കാസര്‍കോടിനെയും മലപ്പുറത്തെയും ഉദാഹരിച്ച് സാംസ്കാരികമന്ത്രി സജി ചെറിയാന്‍ നടത്തിയ വിവാദ പരാമര്‍ശവും പിന്നീട് നല്‍കിയ വിശദീകരണവുമെല്ലാം കേരളം കണ്ടതാണ്. തിരഞ്ഞെടുപ്പില്‍  വര്‍ഗീയധ്രുവീകരണം ലക്ഷ്യമിട്ടാണ് സിപിഎം നേതാക്കള്‍ വിദ്വേഷപരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന ആരോപണം ശക്തമാണ്. വര്‍ഗീയത പറയുന്ന ഒരാളുടെയും നിലപാടിനോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് പറഞ്ഞ്, സജി ചെറിയാനെ പരോക്ഷമായി തള്ളുകയായിരുന്നു എം വി ഗോവിന്ദന്‍ ഇന്ന്. എന്നാല്‍ അതേ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവും മന്ത്രിയുമായ വി.ശിവന്‍കുട്ടി, സജി ചെറിയാനെ ന്യായീകരിച്ചാണ് രംഗത്തെത്തിയത്. സജി ചെറിയാന്‍റെ  വിവാദ പരാമര്‍ശങ്ങള്‍ പാര്‍ട്ടിയെ ദുര്‍ബലമാക്കിയെന്നാണ് സിപിഎം കേന്ദ്രനേതൃത്വത്തിന്റെ വിലയിരുത്തല്‍.. സജി ചെറിയാനെ പുറത്താക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മറ്റൊന്ന് ജമാത്തെ ഇസ്ലാമി വിഷയമാണ്. ഭൂതകാലത്തെ സഖ്യമൊക്കെ മറന്ന് ജമാ അത്തെ ഇസ്ലാമിയെ നിരന്തരം കടന്നാക്രമിക്കുന്നതാണ് ഇപ്പോള്‍ സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും നിലപാട്. ജമാത്തെ പിന്തുണ സ്വീകരിച്ച യുഡിഎഫ് വര്‍ഗീയതയെ കൂട്ടുപിടിക്കുകയാണെന്ന വിമര്‍ശനവും ആവര്‍ത്തിച്ച് ഉയര്‍ത്തുന്നുണ്ട്.. അതേ മുന്നണിയുടെ മന്ത്രിയും സിപിഎം എംഎല്‍എയും ജമാത്തെ ഇസ്ലാമിയുടെ വേദിയില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ഇന്ന് പുറത്തുവന്നിരുന്നു. മന്ത്രി വി.അബ്ദുറഹ്മാനും എംഎല്‍എ ദലീമ ജോജോയും. ഇതേക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് സിപിഎമ്മിന്റെ സംസ്ഥാന സെക്രട്ടറിക്ക് ഉത്തരമില്ല. ഒരു തിര‍ഞ്ഞെടുപ്പ് വിജയം മാത്രം ലക്ഷ്യമിട്ട് വര്‍ഗീയ ചേരിതിരിവുണ്ടാക്കാനാണോ സിപിഎം ശ്രമിക്കുന്നത്? തിരഞ്ഞെടുപ്പിന് ശേഷവും നാനാജാതിമതസ്ഥര്‍ക്ക് ഈ നാട്ടില്‍ സമാധാനത്തോടെ ജീവിക്കണമെന്ന കാര്യം മറക്കുകയാണോ ഇവര്‍? ജമാത്തെ ഇസ്ലാമിയോട്, ഇടതുമുന്നണിയുടെ ശരിക്കുമുള്ള നിലപാട് എന്താണ്? നിലപാടുകളില്‍ ഇരട്ടത്താപ്പോ?

ENGLISH SUMMARY:

Kerala Politics is currently witnessing heated debates surrounding political polarization and controversies. This article examines the recent statements by CPM leaders, the stance of the LDF towards Jamaat-e-Islami, and the resulting political climate in Kerala.