പശ്ചിമേഷ്യന്‍ യുദ്ധം 28 ാം  ദിവസത്തിലേക്ക് കടക്കുമ്പോളും അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. അതുകൊണ്ട് തന്നെ വിപണിയും അസ്ഥിരമായി നില്‍ക്കുകയാണ്. ക്രൂഡോയില്‍ വില 72 ല്‍ നിന്ന് 122 ലേക്കാണ് കുതിച്ചത്. ഇന്ധവില വര്‍ധനവ് ജനം ഉറപ്പിച്ചിരുന്നു എന്ന കാര്യത്തില്‍ സംശയവുമില്ല. അതിന്‍റെ ആദ്യപടിയായി ഇന്നലെ നയാര എണ്ണകമ്പനി 5 രൂപ വിലവര്‍ധിപ്പിച്ചതോടെ ആശങ്ക പിന്നേയും ഏറി. ഇന്ത്യന്‍ ഒായില്‍ കോര്‍പ്പറേഷന്‍ അടക്കമുള്ള എണ്ണകമ്പനികളും വിലവര്‍ധനവിലേക്ക് നീങ്ങുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍. അധിക എക്സൈസ് തീരുവ ഒഴിവാക്കാന്‍ തീരുമാനിച്ചു. പതിമൂന്ന് രൂപയുണ്ടായിരുന്ന പെട്രോളിന്‍റെ  അധിക നികുതി പത്ത് രൂപ കുറച്ച് മൂന്നുരൂപയാക്കി. ഡീസലിന് പത്തുരൂപ പൂര്‍ണമായും ഒഴിവാക്കി. ഇനിയുള്ള ചോദ്യം അതുകൊണ്ട് സാധാരണക്കാര്‍ക്ക് ഗുണമുണ്ടോ എന്നതാണ്. ഇന്ന് ഹര്‍ദീപ് സിങ് പൂരി വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞത് എണ്ണകമ്പനികള്‍ വിലകൂട്ടാന്‍ വെമ്പിനില്‍ക്കുമ്പോള്‍ സര്‍ക്കാരിന് രണ്ട് വഴികളാണ് ഉള്ളത്. ഒന്ന് വിലവര്‍ധനവ് സാധാരണക്കാരന്‍റെ ചുമലിലേക്ക് വെച്ചുകൊടുക്കുക. രണ്ട് വിലവര്‍ധനവ് മൂലമുണ്ടാകുന്ന നഷ്ടവും ബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുക. ഇപ്പോഴത്തെ പ്രത്യേക സാഹചര്യത്തില്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ചു പറയുന്നു സര്‍ക്കാര്‍. എന്നാല്‍ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പൊടിക്കൈ ആണോ എന്ന് സംശയിക്കുന്നവരുണ്ട്. അല്ല നികുതി കുറച്ചത് വലിയ കാര്യമല്ല എന്ന് പ്രതിപക്ഷം പറയുന്നുമുണ്ട്. എന്നാല്‍, ജനത്തിന് മുന്നിലുള്ള വിലക്കയറ്റ ഭീഷണി ഒഴിഞ്ഞോ എന്ന വിഷയമാണ് നിങ്ങള്‍ പറയു ചര്‍ച്ച ചെയ്യുന്നത്.