കത്രിക, ഗൈഡ് വയര്‍, ദാ ഇപ്പോ തുണി. നമ്പര്‍ വണ്‍ ആരോഗ്യകേരളത്തിന്റെ സിസ്റ്റം വന്‍ ഫോമിലാണ്. നമ്മുടെ സര്‍ക്കാരാശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് പോകുന്ന പാവപ്പെട്ട രോഗികളുടെ നെഞ്ചിലിപ്പോ തീയായിരിക്കും. എന്തൊക്കെയിട്ടാണ് തുന്നിക്കൂട്ടുന്നതെന്ന് ആര്‍ക്കറിയാം. ഹര്‍ഷിനയുടെ വയറ്റില്‍ മറന്നുവച്ചത് ഓര്‍മയില്ലേ കത്രിക, എന്നിട്ടവര്‍ക്ക് നീതി കിട്ടിയോ? ഇല്ല. തിരുവനന്തപുരത്തെ സുമയ്യയുടെ വയറ്റില്‍ ഗൈഡ‍് വയര്‍ വച്ച് തുന്നിക്കെട്ടി. ഡോക്ടര്‍മാര്‍ക്ക് പിഴച്ചെന്ന് തെളിഞ്ഞിട്ടും അവരോട് എന്ത് നീതി കാട്ടി ആരോഗ്യവകുപ്പ്?, പാലക്കാട്ടെ പാവപ്പെട്ട ആ കുട്ടി,,, വിനോദിനിക്ക് നഷ്ടമായത് വലതു കൈയാണ്. കൃത്രിമക്കൈ വയ്ക്കാന്‍ ആരോഗ്യവകുപ്പിന്‍റെ കനിവുതേടി കാത്തിരുന്നിട്ട് എന്തായി? ആളുകളുടെ ജീവനും ജീവിതവും കയ്യിലെടുക്കുന്ന പിഴവുകള്‍ക്ക് കത്രികവയ്ക്കാന്‍ ആരോഗ്യവകുപ്പിന്റെ തലപ്പത്ത് ആരെങ്കിലുമുണ്ടോ? ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ലെന്നേ, കാരണം പതിവ് ചട്ടപ്പടി മറുപടിയുണ്ടല്ലോ, റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അപ്പോ ഇങ്ങനെ വന്ന റിപ്പോര്‍ട്ടുകളെല്ലാം, ആരോഗ്യവകുപ്പ് അട്ടിയടുക്കി വയ്ക്കട്ടെ. നിറഞ്ഞുകവിയുമ്പോ തൂക്കി വില്‍ക്കാം.