ആള്‍ക്കൂട്ടം വിചാരണ നടത്തുന്നതും വിധി നടപ്പാക്കുന്നതും നിയമവാഴ്ചയുള്ള സമൂഹത്തില്‍ അംഗീകരിക്കാന്‍ കഴിയുന്നതല്ല. വാളയാറില്‍ അതിഥി തൊഴിലാളിയെ അതിക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവം അതുകൊണ്ടുതന്നെ സമൂഹമനഃസാക്ഷിയെ ഞെട്ടിക്കുന്നതാണ്. അട്ടപ്പാടിയിലെ മധുവിനെ ഇതുപോലെ ആള്‍ക്കൂട്ടം വിചാരണചെയ്തും ക്രൂരമായി മര്‍ദിച്ചും കൊലപ്പെടുത്തിയ വാര്‍ത്തകേട്ട് തലകുനിച്ചവരാണ് നമ്മള്‍. ദുരിതപൂര്‍ണമായ ജീവിതത്തില്‍ നിന്ന് കരകയറാനായാണ് രാംനാരായണന്‍ എന്ന ഛത്തീസ്ഗഡ് സ്വദേശി കേരളത്തിലെത്തിയത്. എത്ര ക്രൂരമായ മര്‍ദനത്തിനാണ് രാംനാരായണ്‍ ഇരയായതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമായി പറയുന്നുണ്ട്. അക്രമിസംഘത്തില്‍ സ്ത്രീകളടക്കം ഉണ്ടായിരുന്നു. കൊലയ്ക്കു പിന്നില്‍ ആര്‍.എസ്.എസ് എന്ന് സി.പി.എമ്മും കോണ്‍ഗ്രസും ആരോപിക്കുന്നു. പിടിയിലായ നാലുപേര്‍ ബി.ജെ.പി അനുഭാവികളെന്ന് പൊലീസും പറയുന്നുണ്ട്. ഒരാള്‍ സിഐടിയു പ്രവര്‍ത്തകനാണ്. കുടുംബത്തിന് നീതി ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറയുന്നു. ആള്‍കൂട്ട ആക്രമണത്തില്‍ കേരളം തലകുനിക്കണ്ടേ?