിപ്പിച്ചതും എല്‍ഡിഎഫ് സര്‍ക്കാരാണെന്നും അതിന്റെ നികുതി നിര്‍ദേശിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം. മാത്രമല്ല, വീര്യം കുറഞ്ഞ മദ്യം വില്‍ക്കണോ വേണ്ടയോ എന്നത് യുഡിഎഫ് കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.  വീര്യം കുറഞ്ഞ മദ്യം വിപണിയിലെത്തിയാല്‍ മദ്യ ഉപഭോഗം കൂടുമെന്നാണ് മദ്യവിരുദ്ധസമിതിയടക്കം പറയുന്നത്. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ മദ്യനയ വിവാദം നമുക്ക് ഓര്‍മയുണ്ട്. അധികാരമേറ്റ് ആദ്യമാസം തന്നെ മദ്യവുമായി ബന്ധപ്പെട്ട വിവാദം സര്‍ക്കാരിന് തിരിച്ചടിയാവുകയാണോ? പ്രതിപക്ഷത്തിന്റെ അഴിമതി ആരോപണത്തില്‍ കഴമ്പുണ്ടോ? മുഖ്യമന്ത്രിയുടെ ന്യായീകരണം തൃപ്തികരമാണോ?

ENGLISH SUMMARY:

Malayala Manorama Online News reports on the UDF government's latest controversy regarding the budget announcement of increased taxes on low-alcohol content liquor. This tax hike has sparked accusations of corruption from the opposition and dissatisfaction within the ruling coalition and the Excise Minister.