രാഷ്ട്രീയവും വികസനവും പറഞ്ഞാണോ, വര്‍ഗീയത പറഞ്ഞാണോ നിയമസഭ തിരഞ്ഞെടുപ്പില്‍ മുന്നണികള്‍ വോട്ടുതേടാന്‍ ഉദ്ദേശിക്കുന്നത്? അത്യന്തം ഗൗരവത്തോടെ ഈ ചോദ്യം ചോദിക്കേണ്ടിവരുന്നത്, സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ.കെ.ബാലന്റെ ചില പരാമര്‍ശങ്ങളും അതുണ്ടാക്കുന്ന രാഷ്ട്രീയവിവാദവുമാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും പല മാറാടുകൾ ആവർത്തിക്കുമെന്നുമാണ് എ.കെ.ബാലൻ ഇന്നലെ പാലക്കാട് പറഞ്ഞത്. വർഗീയ വിഭജനത്തിനാണ് ബാലന്റെ ശ്രമമെന്നും സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണിതെന്നും പ്രതിപക്ഷം ആഞ്ഞടിച്ചു. പ്രസ്താവനയെ തള്ളുകയോ കൊള്ളുകയോ വേണ്ടെന്നാണ് സിപിഎം നിലപാട്. വെള്ളാപ്പള്ളിയെപ്പോലും വെല്ലുന്ന പ്രസ്താവനയാണ് ബാലന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് പറഞ്ഞ ജമാഅത്തെ ഇസ്ലാമി, ബാലനെതിരെ വക്കീല്നോട്ടിസും അയച്ചു. നാലുവോട്ടിനായി വര്‍ഗീയതയെ കൂട്ടുപിടിക്കില്ലെന്ന് പറയുന്ന നേതാക്കള്‍ തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ അത് മറക്കുകയാണോ? ഒരു തിരഞ്ഞെടുപ്പു കഴിഞ്ഞാലും പല സമുദായങ്ങള്‍ക്ക് സാഹോദര്യത്തോടെ ഈ നാട്ടില്‍ ജീവിക്കണ്ടേ? രാഷ്ട്രീയമാണോ വര്‍ഗീയതയാണോ തിരഞ്ഞെടുപ്പ് അജണ്ട?