ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്ഐടിയുടെ നിര്‍ണായകനീക്കം. മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ ശനിയാഴ്ച, ക്രൈംബ്രാഞ്ച് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ സ്ഥിരീകരിച്ച കടകംപള്ളി, 2019ലെ മന്ത്രിയെന്ന നിലയില്‍ പറയാനുളളത് പറഞ്ഞെന്ന് പ്രതികരിച്ചു. ബോര്‍ഡ് എടുക്കുന്ന എല്ലാ കാര്യവും മന്ത്രി അറിയാറില്ലെന്നാണ് എസ്ഐടിക്ക് നല്കിയ മൊഴി. പോറ്റിയെ അറിയാം, പരിചയം ശബരിമലയില്‍ വച്ച്. സ്പോണ്സര് എന്ന പരിചയത്തിനപ്പുറം ഇടപാടുകള്‍ പോറ്റിയുമായി ഇല്ലെന്നും കടകംപള്ളി മൊഴി നല്കി. വെള്ളിയാഴ്ച മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെയും മൊഴിയെടുത്തു. സ്വര്‍ണക്കൊള്ളയിലെ അന്വേഷണം നേരിട്ട് സര്‍ക്കാരിലേക്ക് എത്തുന്നു എന്നതാണ് കടകംപള്ളിയുടെ ചോദ്യംചെയ്യലിന്റെ പ്രധാന്യം. വീണ്ടും ചോദ്യംചെയ്യലിന് വിളിപ്പിച്ചാല്‍ അറസ്റ്റിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. അങ്ങനെ വന്നാല്‍ സര്‍ക്കാര്‍ പ്രതിസന്ധിയിലാകും.