ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം വിപുലീകരിക്കാൻ ഹൈക്കോടതിയുടെ അനുമതി. ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്താനാണ് എസ്.ഐ.ടിക്ക് അനുമതി നൽകിയത്. കേസിൽ പത്മകുമാറിന്റെയും, ഗോവർദ്ധന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കാൻ ഹൈക്കോടതിയുടെ അവധിക്കാല സിംഗിൾ ബെഞ്ച് വിസമ്മതിച്ചു.
ശബരിമല സ്വർണക്കൊള്ള കേസിൽ ജോലിഭാരം ലഘൂകരിക്കാൻ കൂടുതൽ ഉദ്യോഗസ്ഥർ വേണം എന്നായിരുന്നു എസ്.ഐ.ടിയുടെ ആവശ്യം. ഈ ഉപഹർജിയാ ജസ്റ്റിസുമാരായ സിയാദ് റഹ്മാൻ, എം.ബി.സ്നേഹലത എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ച് അനുവദിച്ചത്. ഇൻസ്പെക്ടർ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരെ കൂടി അന്വേഷണസംഘത്തിൽ ഉൾപ്പെടുത്താം. സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസ് അടുത്ത തിങ്കളാഴ്ച ഹൈക്കോടതി ദേവസ്വം ബെഞ്ച് വീണ്ടും പരിഗണിക്കും. അന്നായിരിക്കും പ്രത്യേക അന്വേഷണസംഘം അടുത്ത ഇടക്കാല റിപ്പോർട്ട് സമർപ്പിക്കുക.
അതിനിടെ, കേസിൽ അറസ്റ്റിലായ എ.പത്മകുമാറിന്റെയും ഗോവർദ്ധന്റെയും ജാമ്യാപേക്ഷകൾ പരിഗണിക്കാൻ അവധിക്കാല സിംഗിൾ ബെഞ്ച് വിസമ്മതിച്ചു. ക്രിസ്മസ് അവധിക്ക് ശേഷം ജാമ്യാപേക്ഷകൾ പരിഗണിക്കുന്ന ബെഞ്ച് തന്നെ ഹർജികൾ പരിഗണിക്കട്ടെ എന്നാണ് ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിലപാടെടുത്തത്. അന്വേഷണം തണുപ്പൻ രീതിയിലല്ലേയെന്നും, ഒരു പരിധിക്ക് അപ്പുറം മുന്നോട്ടു പോകുന്നില്ലല്ലോയെന്നും മറ്റൊരു സിംഗിൾ ബെഞ്ചിന്റെ പരാമർശം ചൂണ്ടിക്കാട്ടി കോടതി ചോദിച്ചു. പെട്ടെന്ന് ജാമ്യം നൽകാനാകില്ലെന്നും, എല്ലാ പ്രതികളെയും പിടികൂടട്ടെയെന്നും കോടതി വാക്കാൽ പരാമർശിച്ചു. പ്രതികളുടെ ജാമ്യാപേക്ഷകൾ ക്രിസ്മസ് അവധിക്ക് ശേഷം ജസ്റ്റിസ് എ.ബദറുദിൻ്റെ ബെഞ്ച് പരിഗണിക്കും