ഒന്നിലേറെ ബലാല്‍സംഗക്കേസുകളില്‍ പ്രതിയായ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ അയോഗ്യനാക്കണോ. വേണമെന്നും വേണ്ടെന്നുമുള്ള ചൂടേറിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളിലടക്കം. രാഹുലിനെതിരായ കേസ് വിവരം സ്പീക്കറെ രേഖാമൂലം പൊലീസ് അറിയിച്ചിട്ടുണ്ട്. എല്‍.ഡി.എഫും പരാതി നല്‍കിയേക്കും. ഇവയുടെ അടിസ്ഥാനത്തില്‍ രാഹുലിനെ അയോഗ്യനാക്കുന്നതില്‍ സ്പീക്കര്‍ നിയമോപദേശം തേടും. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ, പാര്‍ട്ടിയുമായി ഇപ്പോള്‍ ഒരു ബന്ധവുമില്ലാത്തയാള്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന് എങ്ങനെ പാര്‍ട്ടി നിര്‍ദേശിക്കുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്. അധാര്‍മിക പെരുമാറ്റം, നിയമസഭ അംഗത്വം ദുരുപയോഗം ചെയ്ത് ക്രിമിനല്‍ കുറ്റത്തില്‍ ഏര്‍പ്പെടുക എന്നിവയുണ്ടായാല്‍ എം.എല്‍.എമാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയമസഭക്ക് അധികാരമുണ്ട്. ഇതുവഴി രാഹുലിനെ അയോഗ്യനാക്കാനാകുമോയെന്നാണ് നോക്കുന്നത്. അനുകൂല നിയമോപദേശം ലഭിച്ചാല്‍ എത്തിക്സ് കമ്മിറ്റി പരിഗണിക്കുകയും, കമ്മിറ്റിയുടെ ശുപാര്‍ശ മുഖ്യമന്ത്രി പ്രമേയമായി നിയമസഭയില്‍ അവതരിപ്പിച്ച് പുറത്താക്കാനുമാണ് ആലോചന. എന്നാല്‍, നിയമവൃത്തങ്ങള്‍ പറയുന്നത് അങ്ങനെ നിയമസഭാംഗത്വം റദ്ദാക്കാന്‍ കഴിയില്ല എന്നാണ്. കുറച്ച് സാങ്കേതികത്വം നിറഞ്ഞ വിഷയമാണ്.