TOPICS COVERED

പൂക്കി സിഎം എന്നൊരു പേര് തൂക്കി എന്നല്ലാതെ, ഈ ചിരി കൊണ്ട് പൂക്കികളെ തൂക്കുന്ന ഒന്നും നടക്കാനിടയില്ല. പ്രിയപ്പെട്ട പ്രേക്ഷകരേ വാഹനമോഡിഫിക്കേഷന്‍റെ കാര്യമാണ് പറയുന്നത്. പിള്ളേര് മോഡിഫൈ ചെയ്യട്ടെ എന്ന ഒറ്റഡയലോഗില്‍, എത്ര യൂത്തന്‍മാരെയാ അന്ന് ഒറ്റയടിക്ക് വീഴ്ത്തിയത്. തിരഞ്ഞെടുപ്പൊന്നു കഴിഞ്ഞിട്ടുവേണം, എന്ന് കരുതി വണ്ടിയും സ്റ്റാര്‍ട്ടാക്കി  ആക്സിലറേറ്റര്‍ മൂപ്പിച്ച് കുതിക്കാന്‍ കാത്തിരുന്ന പൂക്കികളോടാണേ. വലിയ പ്രതീക്ഷ വേണ്ട. മുന്‍പുണ്ടായിരുന്നതില്‍ കൂടുതല്‍ വലിയ മോഡിഫിക്കേഷനൊന്നും സ്കോപ്പില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പിന്റെ പട്ടിക കണ്ടാലറിയാം. മോട്ടോര്‍ വാഹനനിയമം കേന്ദ്രത്തിന്റെ കയ്യിലാണ് അതില്‍ മോഡിഫിക്കേഷന്‍ വരുത്തിയാല്‍ നിയമം തൂക്കും. എന്തായാലും പൂക്കികള്‍ കട്ടക്കലിപ്പിലാണ്. സോഷ്യല്‍ മീഡിയയിലെ ട്രോളന്‍മാര്‍ക്കൊക്കെ എതൊരു ക്രിയേറ്റിവിറ്റിയാണ്. സീറ്റ് ബെല്‍റ്റ് ഇടാനും, വണ്ടി ദിവസവും കഴുകാനും അനുമതിയുണ്ടതേ എന്നൊക്കെ തുടങ്ങി ട്രോള്‍മഴയാണ്. ആ വിഷമം കണ്ടപ്പോഴാണ് നിങ്ങള്‍ പറയൂവില്‍ ഇതൊന്നു സംസാരിച്ചുപോകാം എന്ന് തോന്നിയത്. മോഡിഫിക്കേഷന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും യാത്ര സേഫ് ആയിരിക്കണം അത്രയേ ഉള്ളൂ.