യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം കൈകാര്യം ചെയ്യുമെന്ന സി പി എം നേതാവ് എ.കെ.ബാലന്റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്‌ലാമി വക്കീല്‍ നോട്ടീസയച്ചു. ഒരുകോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് നോട്ടീസ്. വര്‍ഗീയകലാപം നടത്തിയെന്ന പ്രസ്താവന തിരുത്തണമെന്നും ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു.
Also Read: 'ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കും'; ബാലന്റെ പ്രസ്താവനക്കെതിരെ വി.ഡി
ബാലന്റെ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസും രംഗത്തെത്തി. വർഗീയ വിഭജനം ഉണ്ടാക്കാൻ ആണ് ശ്രമമെന്ന് ആരോപിച്ച പ്രതിപക്ഷനേതാവ് വി ഡി സതീശൻ സിപിഎം നേതൃത്വത്തിന്റെ അറിവോടെയാണ് പ്രസ്താവനയെന്നും കുറ്റപ്പെടുത്തി. വെള്ളാപ്പള്ളിയെപ്പോലും വെല്ലുന്ന പ്രസ്താവനയാണ് ബാലന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു.
യുഡിഎഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും പല മാറാടുകൾ ആവർത്തിക്കും എന്നാണ് സിപിഎം കേന്ദ്രകമ്മിറ്റി അംഗം എ കെ ബാലൻ ഇന്നലെ പാലക്കാട് പറഞ്ഞത്.
വെള്ളാപ്പള്ളിയും എ കെ ബാലനും നടത്തിയ പ്രസ്താവനകൾ തമ്മിൽ കൂട്ടി വെക്കാമെന്നും സതീശൻ പറഞ്ഞു. എകെ ബാലന്റെ വർഗീയ പ്രസ്താവനയെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിന്തുണയ്ക്കുന്നുണ്ടോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ബിനോയ് വിശ്വം ഉത്തരം താങ്ങുന്ന പല്ലി എന്ന പ്രചാരണമാണ് സിപി എം നേതാക്കൾ നടത്തുന്നതെന്നു കൂടി സി പി ഐ യെ ഉന്നം വച്ച് വി ഡി പറഞ്ഞു.
എ കെ ബാലന്‍റെ പരാമര്‍ശം ബിജെപിക്ക് വേണ്ടിയാണെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാനാണ് ബാലന്‍റെ ശ്രമം. ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തര്‍ധാര വ്യക്തമാണെന്നും അതിന്‍റെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നും ചെന്നിത്തല പറഞ്ഞു