നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെതിരെ ഒരു സിബിഐ അന്വേഷണം ഉണ്ടാകുമോ? രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത് സര്‍ക്കാര്‍ എടുക്കുന്ന തീരുമാനത്തിലേക്കാണ്. പറവൂര്‍ മണ്ഡലത്തില്‍ നടപ്പാക്കിയ പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിയുമായി ബന്ധപ്പെട്ട് ദുരൂഹ ഇടപാടുകളുണ്ടോ? വി.ഡി.സതീശന്‍ അഴിമതി നടത്തിയെന്നോ പണം കൈപ്പറ്റിയെന്നോ തെളിയിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ തന്നെ പറയുന്നത്. എന്നാല്‍ ദുരൂഹ ഇടപാടുകളുണ്ടോ എന്ന് സിബിഐക്ക് അന്വേഷിക്കാമെന്നും ശുപാര്‍ശയുണ്ട്. വലിയ ആത്മവിശ്വാസത്തോടെയാണ് പ്രതിപക്ഷനേതാവും കോണ്‍ഗ്രസ് നേതാക്കളും സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത്. വിവാദങ്ങളില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍, അതെല്ലാം വഴിതിരിച്ചുവിടാന്‍ നടത്തുന്ന ശ്രമം മാത്രമാണെന്നാണ് പ്രതിപക്ഷ നിലപാട്. വിജിലന്‍സ് അന്വേഷണത്തില്‍ പ്രതിപക്ഷനേതാവിനെതിരെ ഒരു തെളിവും കണ്ടെത്തിയില്ലെന്നിരിക്കെ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയാല്‍ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അത് തിരിച്ചടിയാകുമോ? പുനര്‍ജനിയിലും സര്‍ക്കാരിന്റെ നീക്കം പാളുകയാണോ?