ഈ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലുണ്ടാക്കിയ ഏറ്റവും വലിയ നേട്ടം തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം പിടിച്ചത് തന്നെയാണ്. എന്നാല്‍, പ്രചാരണസമയത്തെ ഐക്യമല്ല ഭരണം പിടിച്ചശേഷം കണ്ടത്, മേയര്‍ സ്ഥാനത്തെച്ചൊല്ലിയുള്ള ഭിന്നതയാണ്. മേയറാവുക ആര്‍.ശ്രീലേഖയോ വി.വി.രാജേഷോ എന്നതായിരുന്നു ചോദ്യം. ഒടുവില്‍ രാജേഷ് മേയറായി. അപ്പോഴും ശ്രീലേഖയുടെ അതൃപ്തി അവര്‍ പറയാതെ പറഞ്ഞു. പിന്നീട്, വി.കെ. പ്രശാന്ത് എംഎല്‍എയോട് ഓഫിസ് ഒഴിയണമെന്ന ശ്രീലേഖയുടെ ആവശ്യവും വിവാദത്തിന് വഴിയൊരുക്കി. ഏറ്റവും ഒടുവില്‍ ആര്‍.ശ്രീലേഖയുടെ ഒരു തുറന്നുപറച്ചിലാണ് പാര്‍ട്ടിയെ വെട്ടിലാക്കുന്നത്. മേയറാക്കാമെന്ന ഉറപ്പിലാണ് താന്‍ കോര്‍പറേഷനിലേക്ക് മത്സരിച്ചതെന്നാണ് ശ്രീലേഖ പറഞ്ഞത്. പിന്നീട് തന്നെ മേയറായി പരിഗണിക്കാതിരുന്നതിലെ അതൃപ്തി അവരുടെ വാക്കുകളിലുണ്ടായിരുന്നു. ഇതും വിവാദമായതോടെ മാധ്യമങ്ങള്‍ തന്റെ വാക്കുകള്‍ വളച്ചൊടിച്ചെന്നായിരുന്നു ഫേസ്ബുക്കില്‍ അവര്‍ വിശദീകരിച്ചത്. എന്തായാലും വിവാദങ്ങളോട് പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു മേയര്‍ വി.വി.രാജേഷ്. തുടര്‍ച്ചയായി ബിജെപിയെ വെട്ടിലാക്കുകയാണോ ശ്രീലേഖ?