പ്രതിപക്ഷ വികാരം കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിക്കണം. സഭയില്‍ ഹാജരായി പ്രസ്താവന നടത്തണമെന്ന പ്രതിപക്ഷ ആവശ്യം അമിത് ഷായെ അറിയിക്കണം. രാജ്യസഭ അധ്യക്ഷന്‍ സി.പി. രാധാകൃഷ്ണന്‍ , പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവിനോട് ഇന്ന് സഭയില്‍ പറഞ്ഞ വാക്കുകളാണിത്.  പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം തുടങ്ങിയിട്ട് ദിവസം 14. എട്ടു ദിവസമായിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി സഭിയിലില്ല. ഈ ദിവസങ്ങളിലെല്ലാം രാജ്യത്തെ പ്രതിപക്ഷം ചോദിച്ചു, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എവിടെ?

സമ്മേളനം ഈ ചോദ്യത്തില്‍ മുങ്ങിയിട്ടും ഉത്തരം ഇല്ല. ഡല്‍ഹിയിലെ പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടിയില്‍ എന്തേ ആഭ്യന്തര മന്ത്രി മറുപടി പറയാത്തത്? മറുപടി പോയിട്ട് പാര്‍ലമെന്‍റിലോട്ട് വരാത്തത് എന്തുകൊണ്ടാണ്?  12 വര്‍ഷത്തെ മോദി ഭരണത്തെ, സര്‍ക്കാരിനെ ഇതുപോലെ  പ്രതിസന്ധിയിലാക്കിയൊരു പാര്‍ലമെന്‍റ് സമ്മേളന കാലവും ഉണ്ടായിട്ടുണ്ടാവില്ല. രാജ്യത്തെ ജെന്‍സി പ്രക്ഷോഭത്തില്‍ മുട്ടുമടക്കേണ്ടി വന്നവര്‍ പ്രതിപക്ഷ ചോദ്യങ്ങളെ പേടിക്കുകയാണോ? ഇന്ത്യ സംഖ്യപാര്‍ട്ടികളുടെ ആക്രമണത്തിന്‍റെ കുന്തമുന തന്നെ കേന്ദ്ര ആഭ്യന്തര  മന്ത്രിയില്‍ കേന്ദ്രീകരിക്കുമ്പോള്‍ അമിത് ഷാ എവിടെ? വര്‍ഷകാല സമ്മേളനത്തിന്‍റെ ഇനിയുളള അഞ്ചു ദിവസം കേന്ദ്രത്തിന്‍റെ  ഒളിച്ചോട്ടവും മൗനവും തുടരുമോ? രാജ്യസഭ അധ്യക്ഷന്‍റെ വാക്കുകളെങ്കിലും കേന്ദ്രവും ആഭ്യന്തര മന്ത്രിയും മുഖവിലയ്ക്കെടുക്കുമോ?