കാസര്‍കോട്ടും മലപ്പുറത്തും ജയിച്ചവരെ നോക്കിയാല്‍ വര്‍ഗീയ ധ്രുവീകരണം അറിയാം എന്ന സജി ചെറിയാന്റെ പരാമര്‍ശം വലിയ വിവാദമാവുകയാണ്. വോട്ടിന് വേണ്ടിയുള്ള ഭിന്നിപ്പെന്നാണ് പ്രതിപക്ഷം ആ പരാമര്‍ശത്തെ വിമര്‍ശിക്കുന്നത്. സംഗതി വിവാദമാകുമ്പോഴും തിരുത്താന്‍ മന്ത്രിയോ , മന്ത്രിയെ തിരുത്താന്‍ പാര്‍ട്ടിയോ തയ്യാറായിട്ടില്ല തരാതരം പോലെ ഭൂരിപക്ഷ പ്രീണനവും ന്യൂനപക്ഷ പ്രീണനവും നടത്തിയ സിപിഎം ഇപ്പോള്‍ ഭൂരിപക്ഷ പ്രീണനത്തിന് ന്യൂനപക്ഷത്തെ കരുവാക്കുന്നുവെന്നും പ്രതിപക്ഷം പറയുന്നു. മതസൗഹാര്‍ദത്തിന് പേര് കേട്ട നമ്മുടെ നാട്ടില്‍ അധികാരത്തില്‍ ഇരിക്കുന്നവര്‍ നടത്തുന്ന ഇത്തരം പരാമര്‍ശങ്ങള്‍ ശരിയോ എന്ന ചര്‍ച്ച പൊതുവിടങ്ങളിലും തകൃതിയായി നടക്കുന്നു. വേഷം കണ്ടാല്‍ ആളെ അറിയാമെന്ന മോദിയുടെ പ്രസ്താവനയോട് സജി ചെറിയാന്റെ പരാമര്‍ശത്തെ ചേര്‍ത്തു വക്കുന്നവരും ഉണ്ട്. ജയിച്ചവരുടെ പേര് നോക്കാന്‍ മന്ത്രി പറയുമ്പോള്‍ അവിടെ തോറ്റ പാര്‍ട്ടിക്കാരുടെ പേര് കൂടി നോക്കാന്‍ പറയുന്നവരും ഉണ്ട്. മന്ത്രി പറഞ്ഞത് വര്‍ഗീയതയോ? മത സ്പര്‍ധ ഉണ്ടാക്കുന്നതോ മന്ത്രിയുടെ വാക്കുകള്‍?