ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് പലരെയും ഞെട്ടിപ്പിച്ച ഒരു അറസ്റ്റ് തന്ത്രി കണ്ഠര് രാജീവരുടേതായിരുന്നു. ദേവന്റെ പിതൃസ്ഥാനീയനായ തന്ത്രി ക്ഷേത്രത്തിലെ സ്വര്‍ണക്കൊള്ളയില്‍ അറസ്റ്റിലാവുന്നത് വിശ്വസിക്കാന്‍ കഴിയാത്തവരുണ്ടായിരുന്നു.
എന്നാല്‍ തന്ത്രിയെപ്പോലെ ഒരാള്‍ അങ്ങനെയൊരു കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ കൂട്ടത്തില്‍ ഏറ്റവും വലിയ ശിക്ഷ കിട്ടേണ്ടത് അദ്ദേഹത്തിനാണെന്ന അഭിപ്രായവും ശക്തമായി. അതുവരെ അറസ്റ്റിലായ എല്ലാവരും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടവരാണ്, എന്നുവച്ചാല്‍ ഭരണപരമായ ചുമതലകള്‍ നിര്‍വഹിച്ചവരാണ്.
എന്നാല്‍ ഭരണപരമായ കാര്യങ്ങളില്‍ അധികാരമില്ലാത്ത, ആത്മീയ കാര്യങ്ങളില്‍ മാത്രം പങ്കുള്ള തന്ത്രിയെ എങ്ങനെ സ്വര്‍ണക്കൊള്ളയില്‍ കുറ്റക്കാരനാക്കാനാവും എന്നതായിരുന്നു തന്ത്രിയെ അനുകൂലിക്കുന്നവരുടെ വാദം. തന്ത്രിക്കെതിരായ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളും നിയമപരമായി നിലനില്‍ക്കുന്നതല്ലെന്ന് നിയമവിദഗ്ധരടക്കം ചൂണ്ടിക്കാട്ടിയിരുന്നു.
അതെല്ലാം ശരിവയ്ക്കും വിധമാണ് 41–ാം ദിവസം തന്ത്രിക്ക് വിചാരണക്കോടതിയില്‍നിന്ന് തന്നെ ജാമ്യം കിട്ടുന്നത്. അതും തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിക്കൊണ്ട്. അപ്പൊപ്പിന്നെ, തന്ത്രിയെപ്പോലൊരാളെ എസ്ഐടി അറസ്റ്റ് ചെയ്ത് ജയിലലടച്ചത് എന്തിനായിരുന്നു എന്നതാണ് ഉയരുന്ന ചോദ്യം. അതിന് കാരണം, സര്‍ക്കാരിന്റെ പ്രതികാരമെന്നാണ് തന്ത്രി ഉയര്‍ത്തിയ വാദം.
യുവതി പ്രവേശത്തെയും എല്ലാ ദിവസവും നട തുറക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും എതിര്‍ത്തതാണ് വൈരാഗ്യകാരണമെന്നും തന്ത്രി ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. ഇതോടെ സര്‍ക്കാര്‍, എസ്ഐടിയെ കരുവാക്കി തന്ത്രിയെ പ്രതികാരബുദ്ധിയോടെ കുടുക്കിയതാണെന്ന ആരോപണം ശക്തമായിരിക്കുകയാണ്. തന്ത്രിയുടെ അറസ്റ്റില്‍ SIT മറുപടി പറയണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഇന്ന് പറഞ്ഞത്.