ട്രെയിനിലേയും റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളിലേയും അതിക്രമങ്ങള്‍ക്ക് കാരണം ബെവ്കോ ഔട്ട്ലെറ്റുകളാണോ.. അങ്ങനെയാണ് റെയില്‍വേയുടെ കണ്ടെത്തല്‍. അതുകൊണ്ട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെ 17 ബവ്റിജസ് ഔട്ട്ലെറ്റുകള്‍ മാറ്റണമെന്നാണ് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്റെ ആവശ്യം. എന്നാല്‍, മദ്യപാനികള ട്രെയിൻ യാത്രയിൽ നിന്ന് തടയുക എന്ന ലക്ഷ്യത്തോടെയാണ് ആവശ്യം എന്ന് വിശദീകരിക്കുന്ന റെയിൽവേ, ബാറുകളെ കുറിച്ച് ഒന്നും മിണ്ടുന്നില്ല. ഇക്കഴിഞ്ഞ നവംബറിൽ വർക്കലയ്ക്ക് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്ന് ശ്രീക്കുട്ടി എന്ന യുവതിയെ തള്ളിയിട്ടത് പശ്ചാത്തലമാക്കിയാണ് റെയിൽവേയുടെ ആവശ്യം. ശ്രീക്കുട്ടി കേസിലെ പ്രതി സുരേഷ് മദ്യപിച്ചത് കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് കിലോമീറ്റർ അകലെയുള്ള ഏറ്റുമാനൂരിലെ ബാറിൽ നിന്നാണെന്ന വസ്തുത നിലനിൽക്കെ, സ്റ്റേഷനുകൾക്ക് സമീപം ബാറുകൾക്ക് ലൈസൻസ് നൽകരുതെന്ന ആവശ്യം റെയിൽവേ ഉയർത്തിയിട്ടില്ല. ട്രെയിന് നേരെ കല്ലെറിയൽ, ട്രാക്കിന് മുകളിൽ കല്ല് വെക്കൽ , മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾ നടത്തുന്നത് സ്റ്റേഷനുകൾക്ക് സമീപമുള്ള ബവ്റേജസ് ഔട്ട്‌ലെറ്റുകളിൽ നിന്ന് മദ്യo വാങ്ങി കുടിക്കുന്നവരാണെന്ന് റെയില്‍വേ ആരോപിക്കുന്നു. ആവശ്യം പക്ഷെ ബെവ്കോ തള്ളിക്കളഞ്ഞു. മദ്യപിച്ചവരെ തടയേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വം ആണെന്നാണ് ബെവ്കോ നിലപാട്. ട്രെയിനിലെ അതിക്രമങ്ങള്‍ക്ക് കാരണം സമീപത്തെ ബെവ്കോ ഔട്ട്ലെറ്റുകളോ ?