TOPICS COVERED

വീണ്ടും പേടിപ്പിക്കുകയാണ് പകര്‍ച്ച വ്യാധികള്‍ നമ്മളെ. സാധാരണ വൈറല്‍ പനി മുതല്‍ ഷിഗെല്ലയും നിപയും  വരെ ആശങ്ക സൃഷ്ടിക്കുകയാണ്. മലിനമായ ഭക്ഷണത്തിലൂടെയും വെളളത്തിലൂടെയും പകരുന്ന ഷിഗെല്ല കൂടുതല്‍ പേരെ രോഗികളാക്കുന്നതാണ് കാണുന്നത്. കോഴിക്കോട് നിപ ബാധിച്ച യുവാവിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹത്തിന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 77 പേര്‍ നിരീക്ഷണത്തിലാണ്. രോഗ ഉറവിടം കണ്ടെത്താനുള്ള ശ്രമവും തുടരുന്നു.  അങ്ങനെ സാഹചര്യങ്ങളെ നേരിടാനുള്ള തീവ്രശ്രമത്തിലാണ് ആരോഗ്യമേഖല. അതിനിടയിലാണ് നമ്മുടെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ.മുരളീധരന്റെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും  മുന്‍കാല പ്രസ്താവനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യേകിച്ച് ഇടത് സൈബറിടങ്ങളില്‍ എടുത്തിട്ടലക്കുന്നത്. അന്നത് പറയുമ്പോള്‍ കെ.മുരളീധരന്‍ വിചാരിച്ചുകാണില്ല അതൊരു ബൂമറാങ്ങായി തനിക്ക് നേരെ വരുമെന്ന്. അന്ന് പഴി കേട്ട കെ.കെ.ശൈലജയും വീണാ ജോര്‍ജും ഇന്ന് തിരിച്ചടിക്കുന്നു. അപ്പോഴും രോഗപ്രതിരോധത്തില്‍ എല്ലാവരും ഒറ്റക്കെട്ടാണ്, അങ്ങനെയായിരിക്കുകയും വേണം. ഈ സാഹചര്യമാണ് നമ്മളിന്ന് സംസാരിക്കുന്നത്.