കേരളത്തിലെ ലക്ഷക്കണക്കിന് സിപിഎം പ്രവര്‍ത്തകര്‍ നാളെ മുതല്‍ ഗൃഹസന്ദര്‍ശനം ആരംഭിക്കുകയാണ്. നിങ്ങളുടെയൊക്കെ വീടുകളില്‍ കക്ഷിരാഷ്ട്രീയ വൃത്യാസം നോക്കാതെ പാര്‍ട്ടിക്കാര്‍ എത്തിയേക്കാം. അപ്പോ വീടു കയറുന്നവരോട് നിങ്ങള്‍ എന്തു പറയും, എന്നാണ് ഇന്നത്തെ നിങ്ങള്‍ പറയൂ ചോദിക്കുന്നത്.
ജനത്തെ കേള്‍ക്കുന്നതാണല്ലോ യഥാര്‍ഥ രാഷ്ട്രീയപ്രവര്‍ത്തനം. വികസനപദ്ധതികള്‍ രൂപീകരിക്കാന്‍ ജനങ്ങളുടെ അഭിപ്രായം തേടുകയാണ് ലക്ഷ്യമെന്ന് പാര്‍ട്ടി പറഞ്ഞാലും ഇനിയുള്ള മൂന്നുമാസം കൊണ്ട് മലമറിക്കാനില്ല എന്ന് നമുക്കും അറിയാം.
ഒരുപക്ഷേ ഈ തിരഞ്ഞെടുപ്പ് കാലത്ത് മാത്രം കാണുന്ന ഈ പ്രത്യേക പ്രതിഭാസം ഇത്തിരി നേരത്തെ എങ്കിലും നടത്തിയാല്‍ അല്‍പം ആത്മാര്‍ഥതയെങ്കിലും തോന്നിപ്പിക്കാനായേനെ. തദ്ദേശത്ത് കനത്ത അടികിട്ടിയ സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ജനങ്ങളിലേക്കിറങ്ങാനുളള പാര്‍ട്ടി തീരുമാനത്തോട് നിങ്ങള്‍ക്കൊക്കെ എന്തു പറയാനുണ്ട്?.സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം, ശബരിമല സ്വര്‍ണക്കൊള്ളക്കേസ്, തുടങ്ങി തടവുകാരുടെ വേതനവര്‍ധനവരെ ചോദിക്കാനും പറയാനും കുറേയുണ്ടല്ലോ. വീട് കയറുന്നവരോട് നിങ്ങളെന്തു പറയും. ഞങ്ങളോടും അതൊന്നു ഷെയര്‍ ചെയ്യൂ