ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ ഇന്നലെ കെ.എസ്.യു നടത്തിയ പ്രതിഷേധം അതിരുവിട്ടോ? മന്ത്രിയെ ദേഹോപദ്രവമേല്‍പ്പിച്ചു എന്ന് സിപിഎം പറയുന്നത് സത്യമാണോ? കേരളം ചര്‍ച്ച ചെയ്യുന്ന പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നാണിത്. ഒരാള്‍ക്ക് ശാരീരികാസ്വാസ്ഥ്യം ഉണ്ടെന്ന് പറയുമ്പോള്‍ അതില്ല എന്ന് ഉറപ്പിച്ച് പറയാനൊന്നും നമുക്കാവില്ല, അതുകൊണ്ടുതന്നെ ആരോഗ്യമന്ത്രി ആശുപത്രിയില്‍ ചികിത്സ തേടിയതിനെ പരിഹസിക്കുന്നതിനോട് പൂര്‍ണയോജിപ്പില്ല. പക്ഷെ, മന്ത്രിയെ കെഎസ്‍യുക്കാര്‍ ദേഹോപദ്രവം ഏല്‍പ്പിച്ചോ, സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത് പോലെ കയ്യും കഴുത്തും പിടിച്ചു തിരിച്ചോ എന്ന സ്പെസിഫിക് ആയ ചോദ്യത്തിന് ഇല്ല എന്നുതന്നെയാണ് ഇതുവരെ പുറത്തുവന്ന തെളിവുകളില്‍നിന്ന് മനസിലാവുന്നത്. ആക്രമിക്കപ്പെട്ടതിന് തെളിവെന്ന് പറഞ്ഞ് സിപിഎം സൈബര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളിലും അങ്ങനെയൊരു ആക്രമണമില്ല. ഒരു വനിതാമന്ത്രിക്കെതിരെ ഈ രൂപത്തിലൊരു പ്രതിഷേധം വേണോ എന്ന ചോദ്യമുണ്ട്. പക്ഷേ, അപ്പോഴും മുന്‍കാലങ്ങളില്‍ കേരളം കണ്ടിട്ടേയില്ലാത്ത തരത്തിലുള്ള പ്രതിഷേധ രീതിയാണോ ഇന്നലെ കണ്ടത്? ഇത്തരം പ്രതിഷേധങ്ങള്‍ വേണോ എന്ന് എല്ലാ രാഷ്ട്രീയപാര്‍ട്ടികളും പുനരാലോചന നടത്തേണ്ടതാണോ? ഇന്നലെ കണ്ട ദൃശ്യങ്ങളില്‍നിന്ന് തെളിയുന്ന സത്യമെന്താണ്?